News - 2024
പ്രത്യാശ നഷ്ടപ്പെട്ടവരായി മാറരുത്: തടവുകാരോട് ഫ്രാന്‍സിസ് മാര്‍പാപ്പ
സ്വന്തം ലേഖകന്‍ 07-11-2016 - Monday
വത്തിക്കാന്‍: തടവുകാര്‍ പ്രതീക്ഷ നഷ്ടപ്പെട്ടവരായി മാറരുതെന്നും, തെറ്റുകള്‍ ക്ഷമിക്കുന്ന സ്വര്‍ഗീയ പിതാവിനെ മുറുകെ പിടിച്ച് മുന്നോട്ടു നീങ്ങണമെന്നും ഫ്രാന്‍സിസ് പാപ്പ. കരുണയുടെ ജൂബിലി വര്‍ഷത്തിന്റെ ഭാഗമായി തടവില്‍ കഴിയുന്നവര്‍ക്കു വേണ്ടി പ്രത്യേക കുര്‍ബാന അര്‍പ്പിച്ചു സംസാരിക്കുകയായിരിന്നു അദ്ദേഹം. ഈ മാസം 20-നു കരുണയുടെ ജൂബിലി വര്‍ഷം സമാപിക്കാനിരിക്കെയാണ് 'ജൂബിലി ഫോര്‍ പ്രിസണേഴ്‌സ്' എന്ന പേരില്‍ ശുശ്രൂഷ നടന്നത്.
പന്ത്രണ്ടു രാജ്യങ്ങളില്‍ നിന്നുള്ള ആയിരത്തോളം തടവുകാരാണ് ജൂബിലി ഫോര്‍ പ്രിസണേഴ്‌സില്‍ പങ്കെടുക്കുന്നതിനായി സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലേക്ക് എത്തിച്ചേര്‍ന്നത്. കുറ്റവാളികള്‍ എല്ലാ കാലത്തും അങ്ങനെ തന്നെ തുടരുമെന്നുള്ള സമൂഹത്തിന്റെ ധാരണയെ പാപ്പ വിമര്‍ശിച്ചു. ഒരു സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുവാന്‍ കുറ്റവാളികള്‍ക്കും സാധ്യമാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.
മക്കബായരുടെ രണ്ടാം പുസ്തകത്തില്‍ പരാമര്‍ശിക്കുന്ന ഏഴു സഹോദരന്‍മാരുടെ ഭാഗത്തു നിന്നുമാണ് പാപ്പ തന്റെ പ്രസംഗം ആരംഭിച്ചത്. തങ്ങളെ വീണ്ടും ഉയര്‍ത്താന്‍ കഴിവുള്ള ദൈവത്തില്‍ ആണ് അവര്‍ പ്രത്യാശ വച്ചിരിന്നതെന്ന് പാപ്പ പറഞ്ഞു. ദൈവം മരിച്ചവരുടെ ദൈവമല്ലെന്നും, ജീവിച്ചിരിക്കുന്നവരുടെ ദൈവമാണെന്നും ക്രിസ്തു സദൂക്കായരോട് പറയുന്നുണ്ട്. പാപത്തിന്റെ ഏത് അവസ്ഥയില്‍ ആയിരുന്നാലും കര്‍ത്താവ് കൈവെടിയുകയില്ലെന്നും പരിശുദ്ധ പിതാവ് ചൂണ്ടികാണിച്ചു.
"ദൈവം കരുണയുള്ളവനാണ്. ധൂര്‍ത്തപുത്രന്റെ ഉപമയിലെ പിതാവിനെ പോലെ നഷ്ടപ്പെട്ടു പോയ തന്റെ മക്കളുടെ മടങ്ങിവരവിനു വേണ്ടി അവിടുന്ന് പ്രത്യാശപൂര്‍വ്വം കാത്തിരിക്കുന്നു. ദൈവത്തിന് നമ്മേ കുറിച്ച് പ്രത്യാശയുള്ളത് പോലെ, നമ്മിലുള്ള പ്രത്യാശ നാം ഒരിക്കലും നഷ്ടപ്പെടുത്തരുത്. മുന്നോട്ട് പോകാന്‍ പ്രത്യാശയാണ് നമ്മേ നയിക്കുന്നത്. ജീവിതത്തിന്റെ ക്ലേശകരമായ സാഹചര്യങ്ങള്‍ മാറുമെന്ന വിശ്വാസം നമ്മേ മുന്നോട്ട് നയിക്കണം. പുതുവഴികള്‍ ദൈവം നമുക്കായി തുറക്കും". പാപ്പ പറഞ്ഞു.
"ഓരോ തവണയും ഞാന്‍ ജയില്‍ സന്ദര്‍ശിക്കുമ്പോഴും എന്തുകൊണ്ടാണ് ഇവര്‍ ജയിലിലായതെന്നും, ഞാന്‍ എന്തുകൊണ്ടാണ് പുറത്ത് സ്വതന്ത്രനായി നടക്കുന്നതെന്നും ചിന്തിക്കാറുണ്ട്. ഒരു നിമിഷത്തെ പാകപിഴയാണ് ഇവരെ ജയിലിലാക്കിയത്. ഏതു നിമിഷവും ആര്‍ക്കും ഇത് സംഭവിക്കാം. ചെറിയ തെറ്റുകള്‍ക്ക് വലിയ വിലയാണ് നല്‍കേണ്ടിവരിക. ജീവിതത്തില്‍ അക്രമത്തിനും, ബുദ്ധിമുട്ടുകള്‍ക്കും വിധേയരായവര്‍ അത് ചെയ്തവരോട് ക്ഷമിക്കാനുള്ള മനസലിവ് കൂടി കാണിക്കണം. ദൈവം നമ്മുടെ എത്രയോ തെറ്റുകളാണ് ക്ഷമിച്ചിരിക്കുന്നത്". പാപ്പ കൂട്ടിച്ചേര്‍ത്തു.
തടവുകാര്‍ക്കു വേണ്ടി പരിശുദ്ധ അമ്മ മാധ്യസ്ഥം വഹിക്കട്ടെയെന്നും, ഹൃദയങ്ങളിലേറ്റ മുറിവുകളെ സൗഖ്യമാക്കുവാന്‍ സഹായിക്കട്ടെയെന്നും പറഞ്ഞാണ് പരിശുദ്ധ പിതാവ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്.