News
ബുദ്ധമത വിശ്വാസം ഉപേക്ഷിച്ച് ക്രിസ്തുവിന്റെ മണവാട്ടിയായ സിസ്റ്റര്‍ അസൂന്ത ഭാരതത്തിലെ ദീര്‍ഘകാല സേവനത്തിന് ശേഷം ജപ്പാനിലേക്ക് മടങ്ങി
സ്വന്തം ലേഖകന്‍ 22-10-2016 - Saturday
മുംബൈ: തന്റെ നാല്‍പതു വര്‍ഷത്തെ നീണ്ട ഭാരത സേവനത്തിനൊടുവില്‍ സിസ്റ്റര്‍ അസൂന്ത നകാഡെ തിരികെ സ്വന്തം രാജ്യമായ ജപ്പാനിലേക്ക് ഇന്നലെ മടങ്ങി. 'ഹാന്‍ഡ്‌മെയ്ഡ് ഓഫ് ദ സേക്രഡ് ഹേര്‍ട്ട് ഓഫ് ജീസസ്' എന്ന കോണ്‍ഗ്രിഗേഷനിലെ അംഗമാണ് സിസ്റ്റര്‍ അസൂന്ത. ജപ്പാനിലെ ഒരു ബുദ്ധമത കുടുംബത്തില്‍ ജനിച്ച സിസ്റ്റര്‍ അസൂന്ത ക്രിസ്തു മാര്‍ഗത്തിലേക്ക് വന്നത് കത്തോലിക്ക വിശ്വാസത്തിന്റെ കരം പിടിച്ചാണ്.
1937-ല്‍ ടോക്കിയോയിലാണ് സിസ്റ്റര്‍ അസൂന്ത ജനിച്ചത്. മാതാപിതാക്കളും സഹോദരനും അടങ്ങുന്ന ചെറു കുടുംബമായിരുന്നു സിസ്റ്റര്‍ അസൂന്തയുടെത്. കികോ എന്നതായിരുന്നു സിസ്റ്റര്‍ അസൂന്തയുടെ ആദ്യത്തെ പേര്. ബുദ്ധമതവിശ്വാസത്തില്‍ ആണ് കികോ എന്ന പെണ്‍കുട്ടി വളര്‍ന്നു വന്നത്. പിതാവിന് ജോലി സംബന്ധമായി ജപ്പാന്റെ വിവിധ സ്ഥലങ്ങളിലേക്ക് ട്രാന്‍സ്ഫര്‍ സ്ഥിരമായി ലഭിച്ചതിനാല്‍ കികോയുടെ പഠനം പല സ്ഥലങ്ങളിലാണ് നടത്തപ്പെട്ടത്.
1949-ല്‍ കൊബേ എന്ന സ്ഥലത്ത് പ്രൈമറി സ്‌കൂളില്‍ പഠിക്കുമ്പോഴാണ് കികോ ക്രിസ്തുവിനെ കണ്ടുമുട്ടിയതെന്ന് പറയാം. തന്റെ അയല്‍വാസിയായ ഒരു കത്തോലിക്ക വിശ്വാസി ദേവാലയത്തിലേക്ക് പോകുന്നത് കികോ കണ്ടു. അയാളെ പിന്‍തുടര്‍ന്ന് കികോയും കത്തോലിക്ക ദേവാലയത്തിലേക്ക് എത്തിച്ചേര്‍ന്നു.
വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുശേഷിപ്പ് വണങ്ങുവാന്‍ ഉള്ള നീണ്ട നിരയാണ് ദേവാലയത്തില്‍ കികോയ്ക്ക് കാണുവാന്‍ സാധിച്ചത്. അവിടെ നിന്നപ്പോള്‍ എന്താണ് നടക്കുന്നതെന്ന് കികോയ്ക്ക് മനസിലായില്ലെങ്കിലും ഒരു പ്രത്യേക ശക്തി തന്നിലേക്ക് പ്രവഹിക്കുന്നതായി കികോയ്ക്ക് അനുഭവപ്പെട്ടു. വിശുദ്ധ ഫ്രാന്‍സിസ് സേവ്യറാണ് തന്നെ ക്രിസ്തുമാര്‍ഗത്തിലേക്ക് നയിച്ചതെന്ന് പിന്നീട് പലവട്ടം സിസ്റ്റര്‍ അസൂന്ത പറഞ്ഞിട്ടുണ്ട്.
