News - 2024
ഡൊണാള്‍ഡ് ട്രംപിന് ആശംസകള്‍ നേര്‍ന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി
സ്വന്തം ലേഖകന്‍ 10-11-2016 - Thursday
വത്തിക്കാന്‍: പുതിയതായി തെരഞ്ഞെടുക്കപ്പെട്ട അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് ആശംസകള്‍ നേരുന്നതായി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയട്രോ പരോളിന്‍. സ്വന്തം രാജ്യത്തെ മനോഹരമായി സേവിക്കുവാനും, ലോകത്തില്‍ സമാധാനവും ക്ഷേമവും കൊണ്ടുവരുവാനും അദ്ദേഹത്തിന് സാധിക്കട്ടെയെന്നു കര്‍ദിനാള്‍ പരോളിന്‍ തന്റെ ആശംസയില്‍ പറഞ്ഞു. റോമിലെ ലാറ്ററന്‍ സര്‍വകലാശാലയില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കുവാന്‍ എത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് തന്റെ പ്രതികരണം കര്‍ദിനാള്‍ അറിയിച്ചത്.
"പുതിയ പ്രസിഡന്റിനെ ഞങ്ങളുടെ അഭിനന്ദനം അറിയിക്കുന്നു. ഫലവത്തായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുവാന്‍ അദ്ദേഹത്തിന്റെ സര്‍ക്കാരിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. ജനാധിപത്യ സംവിധാനത്തെ ഏറ്റവും മനോഹരമായി ഉപയോഗപ്പെടുത്തിയ അമേരിക്കന്‍ ജനതയേയും അഭിനന്ദിക്കുന്നു. കുടിയേറ്റ നിയമത്തിലും, മറ്റു വിഷയങ്ങളിലും ഡോണാള്‍ഡ് ട്രംപ് മുന്‍പു പറഞ്ഞ കാര്യങ്ങളിലുള്ള, അഭിപ്രായ വ്യത്യാസത്തെ കാര്യമാക്കേണ്ടതില്ല. കാരണം, രാജ്യത്തിന്റെ പ്രസിഡന്റായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ പ്രസംഗം ഒരു നല്ല നേതാവിന്റെ രീതിയിലാണ്". കര്‍ദിനാള്‍ പിയട്രോ പരോളിന്‍ പറഞ്ഞു.
ട്രംപിനു വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുമെന്നും കര്‍ദിനാള്‍ പിയട്രോ പരോളിന്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. ലോകത്തില്‍ സമാധാനവും സന്തോഷവും ഉണ്ടാകുന്ന തീരുമാനങ്ങള്‍ കൈക്കൊള്ളുവാന്‍ സര്‍വ്വ ശക്തനായ ദൈവം അദ്ദേഹത്തെ തുണയ്ക്കുമെന്നും കര്‍ദിനാള്‍ പിയട്രോ പ്രത്യാശ പ്രകടിപ്പിച്ചു.