News - 2024

ശാസ്ത്രജ്ഞര്‍ക്കു വേണ്ടിയുള്ള പ്രഥമ 'ഗോള്‍ഡന്‍ മാസ്' 15-ാം തീയതി എംഐടി ചാപ്പലില്‍ അര്‍പ്പിക്കപ്പെടും

സ്വന്തം ലേഖകന്‍ 11-11-2016 - Friday

വാഷിംഗ്ടണ്‍: അടുത്തിടെ അമേരിക്കയിലുള്ള കത്തോലിക്ക വിശ്വാസികളായ ശാസ്ത്രജ്ഞര്‍ ചേര്‍ന്നു രൂപീകരിച്ച 'സൊസൈറ്റി ഓഫ് കാത്തലിക് സൈന്റിസ്റ്റി'ന്റെ നേതൃത്വത്തില്‍ ശാസ്ത്രജ്ഞര്‍ക്ക് വേണ്ടിയുള്ള പ്രത്യേക വിശുദ്ധ കുര്‍ബാന ഈ മാസം 15-ാം തീയതി മസാച്യൂസെറ്റ്‌സ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജിയുടെ(എംഐടി) ചാപ്പലില്‍ നടത്തപ്പെടും. 'ഗോള്‍ഡന്‍ മാസ്' എന്ന പേരിലാണ് ശാസ്ത്ര സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു വേണ്ടി അര്‍പ്പിക്കപ്പെടുന്ന ഈ വിശുദ്ധ കുര്‍ബാന അറിയപ്പെടുന്നത്.

പതിമൂന്നാം നൂറ്റാണ്ടില്‍ അഭിഭാഷകര്‍ക്കും, നിയമ നിര്‍മ്മാതാക്കള്‍ക്കും വേണ്ടി 'റെഡ് മാസ്' അര്‍പ്പിച്ചിരുന്നു. 1930-ല്‍ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി 'വൈറ്റ് മാസും', ഇതേ വര്‍ഷം തന്നെ നിയമനിര്‍വ്വഹണ നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കായി 'ബ്ലൂ മാസും' അര്‍പ്പിക്കുന്ന പതിവ് ആരംഭിച്ചിരുന്നു.

ശാസ്ത്രത്തില്‍ ഗവേഷണ ബിരുദം കരസ്ഥമാക്കുമ്പോള്‍ നല്‍കുന്ന ഗ്രാജുവേഷന്‍ ക്യാപ്പില്‍ സ്വര്‍ണ നിറത്തിലുള്ള നൂലുകള്‍ കാണപ്പെടുന്നതിനാലും, ശാസ്ത്രജ്ഞരുടെ മധ്യസ്ഥനായ വിശുദ്ധ ആല്‍ബര്‍ട്ട് ദ ഗ്രേറ്റ് അടിസ്ഥാന ലോഹങ്ങളില്‍ നിന്നും സ്വര്‍ണം നിര്‍മ്മിക്കാന്‍ ഗവേഷണം നടത്തിയിരുന്നതിനാലുമാണ് 'ഗോള്‍ഡന്‍ മാസ്' എന്ന പേര് സംഘടന തെരഞ്ഞെടുത്തത്.

പ്രഥമ ഗോള്‍ഡന്‍ മാസിന് ഡൊമനിക്കന്‍ വൈദികനായ ഫാദര്‍ നിക്കാനോര്‍ ഔസ്ട്രിയാക്കോ മുഖ്യകാര്‍മ്മികത്വം വഹിക്കും. മസാച്യൂസെറ്റ്‌സ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നും മോളിക്യൂലാര്‍ ബയോളജിയിലും, സ്വിറ്റ്‌സര്‍ലാന്റിലെ ഫ്രൈബോര്‍ഗ് സര്‍വ്വകലാശാലയില്‍ നിന്നും ദൈവശാസ്ത്രത്തിലും പിഎച്ച്ഡി കരസ്ഥമാക്കിയ വ്യക്തികൂടിയാണ് ഫാദര്‍ നിക്കാനോര്‍ ഔസ്ട്രിയാക്കോ.

"വലിയ ഒരു സംഘം യുവാക്കളുടെ ഇന്നത്തെ ഏറ്റവും വലിയ ആശയക്കുഴപ്പം ശാസ്ത്രത്തെ തെരഞ്ഞെടുക്കണോ, അതോ വിശ്വാസത്തെ തെരഞ്ഞെടുക്കണമോ എന്നതാണ്. എന്നാല്‍, ഇത്തരം ഒരു ചിന്തയ്ക്കു പ്രാധാന്യമില്ലയെന്ന വസ്തുതയാണ് ഞങ്ങള്‍ക്കു പറയുവാനുള്ളത്". ഫാദര്‍ നിക്കോനോര്‍ ഓസ്ട്രിയാക്കോ പറഞ്ഞു.

ശാസ്ത്രത്തിന്റെ തെറ്റായ വസ്തുതകളില്‍ നിന്നും സംരക്ഷിക്കുവാന്‍ മതത്തിനു സാധിക്കുമെന്നും മത വിശ്വാസങ്ങളുടെ തെറ്റുകളില്‍ നിന്നും അബദ്ധധാരണകളില്‍ നിന്നും ശുദ്ധീകരിക്കുവാന്‍ ശാസ്ത്രത്തിനു കഴിയുമെന്നും വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പറഞ്ഞിട്ടുണ്ട്.

"ദൈവത്തിന്റെ സൃഷ്ടിയെ കൂടുതലായി പഠിക്കുവാനാണ് നാം ശാസ്ത്രത്തെ ഉപയോഗിക്കുന്നത്. നമ്മുടെ ഇത്തരം ശാസ്ത്ര പ്രവര്‍ത്തനങ്ങളിലൂടെ ദൈവം തന്നെയാണ് അവയെയെല്ലാം നമുക്കായി വെളിവാക്കുന്നതും". ഗോള്‍ഡന്‍ മാസുമായി ബന്ധപ്പെട്ടു ബോസ്റ്റര്‍ അതിരൂപതയുടെ മുഖപത്രമായ 'ദ പൈലറ്റില്‍' വന്ന ലേഖനത്തില്‍ പറയുന്നു.


Related Articles »