News

കരുണയുടെ ജൂബിലി വര്‍ഷം സഭാ വ്യത്യാസമില്ലാതെ എല്ലാ ക്രൈസ്തവരെയും സ്വാധീനിച്ചതായി ആംഗ്ലിക്കൻ സഭ

സ്വന്തം ലേഖകന്‍ 15-11-2016 - Tuesday

ലണ്ടന്‍: ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച കരുണയുടെ ജൂബിലി വര്‍ഷം സഭാ വ്യത്യാസമില്ലാതെ എല്ലാ ക്രൈസ്തവരെയും സ്പര്‍ശിച്ചതായി കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി. വെസ്റ്റ്മിന്‍സ്റ്റര്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ തുറക്കപ്പെട്ട കരുണയുടെ വാതില്‍ അടയ്ക്കുന്ന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരിന്നു അദ്ദേഹം. ജൂബിലി വര്‍ഷം മരുഭൂമിയില്‍ കണ്ടെത്തിയ ജലസമൃദ്ധിക്കു തുല്യമാണെന്ന്‍ അദ്ദേഹം പറഞ്ഞു.

വിശുദ്ധ ജോണ്‍ ഇരുപത്തി മൂന്നാമന്റെ വാക്കുകള്‍ അനുസ്മരിച്ചാണ് ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി തന്റെ പ്രസംഗം നടത്തിയത്. കാരുണ്യ പ്രവര്‍ത്തികള്‍ക്ക് എതിരായി നില്‍ക്കുന്ന പാപങ്ങളില്‍ നിന്നും ദുഷ്ടശക്തികളില്‍ നിന്നും സഭയെ സംരക്ഷിക്കുന്നത് പരിശുദ്ധാത്മാവിന്റെ ശക്തിയാണെന്ന് വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്‍, രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ പറഞ്ഞിരുന്നു. അമ്പതു വര്‍ഷത്തിന് ശേഷം ആഗോള സഭയില്‍ കാരുണ്യം പ്രവഹിക്കുന്ന നടപടിക്ക് ഫ്രാന്‍സിസ് പാപ്പ നേതൃത്വം വഹിച്ചു. ഇത് മരുഭൂമിയില്‍ കണ്ടെത്തിയ ജലസമൃദ്ധിക്കു തുല്യമാണ്".

"കരുണയുടെ മനോഭാവം നഷ്ട്ടപ്പെട്ട ഒരു സമൂഹത്തിലാണ് ഇന്ന് നാം ജീവിക്കുന്നത്. ഈ സമയത്തു തന്നെ പാപ്പ കരുണയുടെ ജൂബിലി വര്‍ഷം പ്രഖ്യാപിച്ചതെന്ന കാര്യം ഏറെ ശ്രദ്ധേയമാണ്. അഭയാര്‍ത്ഥികളുടെ കാര്യത്തിലും, തെരഞ്ഞെടുപ്പ് പ്രചാരണത്തിലും, സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകളിലുമെല്ലാം നാം മറ്റുള്ളവരോട് കാരുണ്യം കാണിക്കണം. ഇവിടെയെല്ലാം ഇപ്പോള്‍ കരുണ ലഭിക്കാത്ത അവസ്ഥ നിലനില്‍ക്കുന്നുണ്ട്'. അദ്ദേഹം പറഞ്ഞു. കാരുണ്യത്തിന്റെ വാതിലിലൂടെ അപ്പുറത്തേക്കു കടക്കുമ്പോള്‍ നാം കാണുന്ന ലോകത്തിന്റെ കാഴ്ചകള്‍ വ്യത്യാസമുള്ളതായി മാറുമെന്നും ആഗ്ലിക്കൻ സഭയുടെ മുഖ്യ ആര്‍ച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

കരുണയുടെ വാതില്‍ അടക്കുന്ന ചടങ്ങുകള്‍ക്ക് കര്‍ദിനാള്‍ വിന്‍സന്റ് നിക്കോള്‍സ് മുഖ്യകാര്‍മ്മികത്വം വഹിച്ചു. വിശുദ്ധ വാതിലിന്റെ മുന്നില്‍ എത്തിയ ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോളാസിനൊപ്പം മുട്ടുകുത്തി നിന്ന് പ്രാര്‍ത്ഥിച്ചു. യുകെയിലെ വിവിധ സഭാവിഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികളും നൂറുകണക്കിന് വിശ്വാസികളും ചടങ്ങില്‍ പങ്കെടുത്തു.