News - 2024

രോഗികള്‍ക്കും തടവില്‍ കഴിയുന്നവര്‍ക്കും ആശ്വാസം പകരുന്നവരായി ക്രൈസ്തവര്‍ മാറണം: ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 10-11-2016 - Thursday

വത്തിക്കാന്‍: ഏകാന്തതയിലും വേദനയിലും കഴിയുന്ന രോഗികള്‍ക്കും തടവറയില്‍ കഴിയുന്നവര്‍ക്കും ആശ്വാസമേകുന്നവരായി ക്രൈസ്തവര്‍ മാറണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ബുധനാഴ്ചതോറും നടത്താറുള്ള തന്റെ പൊതുപ്രസംഗത്തിലാണ് കാരുണ്യം ഏറെ ആഗ്രഹിക്കുന്ന രോഗികളേ കുറിച്ചും, തടവുകാരെ കുറിച്ചും മാര്‍പാപ്പ സൂചിപ്പിച്ചത്. രോഗികളേയും, തടവുകാരേയും സന്ദര്‍ശിക്കുന്നത് വഴി അവര്‍ക്ക് മാത്രമല്ല ആശ്വാസം നല്‍കുന്നതെന്നും, സഹനങ്ങള്‍ സഹിക്കുന്ന ക്രിസ്തുവിനേ തന്നെയാണ് ഈ പ്രവര്‍ത്തിയിലൂടെ നാം ആശ്വസിപ്പിക്കുന്നതെന്നും പാപ്പ വിശദീകരിച്ചു.

"രോഗികളേയും, തടവില്‍ കഴിയുന്നവരേയും സന്ദര്‍ശിക്കുക എന്നത് പുരാതന കാലം മുതല്‍ക്കേ നിലനില്‍ക്കുന്ന ഒരു കാരുണ്യ പ്രവര്‍ത്തിയാണ്. ഈ കാരുണ്യ പ്രവര്‍ത്തിക്ക് എത്രകാലം കഴിഞ്ഞാലും പ്രസക്തി നഷ്ടപ്പെടുന്നില്ല. സ്വാതന്ത്ര്യമില്ലാത്ത അവസ്ഥ മനുഷ്യരുടെ കഠിനമായ വേദനകളിലൊന്നാണ്. ഇത്തരക്കാര്‍ക്ക് സന്ദര്‍ശനത്തിലൂടെ ആശ്വാസം പകര്‍ന്നു നല്‍കുവാന്‍ സാധിക്കുന്നത് മികച്ച കാരുണ്യപ്രവര്‍ത്തിയാണ്". പാപ്പ പറഞ്ഞു.

മനുഷ്യത്വം മരവിച്ച ജീവിതാവസ്ഥയിലാണ് ഇന്നത്തെ പല തടവറകളെന്നും പാപ്പ ചൂണ്ടികാണിച്ചു. മാനുഷിക പരിഗണന ആഗ്രഹിക്കുന്നവരുടെ ആവശ്യത്തെ മനസിലാക്കി വേണം ക്രൈസ്തവര്‍ പ്രവര്‍ത്തിക്കേണ്ടത്. ക്രിസ്തുവിന്റെ പരസ്യജീവിതകാലം നിരന്തരമുള്ള കൂടിക്കാഴ്ചയുടെതായിരുന്നു. അതില്‍ സവിശേഷമായൊരു സ്ഥാനം രോഗികള്‍ക്കായിരുന്നു.

തളര്‍വാതരോഗി, അന്ധന്‍, കുഷ്ഠരോഗി, പിശാചുബാധിതന്‍, അപസ്മാര ബാധിതന്‍ തുടങ്ങി അനേകര്‍ക്ക് സമീപസ്ഥനായിരുന്ന യേശു അവിടുത്തെ സാന്നിധ്യത്താലും സൗഖ്യദായകശക്തിയാലും എ​ല്ലാ രോഗികളെയും സുഖപ്പെടുത്തി. അതിനാല്‍ തന്നെ നാം ചെയ്യുന്ന കാരുണ്യപ്രവൃത്തികളില്‍ രോഗീസന്ദര്‍ശനത്തിന്‍റെയും രോഗീപരിചരണത്തിന്‍റെയും ഈ പ്രവര്‍ത്തി തുടരണം.

രോഗികളെ ഒരിക്കലും തനിയെ ഉപേക്ഷിച്ചു കളയരുത്. നമ്മുടെ സാന്നിധ്യം അവര്‍ക്ക് ആശ്വാസം പകരുന്നതാണെന്ന് നാം ഉറപ്പാക്കണം. ആശുപത്രികള്‍ സഹനങ്ങളുടെ കത്തീഡ്രലുകളാണെന്ന കാര്യം നാം തിരിച്ചറിയണം. ആശുപത്രികളിലോ വീടുകളിലൊ രോഗികളെ സന്ദര്‍ശിക്കുന്നതിനായി സമയം കണ്ടെത്തുന്നവര്‍ എത്രയേറെയാണ്! ഈ സന്നദ്ധസേവനം അമൂല്യമാണ്". പാപ്പ പറഞ്ഞു.

പാദുവയില്‍ നിന്നും വത്തിക്കാനിലേക്കെത്തിയ ഒരു സംഘം തടവുകാരുമായുള്ള തന്റെ അനുഭവവും പാപ്പ തന്റെ പ്രസംഗത്തില്‍ വെളിപ്പെടുത്തി. "തടവുകാര്‍ക്കുവേണ്ടിയുള്ള പ്രത്യേക കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ എത്തിയ അവരോട്, മടങ്ങിപോകുന്നതിനു മുമ്പ് ഏതു സ്ഥലമാണ് കാണുന്നതെന്ന് ഞാന്‍ ചോദിച്ചു. എന്നെ അത്ഭുതപ്പെടുത്തികൊണ്ട് അവര്‍ മറുപടി പറഞ്ഞത് പൗലോസും, പത്രോസും കാരാഗൃഹ വാസം അനുഭവിച്ച മാമെര്‍ത്തിനൊയിലെ ജയിലിലേക്ക് പോകാന്‍ താല്‍പര്യപ്പെടുന്നുവെന്നാണ്". ഫ്രാന്‍സിസ് പാപ്പ വിവരിച്ചു.

തടവിലായിരിക്കുമ്പോഴും, പ്രാര്‍ത്ഥനയ്ക്കും സുവിശേഷത്തിനും ശക്തിയുണ്ടെന്നതിന്റെ ജീവിക്കുന്ന ഉദാഹരണമാണ് അവരുടെ ഈ ഉത്തരമെന്നും പാപ്പ ചൂണ്ടികാണിച്ചു. ക്രിസ്തുവിന്റെ പാത ശ്രദ്ധയോടെ പിന്‍തുടര്‍ന്ന് സാത്താന്റെ കെണിയില്‍ വീഴാതെ കാരുണ്യത്തിന്റെ മാര്‍ഗത്തില്‍ സഞ്ചരിക്കുവാനും പാപ്പ കേള്‍വിക്കാരോട് ആഹ്വാനം ചെയ്തു. തന്റെ പ്രസംഗത്തിനു ശേഷം ഇറ്റലിയില്‍ നിന്നുമുള്ള ഒരു സംഘം സൈനികരുടെ കൂടെ പ്രത്യേകം ഫോട്ടോ എടുക്കുന്നതിനും മാര്‍പാപ്പ സമയം കണ്ടെത്തി.


Related Articles »