News - 2024
അപൂര്‍വ്വ രോഗങ്ങള്‍ ബാധിച്ചവരെയും അവഗണിക്കപ്പെട്ട് കഴിയുന്നവരെയും സ്മരിക്കാന്‍ വത്തിക്കാനില്‍ പ്രത്യേക കോണ്‍ഫറന്‍സ്
സ്വന്തം ലേഖകന്‍ 08-11-2016 - Tuesday
വത്തിക്കാന്‍: അപൂര്‍വ്വ രോഗങ്ങള്‍ ബാധിച്ചവരെയും വിവിധ രോഗങ്ങളാല്‍ അവഗണിക്കപ്പെട്ട് കഴിയുന്നവരോടുമുള്ള അനുകമ്പയും ഐക്യദാർഢ്യവും പ്രഖ്യാപിച്ച് കൊണ്ട് വത്തിക്കാനില്‍ പ്രത്യേക കോണ്‍ഫറന്‍സ് നടത്തപ്പെടും. ഇത്തരം രോഗാവസ്ഥയില്‍ കഴിയുന്നവരോടുള്ള സഭയുടെ കരുതലും ഐക്യവും പ്രകടിപ്പിക്കുന്നതിനായാണ് പ്രത്യേക കോണ്‍ഫറന്‍സ് നടത്തുന്നത്. പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ഹെല്‍ത്ത് കെയര്‍ വര്‍ക്കേഴ്‌സിന്റെ ആഭിമുഖ്യത്തിലാണ് ഈ മാസം 10 മുതല്‍ 12 വരെ പ്രത്യേക കോണ്‍ഫറന്‍സ് നടത്തുന്നത്.
പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ഹെല്‍ത്ത് കെയര്‍ വര്‍ക്കേഴ്‌സിന്റെ സെക്രട്ടറിയായ മോണ്‍സിഞ്ചോര്‍ ജീന്‍ മാരീയാണ് യോഗത്തിന്റെ വിവരങ്ങള്‍ പരസ്യപ്പെടുത്തിയത്. കരുണയുടെ ജൂബിലി വര്‍ഷത്തിന്റെ ഭാഗമായിട്ടാണ് കോണ്‍ഫറന്‍സ് നടത്തപ്പെടുന്നത്. രണ്ടായിരം വര്‍ഷത്തോളമായി സഭ രോഗികള്‍ക്കു വേണ്ടി നടത്തുന്ന ശുശ്രൂഷയെ നന്ദിപൂര്‍വ്വം ഓര്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സേവനദാതാക്കളായി സഭയ്ക്ക് മാറുവാന്‍ സാധിച്ചത് ശുശ്രൂഷ മനോഭാവം കൊണ്ടാണെന്നും അദ്ദേഹം ചൂണ്ടികാട്ടി.
രണ്ടായിരത്തില്‍ ഒരാള്‍ക്ക് മാത്രം ബാധിക്കുന്ന രോഗത്തെയാണ് അപൂര്‍വ്വമായ രോഗം എന്ന് ലോകാരോഗ്യ സംഘടന വിശേഷിപ്പിച്ചിരിക്കുന്നത്. അയ്യായിരത്തിനും എണ്ണായിരത്തിനും ഇടയിലുള്ള രോഗാണുക്കള്‍ ഇത്തരം അപൂര്‍വ്വ രോഗം പരത്തുന്നവയാണെന്നും പഠനങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്. പ്രാധാന്യമില്ലായെന്ന് സമൂഹം കരുതുന്ന പലതരം രോഗങ്ങള്‍ 400 മില്യണ്‍ ആളുകള്‍ക്ക് ബാധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍. ഇവരില്‍ ഭൂരിഭാഗവും ഉഷ്ണമേഖലാ പ്രദേശത്ത് വസിക്കുന്നവരാണ്.
2015-ല്‍ കെനിയയില്‍ ഐക്യരാഷ്ട്ര സഭയുടെ ഒരു യോഗത്തില്‍ പങ്കെടുത്തുകൊണ്ട് മലേറിയ, ക്ഷയം തുടങ്ങിയ രോഗങ്ങള്‍ അടിയന്തര പ്രാധാന്യത്തോടെ തുടച്ചു നീക്കേണ്ടവയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ അഭിപ്രായപ്പെട്ടിരുന്നു. രാഷ്ട്രീയ, സാമ്പത്തിക താല്‍പര്യങ്ങള്‍ എല്ലാം മാറ്റി നിര്‍ത്തി ഇത്തരം രോഗങ്ങള്‍ക്കെതിരെ ഒരുമിച്ച് നിന്ന് പോരാടണമെന്നും പാപ്പ അന്ന് ഓര്‍മ്മിപ്പിച്ചു.
ഈ മാസം 10-ാം തീയതി ആരംഭിക്കുന്ന കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന രോഗികളേയും, ബന്ധുക്കളേയും ഫ്രാന്‍സിസ് മാര്‍പാപ്പ അവസാന ദിവസം നേരില്‍ എത്തി സന്ദര്‍ശിക്കും. അയ്യായിരത്തോളം പേര്‍ പങ്കെടുക്കുന്ന കോണ്‍ഫറന്‍സിന്റെ സമാപന യോഗം നടക്കുന്നത് പോള്‍ ആറാമന്‍ ഹാളില്‍ വച്ചാണ്.