News - 2024
ദൈവത്തില്‍ ആശ്രയിച്ച് ജീവിക്കുന്നവര്‍ക്ക് മരണത്തെയും അന്തിമ വിധിയെയും ഭയപ്പെടേണ്ടി വരില്ല: ഫ്രാന്‍സിസ് പാപ്പ
സ്വന്തം ലേഖകന്‍ 23-11-2016 - Wednesday
വത്തിക്കാന്‍: ദൈവത്തില്‍ പൂര്‍ണ്ണമായും ശരണപ്പെട്ട് വിശ്വസ്തതയോടെ ജീവിക്കുന്നവര്‍ക്ക് മരണവും, അന്തിമ വിധിയും ഭയത്തോടെ നോക്കി കാണേണ്ട വരില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഡോമസ് സാന്ത മാര്‍ത്തയിലെ ചാപ്പലില്‍ വിശുദ്ധ ബലിയര്‍പ്പിച്ചു സംസാരിക്കുകയായിരിന്നു അദ്ദേഹം. കര്‍ത്താവ് നമുക്ക് ദാനമായി നല്‍കിയ വിവിധ താലന്തുകളെ, എങ്ങനെയാണ് ഉപയോഗപ്പെടുത്തിയതെന്ന് അവന്‍ നമ്മോട് ഒരുനാള്‍ തീര്‍ച്ചയായും ചോദിക്കുമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ പ്രസംഗത്തില്‍ പറഞ്ഞു.
"മരണത്തെ കുറിച്ചും, അന്തിമ വിധി ദിവസത്തെ കുറിച്ചും ചിന്തിക്കുന്നത് നല്ലതാണ്. ക്രിസ്തു എത്രയോ നല്ല ദാനങ്ങള്‍ നമുക്ക് നല്‍കിയിരിക്കുന്നു. ഇവയെല്ലാം എങ്ങനെയാണ് ഉപയോഗപ്പെടുത്തിയതെന്ന് ഒരു ദിവസം അവിടുന്ന് നമ്മോടു തീര്‍ച്ചയായും ചോദിക്കും. മരണത്തോളം നാം വിശ്വസ്തരായിരിക്കണം. വിശ്വസ്തര്‍ക്കുള്ള ജീവന്റെ കീരിടം കര്‍ത്താവ് നമ്മേ തീര്‍ച്ചയായും ധരിപ്പിക്കും. എന്നാല്‍, ഇത്തരമൊരു വിശ്വാസമില്ലാത്ത പലരേയും ഞാന്‍ കണ്ടിട്ടുണ്ട്". മാര്‍പാപ്പ പറഞ്ഞു.
തന്റെ ബാല്യകാലത്ത് വേദപാഠ ക്ലാസില്‍ ഉണ്ടായ അനുഭവവും പാപ്പ വിശുദ്ധ ബലിക്ക് എത്തിയവരോട് പങ്കുവച്ചു. "ബാല്യത്തില്‍ ആയിരുന്നപ്പോള്‍ വേദപാഠ ക്ലാസ്സുകളില്‍ അധ്യാപകര്‍ ഞങ്ങളെ പറഞ്ഞു പഠിപ്പിച്ചിരുന്ന നാലു വാക്കുകളുണ്ടായിരുന്നു. മരണം, ന്യായവിധി, നരകം, നിത്യത എന്നിവയായിരിന്നു അവ. എന്നാല്‍, ചില കുട്ടികള്‍ ഇത്തരം കാര്യങ്ങള്‍ തങ്ങളെ ഭയപ്പെടുത്തുവാന്‍ അധ്യാപകരും വൈദികരും വെറുതെ പറയുന്നതാണെന്ന് വിശ്വസിച്ചിരുന്നു".
"എന്നാല്‍ വൈദികര്‍ ഇത്തരം കുട്ടികളെ വീണ്ടും ഉപദേശിക്കുകയും, സത്യം അവര്‍ക്കായി പങ്കുവയ്ക്കുകയും ചെയ്തു. ദൈവം നിങ്ങളുടെ ഹൃദയത്തില്‍ വസിക്കുന്നുണ്ടെന്നും, അവനെ കുറിച്ച് നിങ്ങള്‍ മറന്നു പോയാല്‍ അവിടുന്ന് നിങ്ങളില്‍ നിന്നും ദൂരേയ്ക്കു മാറി പോകുമെന്നും വൈദികര്‍ വിശദീകരിച്ചു. ദൈവം ദൂരേയ്ക്ക് മാറുന്ന സ്ഥലത്ത് നിത്യതയില്ല. അവിടെ അപകടമാണുള്ളതെന്ന് കുട്ടികള്‍ക്ക് വൈദികര്‍ വീണ്ടും ഉപദേശിച്ചു നല്‍കി". പാപ്പ വിശദീകരിച്ചു.
ദൈവ വചനമാകുന്ന വിത്തുകള്‍ നാം കേള്‍ക്കുമ്പോള്‍ അവ ഹൃദയ വയലുകളില്‍ വിതയ്ക്കപ്പെടണമെന്നും, എങ്കില്‍ മാത്രമേ നിത്യതയിലേക്ക് നമ്മേ നയിക്കുന്ന സല്‍ഫലങ്ങളായി അവ മുളയ്ക്കുകയുള്ളുവെന്നും പാപ്പ തന്റെ പ്രസംഗത്തില്‍ പറഞ്ഞു. "അന്തിമ വിധി ദിവസം നാം ദൈവത്തോട് പറയണം. കര്‍ത്താവേ ഞാന്‍ നിരവധി പാപങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നിരുന്നാലും ഞാന്‍ വിശ്വസ്തനായി ജീവിക്കുവാന്‍ പരമാവധി പരിശ്രമിച്ചു. കര്‍ത്താവേ നീ കാരുണ്യമുള്ളവനാണല്ലോ. എന്നോട് കൃപയുണ്ടാകേണമേ". ഈ വാക്കുകള്‍ പറഞ്ഞാണ് പാപ്പ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.