News - 2024
വിശുദ്ധ കുര്‍ബാന മധ്യേ ഈശോയുടെ തിരുരക്തമായി മാറിയ വീഞ്ഞ് ഉപയോഗിച്ചതിന് മൂന്നു ക്രൈസ്തവരെ ഇറാനിലെ കോടതി 80 ചാട്ടയടിക്ക് വിധിച്ചു
സ്വന്തം ലേഖകന്‍ 17-11-2016 - Thursday
ടെഹ്‌റാന്‍: വിശുദ്ധ കുര്‍ബാന മധ്യേ ഈശോയുടെ തിരുരക്തമായി മാറിയ വീഞ്ഞ് ഉപയോഗിച്ചതിന് മൂന്നു ക്രൈസ്തവ വിശ്വാസികള്‍ക്ക് 80 ചാട്ടയടി നല്‍കുവാന്‍ ഇറാനിലെ ഷരിയ കോടതി വിധിച്ചു. ഇസ്ലാം മതവിശ്വാസം ഉപേക്ഷിച്ച് ക്രൈസ്തവരായി മാറിയ യാസര്‍ മോസിബ്‌സായഹ്, ഷാഹബ് ഫദായി, മുഹമ്മദ് റിസ ഒമിദി എന്നിവരെയാണ് മുസ്ലീം കോടതി ശിക്ഷിച്ചത്. മൂവരേയും പരസ്യമായി 80 ചാട്ടയടിക്ക് വിധേയരാക്കുവാനാണ് ഷരിയ കോടതി വിധിച്ചിരിക്കുന്നത്.
ഇറാനിലെ റാഷ്ദ് എന്ന പ്രദേശത്ത് വീട്ടില്‍ നടത്തിയ വിശുദ്ധ കുര്‍ബാന മധ്യേ വീഞ്ഞ് ഉപയോഗിച്ചുവെന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. വീഞ്ഞ് ഒരു ലഹരിയുള്ള വസ്തുവാണെന്നും, ഇറാനിലെ നിയമപ്രകാരം ഇത് ഉപയോഗിക്കുവാന്‍ പാടില്ലെന്നുമാണ് പോലീസ് പറയുന്നത്. ക്രിസ്തു, തന്റെ അന്ത്യത്താഴ വേളയില്‍ കാണിച്ചു തന്ന മാതൃകയനുസരിച്ചാണ് ക്രിസ്ത്യാനികൾ വിശുദ്ധ കുര്‍ബാന മധ്യേ വീഞ്ഞ് ഉപയോഗിക്കുന്നത്. ഈ വീഞ്ഞ് ദിവ്യബലിയിൽ വൈദികന്റെ പ്രാർത്ഥനയിലൂടെ ഈശോയുടെ തിരുരക്തമായി മാറുന്നു. ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ രണ്ടായിരം വര്‍ഷങ്ങള്‍ക്ക് ശേഷവും പിന്‍തുടരുന്ന രീതിയാണിത്. ഇതില്‍ മാറ്റം വരുത്തുവാന്‍ ആര്‍ക്കും സാധിക്കുകയില്ല. ഇത്തരം വസ്തുകള്‍ നിലനില്‍ക്കേയാണ് മുടന്തന്‍ ന്യായങ്ങളും, നിയമവും പറഞ്ഞ് ക്രൈസ്തവ വിശ്വാസികളെ ചാട്ടയടിക്ക് ഇറാനിലെ മുസ്ലീം മതകോടതി വിധിച്ചിരിക്കുന്നത്. ഇപ്പോള്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നവരെ വിശുദ്ധ കുര്‍ബാന മധ്യേയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഏറെ നാള്‍ മൂവരേയും വിചാരണ നടത്തുവാനെന്ന പേരില്‍ ജയിലില്‍ അടയ്ക്കുകയും ചെയ്തിരുന്നു. ഇതിനു പുറമേയാണ് ഇപ്പോഴുള്ള 80 ചാട്ടയടി.
ഇറാനിലെ പൗരന്‍മാര്‍ക്ക് അവരുടെ സ്വന്തം വിശ്വാസത്തില്‍ ജീവിക്കുവാനുള്ള സാഹചര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തു നല്‍കണമെന്ന് ക്രിസ്ത്യന്‍ ചാരിറ്റി റിലീസ് ഇന്റര്‍നാഷണല്‍ ചീഫ് എക്‌സിക്യൂട്ടീവ് പോള്‍ റോബിന്‍സണ്‍ ആവശ്യപ്പെട്ടു. "എന്തുകൊണ്ടാണ് ഇറാനില്‍ ക്രൈസ്തവര്‍ക്ക് മാത്രം ചാട്ടയടി എല്ലായ്‌പ്പോഴും ഏല്‍ക്കേണ്ടി വരുന്നത്. പൗരന്‍മാര്‍ക്ക് സ്വന്തം വിശ്വാസം തെരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം ഭരണകൂടം അനുവദിച്ചു നല്‍കണം. ശിക്ഷിക്കപ്പെട്ട മനുഷ്യര്‍ അവരെ തന്നെ ക്രൈസ്തവര്‍ എന്ന് വിളിക്കുവാന്‍ ആഗ്രഹിക്കുന്നു. അവരുടെ സ്വന്തം തെരഞ്ഞെടുപ്പിനെ സര്‍ക്കാര്‍ അംഗീകരിക്കുകയാണ് ചെയ്യേണ്ടത്", പോള്‍ റോബിന്‍സണ്‍ പറഞ്ഞു.
കണക്കുകള്‍ പ്രകാരം 108 ഇറാനി ക്രൈസ്തവരെയാണ് വിശ്വാസത്തിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം മാത്രം അറസ്റ്റ് ചെയ്തത്. ഇവരില്‍ 90 പേരെയും പരസ്യമായ ചാട്ടയടിക്ക് മതകോടതി ശിക്ഷിക്കുകയും ചെയ്തിരുന്നു. സാധാരണ രീതിയില്‍ ആരോഗ്യവാനായ ഒരു മനുഷ്യന്‍ 7 മുതല്‍ 10 ചാട്ടയടി ശരിരത്തില്‍ പതിക്കുമ്പോള്‍ തന്നെ കുഴഞ്ഞു വീഴും.
ഒരു വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കുവാനായി ലോകത്തിന്റെ ചില ഭാഗങ്ങളിൽ ക്രിസ്ത്യാനികൾ നിരവധി പീഡനങ്ങളാണ് ഏൽക്കേണ്ടിവരുന്നത്. വിശുദ്ധ കുർബ്ബാനയിലെ ഈശോയുടെ സാന്നിധ്യം തിരിച്ചറിഞ്ഞതുകൊണ്ടാണ് അവിടുത്തെ തിരുശരീരം ഭക്ഷിക്കുവാനും തിരുരക്തം പാനം ചെയ്യുവാനും ജീവൻ പോലും പണയപ്പെടുത്തി ഇക്കൂട്ടർ ദിവ്യബലിയിൽ പങ്കെടുക്കുന്നത്. ഇവർ ഏറ്റെടുക്കുന്ന ത്യാഗങ്ങൾ ലോകം മുഴുവനുമുള്ള ക്രിസ്ത്യാനികൾക്ക് എക്കാലവും പ്രചോദനമായിരിക്കും.