പിതാവിന്റെ സ്ഥലമാറ്റത്തിന്റെ ഫലമായി കികോയ്ക്ക് വീണ്ടും സ്‌കൂള്‍ മാറേണ്ടി വന്നു. ഇത്തവണ അവള്‍ എത്തിപ്പെട്ടത് ഫ്രാന്‍സിസ്കന്‍ കന്യാസ്ത്രീകള്‍ നടത്തുന്ന ഒരു വിദ്യാലയത്തിലേക്കാണ്. കികോയെ സിസ്റ്റര്‍ അസൂന്തയാക്കി മാറ്റിയത് ഈ സ്‌കൂളാണ്. ഫ്രാന്‍സിസ് സേവ്യറുടെ തിരുശേഷിപ്പ് വണങ്ങുവാന്‍ പോയ ദിവസമുണ്ടായ അനുഭവം പിന്നീട് എല്ലാ ദിവസവും കികോയിലേക്ക് കടന്നു വന്നു. സ്വര്‍ഗീയ ആനന്ദവും, സമാധാനവും 13-കാരിയായ ബുദ്ധമതവിശ്വാസിനിയായ ഈ പെണ്‍കുട്ടിയിലേക്ക് കടന്നു ചെന്നു.
തനിക്ക് മാമോദിസ സ്വീകരിച്ച് ഒരു കത്തോലിക്ക വിശ്വാസിയാകണമെന്ന് കികോ വീട്ടില്‍ അറിയിച്ചു.
വ്യക്തിപരമായി ഒരാള്‍ക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കുന്നതില്‍ ഒരു തെറ്റുമില്ലെന്ന് വിശ്വസിച്ചിരുന്ന പിതാവ് അവളുടെ ആഗ്രഹത്തിന് സമ്മതം മൂളി. അങ്ങനെ 1950 ആഗസ്റ്റ് മാസം 15-ാം തീയതി കികോ മാമോദിസ സ്വീകരിച്ച് അസൂന്ത എന്ന പേരില്‍ കത്തോലിക്ക സഭയില്‍ അംഗമായി. ഒരു പക്ഷേ ആ തീയതിക്ക് അദൃശ്യമായ ഒരു ദൈവനിയോഗം കൂടി കാണാം. കാരണം സിസ്റ്റര്‍ അസൂന്ത ഭാവിയില്‍ സേവനം ചെയ്യാനിരിക്കുന്ന ഭാരതത്തിന്റെ മൂന്നാം സ്വാതന്ത്ര്യ ദിനം അന്നാണ് ആഘോഷിച്ചത്. തന്റെ ജീവിതം ക്രിസ്തുവിനു വേണ്ടി പൂര്‍ണമായി മാറ്റിവെക്കുവാന്‍ അസൂന്ത തീരുമാനമെടുത്തു.
രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ അമ്മയേയും സഹോദരനേയും മാമോദീസ വഴിയായി ക്രിസ്തുവിനു വേണ്ടി നേടുവാന്‍ അവള്‍ക്കായി. തന്റെ 19-ാം വയസില്‍, ജസ്യൂട്ട് സഭയിലെ ഒരു വൈദികന്‍ യോക്കോസൂക്കായിലുള്ള 'ഹാന്‍ഡ്‌മെയ്ഡ് ഓഫ് ദ സേക്രഡ് ഹേര്‍ട്ട് ഓഫ് ജീസസ്' എന്ന കോണ്‍വെന്റിലേക്ക് അസൂന്തയെ എത്തിച്ചു. തന്നെ നിരന്തരം ക്രിസ്തു വിളിച്ചിരുന്നത് എന്തിനാണെന്ന് അവിടെവച്ച് അവള്‍ തിരിച്ചറിഞ്ഞു. കന്യാസ്ത്രീയാകുവാനുള്ള പഠനം തുടങ്ങിയ അസൂന്തയ്ക്ക് എല്ലാ ദിവസവും ദിവ്യകാരുണ്യ നാഥനെ വണങ്ങുവാനും ആരാധിക്കുവാനുമുള്ള ഭാഗ്യം ലഭിച്ചു.
1962 നവംബര്‍ 13-ാം തീയതി തന്റെ കന്യാസ്ത്രീയാകുവാനുള്ള പഠനം ആരംഭിച്ച അസൂന്ത 1965 ഫെബ്രുവരി 11-ന് തന്റെ വൃതവാഗ്ദാനം നടത്തി. പഠനം എല്ലാം പൂര്‍ത്തീകരിച്ച് 1972 ആഗസ്റ്റ് മാസം 15-ാം തീയതി അസൂന്ത നിത്യവൃതവാഗ്ദാനം നടത്തി. അന്നേ ദിവസമാണ് ഭാരതം 25-ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത്. തന്റെ ജീവിതത്തിലെ ഈ ആഗസ്റ്റ് 15-ന്റെ പ്രത്യേകതകള്‍ ഒരുപക്ഷേ അന്നൊന്നും സിസ്റ്റര്‍ അസൂന്ത മനസിലാക്കിയിരുന്നില്ല.
