News - 2024

വൈദികരുടെ പണത്തോടുള്ള അത്യാഗ്രഹവും മോശമായ പെരുമാറ്റവും ദൈവജനം ക്ഷമിയ്ക്കുകയില്ലെന്ന് ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 20-11-2016 - Sunday

വത്തിക്കാന്‍: സാമ്പത്തിക താല്‍പര്യങ്ങള്‍ വച്ചു പുലര്‍ത്തുന്ന പുരോഹിതരോടു വിശ്വാസ സമൂഹം ക്ഷമിക്കുകയില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വെള്ളിയാഴ്ച സാന്താ മാര്‍ത്തയില്‍ വിശുദ്ധ ബലി മധ്യേ നടത്തിയ പ്രസംഗത്തില്‍ സംസാരിക്കുകയായിരിന്നു അദ്ദേഹം. ദേവാലയത്തിലെ കച്ചവടക്കാരെ ക്രിസ്തു പുറത്താക്കുന്ന ഭാഗമാണ് തന്റെ സുവിശേഷ വായനയ്ക്കായി പാപ്പ തെരഞ്ഞെടുത്തത്.

പണമെന്നത് ദൈവരാജ്യത്തെ നശിപ്പിക്കുന്ന വിത്താണെന്ന്‍ ക്രിസ്തുവിന്റെ പ്രവര്‍ത്തിയില്‍ നിന്നും തന്നെ നമുക്ക് മനസിലാക്കുവാന്‍ സാധിക്കുമെന്ന് പാപ്പ പറഞ്ഞു.

"ദൈവജനം വൈദികരോട് ക്ഷമിക്കാത്ത രണ്ടു തെറ്റുകളാണുള്ളത്. വൈദികര്‍ക്ക് പണത്തോടുള്ള അമിതമായ സ്‌നേഹമാണ് അതില്‍ ഒന്നാമത്തേത്. രണ്ടാമത് പുരോഹിതരുടെ മോശമായ പെരുമാറ്റം. പുരോഹിതരുടെ ഭാഗത്തു നിന്നും വരുന്ന മറ്റെല്ലാ തെറ്റുകളും ദൈവജനം ക്ഷമിക്കുക തന്നെ ചെയ്യും. എന്നാല്‍ മേല്‍പറഞ്ഞ രണ്ടെണ്ണം അവര്‍ പൊറുക്കില്ല". പാപ്പ പറഞ്ഞു.

പഴയ നിയമത്തില്‍ യാക്കോബിന്‍റെ ഭാര്യ അവളുടെ ആരാധന മൂര്‍ത്തിയെ ആരും കാണാതെ കൂടെ കൊണ്ടുനടക്കുന്നതിനെ കുറിച്ചും മാര്‍പാപ്പ തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ലൗകീകമായ ഒരു ദൈവത്തിന്റെ സങ്കല്‍പ്പത്തിലാണ് റാഹേല്‍ ആശ്രയം കണ്ടെത്തിയതെന്നും അവിടെ അവള്‍ക്ക് പിഴച്ചുവെന്നും പാപ്പ പറഞ്ഞു.

"പലപ്പോഴും പുരോഹിതരുടെ ജീവിതാവസാന കാലങ്ങളില്‍ അവര്‍ക്കു ചുറ്റും കഴുകന്‍മാരെ പോലെ കൂടിനില്‍ക്കുന്ന ബന്ധുക്കളെ കാണാറുണ്ട്. പുരോഹിതന്റെ പക്കല്‍ നിന്നും എന്തെല്ലാം കൈവശമാക്കാം എന്നതാണ് അവരുടെ ചിന്ത. ഒരു പുരോഹിതന്‍ എന്ന നിലയില്‍ ദൈവത്തോടാണോ, അതോ റാഹേലിനെ പോലെ ലൗകിക കാര്യങ്ങളോടാണോ നിങ്ങള്‍ക്ക് താല്‍പര്യം. ശാന്തമായി പുരോഹിതര്‍ ചിന്തിക്കണം". പാപ്പ പറഞ്ഞു.

ക്രൈസ്തവരുടെ ദാരിദ്ര അവസ്ഥയെ ശരിയായി മനസിലാക്കുവാന്‍ പുരോഹിത ശുശ്രൂഷ ചെയ്യുന്നവര്‍ക്ക് സാധിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെയാണ് പാപ്പ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.