News - 2024
ചൈനയില്‍ കരുണയുടെ ജൂബിലി വര്‍ഷത്തിന്റെ സമാപന ദിന ആഘോഷത്തിൽ പങ്കെടുത്തത് പതിനായിരത്തിലധികം വിശ്വാസികള്‍; ചടങ്ങില്‍ 5 വൈദികര്‍ അഭിഷിക്തരായി
സ്വന്തം ലേഖകന്‍ 22-11-2016 - Tuesday
ഹന്‍ദാന്‍: കരുണയുടെ ജൂബിലി വര്‍ഷത്തിന്റെ സമാപന ദിനത്തില്‍ ചൈനയിലെ ഹന്‍ദാനില്‍ പതിനായിരക്കണക്കിനു കത്തോലിക്ക വിശ്വാസികള്‍ ഒത്തുകൂടി. ജൂബിലി വര്‍ഷത്തിന്റെ സമാപന ചടങ്ങുകളോട് ചേര്‍ന്നു പുതിയതായി അഞ്ചു പേര്‍ തിരുപട്ടം സ്വീകരിച്ച് സഭയുടെ അജപാലന ദൗത്യത്തിലേക്ക് പ്രവേശിച്ചപ്പോള്‍ വിശ്വാസികള്‍ക്കു ഇത് പുതിയ അനുഭവമായി.
സൈമണ്‍ ജിന്‍ ജിങ്ങ്ചോങ്, ജോസഫ് ജി ജിങ്ങ്ചോങ്, പോള്‍ ഡായ് സിയാങ്ഗ്ലു, ജോണ്‍ വു ഷാങ്വാങ് തുടങ്ങിയവരാണ് തിരുപട്ടം സ്വീകരിച്ചത്. ഡാമിംഗ് കൌണ്ടിയിലെ ഹന്‍ദാനില്‍ സ്ഥിതി ചെയ്യുന്ന 'ഔര്‍ ലേഡി ഓഫ് ഗ്രേഷ്യസ്' ദേവാലയത്തിലാണ് തിരുപട്ട ശുശ്രൂഷകള്‍ നടന്നത്. രാവിലെ 9 മണിക്ക് ആരംഭിച്ച ജൂബിലി വര്‍ഷത്തിന്റെ സമാപന ശുശ്രൂഷകള്‍ക്ക് ഹന്‍ദാന്‍ ബിഷപ്പ് മോണ്‍സിഞ്ചോര്‍ ജോസഫ് സണ്‍ ജിജന്റെ നേതൃത്വം നല്‍കി.
തിരുപട്ട ശുശ്രൂഷകള്‍ക്കു ബിഷപ്പ് എമിരിറ്റസ് മോണ്‍സിഞ്ചോര്‍ സ്റ്റീഫന്‍ യാംഗ് സിയാംഗ്താ മുഖ്യകാര്‍മ്മികത്വം വഹിച്ചു. 110-ല്‍ അധികം വൈദികരും നിരവധി സെമിനാരി വിദ്യാര്‍ത്ഥികളും, കന്യാസ്ത്രീകളും ചടങ്ങുകളില്‍ സംബന്ധിക്കുവാന്‍ എത്തിയിരുന്നു. പൌരോഹിത്യ സ്വീകരണത്തിന് സാക്ഷ്യം വഹിക്കുവാന്‍ സമീപ ദേവാലയങ്ങളില്‍ നിന്നും ദൂരെ നിന്നും ആയിരകണക്കിന് വിശ്വാസികളും എത്തിയിരിന്നു.
പുതിയതായി സ്ഥാനമേറ്റ വൈദികര്‍ തങ്ങളുടെ പ്രതിജ്ഞ വാചകം ഏറ്റുചൊല്ലിയപ്പോള്‍ വിശ്വാസികള്‍ക്കു അത് പ്രതീക്ഷയുടെ പുത്തന്‍ അനുഭവമായി. നവവൈദികരുടെ മാതാപിതാക്കളും ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി എത്തിയിരുന്നു. മക്കള്‍ ദൈവത്തിന്റെ ദാനമാണെന്നും, അവരെ ദൈവത്തിന്റെ ശുശ്രൂഷയ്ക്കായി സമര്‍പ്പിക്കുന്നതില്‍ തങ്ങള്‍ക്ക് തെല്ലും ഭയമില്ലെന്നും അവര്‍ പറഞ്ഞു.