Meditation. - November 2024
ദൈവത്തിന്റെ അസ്ഥിത്വത്തെ ചോദ്യം ചെയ്ത സൈനികന്‍
സ്വന്തം ലേഖകന്‍ 27-11-2024 - Wednesday
"കര്‍ത്താവു സ്വര്‍ഗത്തില്‍നിന്നു മനുഷ്യമക്കളെ നോക്കുന്നു; ദൈവത്തെത്തേടുന്ന വിവേകികളുണ്ടോ എന്ന് അവിടുന്ന് ആരായുന്നു (സങ്കീര്‍ത്തനങ്ങള്‍ 14:2).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: നവംബര്‍ 27
1945-ല്‍ ഒരു റഷ്യാക്കാരന്‍ സൈനികന്‍ എന്നില്‍ ഉളവാക്കിയ മതിപ്പ് ഞാന്‍ ഒരിക്കലും മറക്കുകയില്ല. രണ്ടാം ലോകമഹായുദ്ധം തൊട്ടുമുമ്പ് അവസാനിച്ച സമയം. ഒരു നിര്‍ബന്ധ സൈനിക സേവകന്‍ ക്രാക്കോ സെമിനാരിയുടെ കതകില്‍ മുട്ടിവിളിച്ചു. 'എന്താണ് താങ്കള്‍ക്ക് വേണ്ടത്?' എന്ന് ഞാന്‍ ചോദിച്ചപ്പോള്‍, സെമിനാരിയില്‍ ചേരാനാഗ്രഹിക്കുന്നു എന്നാണ് അയാള്‍ പറഞ്ഞത്. ഞങ്ങളുടെ സംഭാഷണം വളരെ നേരം തുടര്‍ന്നു. ഒരു സെമിനാരി ജീവിതം എന്താണെന്ന് അയാള്‍ക്ക് യാതൊരു ധാരണയുമില്ലായിരുന്നു.
പ്രായപൂര്‍ത്തിയായ ശേഷം പള്ളിക്കകത്ത് ഒരിക്കല്‍ പോലും പ്രവേശിച്ചിട്ടില്ലാത്ത ഒരാളായിരുന്നു ആ മനുഷ്യന്‍. സ്‌കൂളില്‍വച്ചും പിന്നീട് ജോലി സ്ഥലത്ത് വച്ചും 'ദൈവം ഇല്ല.' എന്ന് ആളുകള്‍ പറയുന്നത് തുടര്‍ച്ചയായി അയാള്‍ കേട്ടിട്ടുണ്ടായിരുന്നു. ഇതൊക്കെയാണെങ്കിലും, ഒന്നില്‍ കൂടുതല്‍ പ്രാവശ്യം അയാള്‍ എന്നോട് പറഞ്ഞത് ഇപ്രകാരമാണ്. ''എന്നിരുന്നാലും, ദൈവം ഉണ്ട് എന്ന് എനിക്ക് എന്നും അറിയാമായിരുന്നു. ഇപ്പോള്‍ അവനെക്കുറിച്ച് പഠിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.'' ദൈവനിഷേധം കൊടികുത്തി വാഴുന്ന അങ്ങേയറ്റം പ്രതികൂലമായ സാഹചര്യങ്ങളില്‍ പോലും മനുഷ്യമനസ്സിലേക്ക് തുളച്ചു കയറുന്നതില്‍ എത്ര അത്ഭുതകരമായാണ് ദൈവം വിജയിക്കുന്നത്.
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.