ഡബ്ലിനില്‍ നിന്നും മോണ്ടിസോറി ടീച്ചേര്‍ഴ്‌സ് ട്രെയിനിംഗ് പൂര്‍ത്തീകരിച്ച സിസ്റ്റര്‍ അസൂന്ത മറ്റൊരു കന്യാസ്ത്രീയുടെ പകരക്കാരിയായിട്ടാണ് ഭാരത മണ്ണിലേക്ക് വന്നത്. ചില വീസാ പ്രശ്‌നങ്ങള്‍ കാരണം ഒരു കന്യാസ്ത്രീക്ക് ഭാരതത്തിലേ സേവനത്തിന് വരുവാന്‍ സാധിച്ചില്ല. പകരക്കാരിയായി കോണ്‍ഗ്രിഗേഷന്‍ നിയോഗിച്ചത് സിസ്റ്റര്‍ അസൂന്തയെ ആണ്. അത് ദൈവത്തിന്റെ വലിയ പദ്ധതിയാണെന്ന് സിസ്റ്റര്‍ പറയുന്നു. 1976 ജൂലൈ ആറാം തീയതി അവര്‍ ഭാരത മണ്ണില്‍ കാല്‍കുത്തി. ജൂഹുവിലെ ദില്‍ഖുഷ് കോണ്‍വെന്റിലേ സ്‌കൂളില്‍ അധ്യാപികയായിട്ടായിരിന്നു സിസ്റ്റര്‍ അസൂന്ത തന്റെ സേവനം ആരംഭിച്ചത്.
അഞ്ചു കന്യാസ്ത്രീമാരുള്ള ഒരു ചെറു കോണ്‍വെന്റായിരുന്നു ജൂഹുവിലുണ്ടായിരുന്നത്. പഠനവൈകല്യവും, ശാരീരിക ബുദ്ധിമുട്ടുകളും, മാനസിക പ്രശ്‌നങ്ങളുമുള്ള കുട്ടികളെയാണ് സിസ്റ്റര്‍ അസൂന്ത പഠിപ്പിച്ചിരുന്നത്. ആദ്യമൊക്കെ ഏറെ ശ്രമകരമായിരുന്നു തന്റെ ജോലിയെന്ന് അവര്‍ ഓര്‍മ്മിക്കുന്നു. എന്നാല്‍, ക്രിസ്തുവിന് തന്നെ കുറിച്ചുള്ള ഉദ്ദേശം തിരിച്ചറിഞ്ഞ അവര്‍ ഊര്‍ജസ്വലതയോടെ സേവനത്തില്‍ മുഴുകി. വൈകല്യങ്ങളെ മറികടക്കുവാനും ലോകത്തെ നേരിടുവാനും അവര്‍ പതിനായിരക്കണക്കിന് കുട്ടികളെ, തന്റെ അധ്യാപന ജീവിതത്തിലൂടെ പ്രാപ്തയാക്കി.
2014 വരെ ജൂഹുവിലെ മോണ്ടിസോറി ട്രേയിനിംഗ് കോളജില്‍ ഒരധ്യാപികയായി സിസ്റ്റര്‍ അസൂന്ത തുടര്‍ന്നു. തന്റെ 79-ാം വയസിലും അനേകര്‍ക്ക് സാന്ത്വനമാകാന്‍ സിസ്റ്റര്‍ അസൂന്ത രോഗികള്‍ക്കിടയില്‍ സന്ദര്‍ശനങ്ങള്‍ നടത്തുമായിരുന്നു. വൈകല്യമുള്ള കുട്ടികള്‍ക്കും രോഗികള്‍ക്കും ആലംബഹീനര്‍ക്കും ഒരുപോലെ ആശ്വാസമേകാന്‍ സിസ്റ്റര്‍ അസൂന്തക്കു സാധിച്ചു. ആശുപത്രികളില്‍ വേദന അനുഭവിക്കുന്ന എയ്ഡ്‌സ് രോഗികള്‍ക്ക് അവര്‍ ഏറെ ആശ്വാസം പകര്‍ന്നു. പാവങ്ങള്‍ക്ക് സഹായത്തിന്റെ കരങ്ങള്‍ അവര്‍ നീട്ടി നല്‍കി.
ദീര്‍ഘ നാള്‍ താന്‍ സേവിച്ച മണ്ണിനെ വിട്ട് സ്വന്തം രാജ്യത്തേക്ക് സിസ്റ്റര്‍ അസൂന്ത ഇന്നലെ മടങ്ങി. എന്നാല്‍ ഭാരത്തില്‍ അവര്‍ എന്നും ഓര്‍മിക്കപ്പെടും. ലോകത്തെ നേരിടുവാന്‍ വൈകല്യമുള്ള കുട്ടികളെ പ്രാപ്തരാക്കിയതിന്റെ പേരില്‍. രോഗികള്‍ക്ക് ആശ്വാസമായി കൂട്ടിരുന്നതിന്റെ പേരില്‍. അനേകര്‍ക്ക് അറിവ് പകര്‍ന്ന് നല്കിയതിന്റെ പേരില്‍. സിസ്റ്റര്‍ അസൂന്ത എന്നും ഓര്‍ക്കപ്പെടുക തന്നെ ചെയ്യും.