News - 2024
ക്രൈസ്തവ പ്രസിദ്ധീകരണങ്ങള്‍ നേരിടുന്ന പ്രധാന പ്രതിസന്ധി പ്രാദേശിക എഴുത്തുകാരുടെ ലഭ്യത കുറവ്: യൂനസ് അമീര്‍
സ്വന്തം ലേഖകന്‍ 15-11-2016 - Tuesday
ലാഹോര്‍: പാക്കിസ്ഥാനിലെ ക്രൈസ്തവ പ്രസിദ്ധീകരണങ്ങള്‍ നേരിടുന്ന പ്രധാന പ്രതിസന്ധി പ്രാദേശിക എഴുത്തുകാരുടെ ലഭ്യത കുറവാണെന്ന് യൂനസ് അമീര്‍. പാക്കിസ്ഥാനിലെ പ്രശസ്ത ക്രൈസ്തവ പ്രസിദ്ധീകരണ സ്ഥാപനമായ 'മശീഹി ഇസ്ഹാത്ത് കഹാന'യുടെ സീനിയര്‍ എഡിറ്ററാണ് യൂനസ് അമീര്‍.
ക്രൈസ്തവ എഴുത്തുകാരുടെ ശില്‍പശാലയില്‍ സംസാരിക്കുമ്പോഴാണ് യൂനസ് അമീര്‍ ക്രൈസ്തവ പ്രസിദ്ധീകരണങ്ങള്‍ നേരിടുന്ന പ്രശ്‌നത്തെ കുറിച്ച് പറഞ്ഞത്. ഇക്കഴിഞ്ഞ എട്ടാം തീയതി ആരംഭിച്ച ശില്‍പ്പശാല പന്ത്രണ്ടാം തീയതിയാണ് സമാപിച്ചത്.
"ഇപ്പോള്‍ പാക്കിസ്ഥാനില്‍ പ്രസിദ്ധീകരിക്കുന്ന ബഹുഭൂരിപക്ഷം ക്രൈസ്തവ ലേഖനങ്ങളും, മറ്റു ഭാഷകളില്‍ നിന്നും വിവര്‍ത്തനം ചെയ്യപ്പെടുന്നവയാണ്. പ്രാദേശികമായ ഭാഷയില്‍ ലേഖനങ്ങളും, വാര്‍ത്തകളും എഴുതുന്നവര്‍ വളരെ വിരളമാണ്. ഇതു മൂലം പ്രാദേശിക വാര്‍ത്തകളും ലേഖനങ്ങളും പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുവാന്‍ തടസം നേരിടുന്നു. ക്രൈസ്തവ വിശ്വാസത്തെ സംബന്ധിക്കുന്ന പുസ്തകങ്ങള്‍ പാക്കിസ്ഥാനില്‍ ലഭിക്കുന്നില്ലെന്ന പ്രശ്‌നവും ഗുരുതരമാണ്'. യൂനസ് അമീര്‍ പറഞ്ഞു.
ക്രൈസ്തവ ലേഖനങ്ങള്‍ എഴുതുന്ന 20 എഴുത്തുകാരാണ് ശില്‍പ്പശാലയില്‍ പങ്കെടുത്തത്. ലാഹോറിനു സമീപം സ്ഥിതി ചെയ്യുന്ന ബാഹറിലെ ബൈബിള്‍ സ്റ്റഡി സെന്ററിലാണ് അഞ്ചു ദിവസം നീണ്ടു നിന്ന ശില്‍പ്പശാല നടന്നത്. പാക്കിസ്ഥാനിലെ ഔദ്യോഗിക ഭാഷയായ ഉര്‍ദുവില്‍ ലേഖനങ്ങള്‍ എഴുതുന്നതിനുള്ള പരിശീലനമാണ് ശില്‍പ്പശാലയില്‍ പ്രധാനമായും നടത്തപ്പെട്ടത്.