Daily Saints. - October 2025

October 23: വിശുദ്ധ ജോണ്‍ കാപ്പിസ്ട്രാനൊ

സ്വന്തം ലേഖകന്‍ 22-10-2024 - Tuesday

1386-ല്‍ ഇറ്റലിയിലെ അബ്രൂസ്സി എന്ന ഒരു പ്രവിശ്യയിലാണ് വിശുദ്ധ ജോണ്‍ കാപ്പിസ്ട്രാനൊ ജനിച്ചത്. ഒരു ജര്‍മ്മന്‍ പ്രഭു ആയിരുന്ന അദ്ദേഹത്തിന്റെ പിതാവ് വിശുദ്ധന്റെ ചെറുപ്പത്തില്‍ തന്നെ മരണപ്പെട്ടു. ജോണ്‍ ഒരു നിയമജ്ഞാനാവുകയും പെറൂജിയയിലെ ഗവര്‍ണര്‍ സ്ഥാനം നേടുകയും ചെയ്തു.

1416-ല്‍ പെറൂജിയയും മാലാടെസ്റ്റയും തമ്മില്‍ യുദ്ധം തുടങ്ങിയപ്പോള്‍ ജോണ്‍ സമാധാനം കൈവരുത്തുന്നതിനായി മധ്യസ്ഥ ശ്രമങ്ങള്‍ തുടങ്ങി. നിര്‍ഭാഗ്യവശാല്‍, അദ്ദേഹത്തിന്റെ എതിരാളികള്‍ സത്യം അവഗണിച്ചു കൊണ്ട് അദ്ദേഹത്തെ യുദ്ധ കുറ്റവാളിയായി തടവിലാക്കി. തന്റെ ഭാര്യയുടെ മരണത്തോടെ ഫ്രിയാര്‍ മൈനര്‍ സമൂഹത്തില്‍ ചേരുകയും അനുതാപത്തിലൂന്നിയ ജീവിതം നയിക്കുകയും ചെയ്തു.

ജോണ്‍ സിയന്നായിലെ വിശുദ്ധ ബെര്‍ണാര്‍ഡിന്റെ ശിഷ്യനായി തീരുകയും 1420-ല്‍ ശെമ്മാച്ചനായിരിക്കെ തന്നെ തന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയും ഏറെ താമസിയാതെ അറിയപ്പെടുന്ന ഒരു സുവിശേഷകനായി മാറുകയും ചെയ്തു. ലോകത്ത് ആത്മാക്കളുടെ മോക്ഷത്തിനായി പ്രവര്‍ത്തിക്കുവാന്‍ ശക്തരായ ആള്‍ക്കാരുടെ കുറവ് അനുഭവപ്പെട്ടുകൊണ്ടിരുന്ന ഒരു കാലമായിരുന്നു അത്.

30 ശതമാനത്തോളം ജനസംഖ്യ കറുത്ത മഹാമാരി എന്ന അസുഖത്താല്‍ മരണപ്പെടുകയും, അഭിപ്രായ ഭിന്നതയാല്‍ സഭ ഭിന്നിക്കപ്പെടുകയും, ഒരുപാടു ആള്‍ക്കാര്‍ സ്വയം മാര്‍പാപ്പയായി അവകാശപ്പെടുകയും ചെയ്തു കൊണ്ടിരിക്കുന്ന സമയമായിരുന്നു അത്.

ഒരു വൈദികന്‍ എന്ന നിലയില്‍ ജോണ്‍ - ഇറ്റലി, ജര്‍മ്മനി, ബൊഹേമിയ, ഓസ്ട്രിയ, ഹംഗറി, പോളണ്ട്, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ മുഴുക്കെ സഞ്ചരിച്ച് പതിനായിരകണക്കിന് ആള്‍ക്കാര്‍ക്ക് ദൈവ വചനം പകര്‍ന്ന് നല്‍കുകയും ഫ്രാന്‍സിസ്കന്‍ നവോത്ഥാന സമൂഹം രൂപപ്പെടുത്തുകയും ചെയ്തു. രോഗികളായവരെ കുരിശടയാളം വഴി സുഖപ്പെടുത്തിയിരുന്നതായി പറയപ്പെടുന്നു. അന്നത്തെ വിശ്വാസ സംബന്ധമായ വിഷയങ്ങളില്‍ ഒരുപാട് രചനകളും അദ്ദേഹം നടത്തിയിട്ടുണ്ട്.

കോണ്‍സ്റ്റാന്റിനോപ്പിളിന്‍റെ വീഴ്ചക്ക് ശേഷം അദ്ദേഹം തുര്‍ക്കി മുസ്ലീമുകള്‍ക്കെതിരായി കുരിശുയുദ്ധത്തിനു വേണ്ടി വാദിച്ചു. 70-മത്തെ വയസ്സില്‍ കാല്ലിസ്റ്റസ് രണ്ടാമന്‍ മാര്‍പാപ്പ വിശുദ്ധ ജോണിനെ കുരിശുയുദ്ധം നയിക്കുന്നതിനായി ചുമതലപ്പെടുത്തി. ഏതാണ്ട് 70,000-ഓളം വരുന്ന ക്രിസ്ത്യന്‍ പടയാളികളെയും നയിച്ചുകൊണ്ട് അദ്ദേഹം യുദ്ധമുഖത്തേക്ക് പോയി. 1456-ലെ വേനല്‍ക്കാലത്ത് ബെല്‍ഗ്രേഡില്‍ വച്ച് നടന്ന മഹാ യുദ്ധത്തില്‍ അദ്ദേഹം വിജയിച്ചു. കുറച്ച് കാലത്തിനു ശേഷം യുദ്ധഭൂമിയില്‍വച്ച് അദ്ദേഹം മരണപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ സൈന്യം യൂറോപ്പിനെ മുസ്ലിങ്ങളുടെ ആധിപത്യത്തില്‍ നിന്നും രക്ഷിച്ചിരിന്നു.

ഇതര വിശുദ്ധര്‍

1.ടസ്കനിലെ അല്ലൂസിയോ

2. ടൂള്‍ ബിഷപ്പായിരുന്ന അമോ

3. സെബാസ്റ്റയിലെ ബെനഡിക്ട്

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?


Related Articles »