News - 2024

നവ കര്‍ദിനാളുമാരുടെ സ്ഥാനാരോഹണം നടന്നു

സ്വന്തം ലേഖകന്‍ 20-11-2016 - Sunday

വത്തിക്കാന്‍: കഴിഞ്ഞ മാസം ഫ്രാന്‍സിസ് പാപ്പ തിരഞ്ഞെടുത്ത പുതിയ കര്‍ദിനാളുമാരുടെ സ്ഥാനാരോഹണം ഇന്നലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്നു. പതിനാല് രാജ്യങ്ങളില്‍ നിന്നായി പതിനേഴ് പുതിയ കര്‍ദിനാളുമാരാണ് ഇന്നലെ സ്ഥാനാരോഹണത്തിലൂടെ ഉയര്‍ത്തപ്പെട്ടത്. പ്രാരംഭ പ്രാര്‍ത്ഥനകള്‍ക്കും, വിശുദ്ധ ഗ്രന്ഥപാരായണത്തിനും സുവിശേഷ പ്രഭാഷണത്തിനും ശേഷമാണ് സ്ഥാനാരോഹണം നടന്നത്.

നവ കര്‍ദ്ദിനാളന്മാര്‍ 14 രാജ്യക്കാരാണെങ്കിലും 12 രാജ്യങ്ങളുടെ ഔദ്യോഗിക പ്രതിനിധിസംഘങ്ങളാണ് കണ്‍സിസ്റ്ററിയില്‍ പങ്കുകൊണ്ടത്. കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടവരില്‍ 13 പേര്‍ 80 വയസില്‍ താഴെ പ്രായമുള്ളവരാണ്. മാര്‍പാപ്പയെ തെരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവില്‍ പങ്കെടുത്ത് വോട്ടു ചെയ്യാനുള്ള അവകാശം ഇവര്‍ക്കുണ്ട്. ഇന്ന്‍ കരുണയുടെ ജൂബിലി വര്‍ഷത്തിന്റെ സമാപന കുര്‍ബാനയിലും തിരുകര്‍മ്മങ്ങളിലും നവകര്‍ദ്ദിനാളന്മാര്‍ സഹകാര്‍മ്മികരായിരിക്കും.

ഇന്നലെ സ്ഥാനാരോഹണത്തിലൂടെ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടവര്‍- ആർച്ച് ബിഷപ്പ് ബൽത്താസർ എൻറികെ പോറസ് കാർഡോസ (മെരിദ–വെനസ്വേല), ആർച്ച് ബിഷപ്പ് യോസഫ് ഡി കെസൽ (മാലിനെസ്–ബ്രസൽസ്–ബെൽജിയം), ആർച്ച് ബിഷപ്പ് ബ്ലേസ് കപിച്ച് (ചിക്കാഗോ–അമേരിക്ക), ആർച്ച് ബിഷപ്പ് സെർജിയോ ഡ റോച്ച (ബ്രസീലിയ–ബ്രസീൽ), ആർച്ച് ബിഷപ്പ് പാട്രിക് ഡി റൊസാരിയോ (ധാക്ക–ബംഗ്ലാദേശ്), ആർച്ച് ബിഷപ്പ് വില്യം ടോബിൻ(ഇന്ത്യാനപോലിസ്–അമേരിക്ക), ആർച്ച് ബിഷപ്പ് കെവിൻ ഫാരൽ(ഡാളസ്–അമേരിക്ക), ആർച്ച് ബിഷപ്പ് മാരിയോ സെനാരി (സിറിയയിലെ വത്തിക്കാൻ സ്‌ഥാനപതി–ഇറ്റലി), ആർച്ച് ബിഷപ്പ് ഡീഡോൺ എൻസാപാലെയ്ൻഗ (സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്).

ആർച്ച് ബിഷപ്പ് കാർലോസ് ഒസാരോ സിയേര (മാഡ്രിഡ്–സ്പെയിൻ), ആർച്ച് ബിഷപ്പ് മോറിസ് പിയാറ്റ് (പോർട്ട് ലൂയിസ്–മൗറീഷ്യസ്), ആർച്ച് ബിഷപ്പ് കാർലോസ് അഗ്വിയർ റെറ്റസ് (ടിലാൽനെപാന്റ്ല–മെക്സിക്കോ), ആർച്ച് ബിഷപ്പ് ജോൺ റിബാറ്റ്(പോർട്ട് മോഴ്സ്ബി–പാപ്പുവ ന്യൂ ഗിനി). ആർച്ച് ബിഷപ്പ് എമരിറ്റസ് സെബാസ്റ്റ്യൻ കോട്ടോ ഖോറായി (മൊഹാൽസ് ഹോക്ക്, ലെസോത്തോ), ആർച്ച് ബിഷപ്പ് എമരിറ്റസ് ആന്റണി സോട്ടർ ഫെർണാണ്ടസ് (ക്വാലാലംപുർ–മലേഷ്യ), ആർച്ച് ബിഷപ്പ് എമരിറ്റസ് റെനാറ്റോ കോർട്ടി (നൊവാര–ഇറ്റലി), ഫാ. ഏണസ്റ്റ് സിമോണി (അൽബേനിയ).