News - 2024

പാപത്തെ വെള്ളപൂശാന്‍ ശ്രമിക്കരുത്: ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 06-12-2016 - Tuesday

വത്തിക്കാന്‍ സിറ്റി: സ്വന്തം പാപങ്ങളെ വിലകുറച്ചു കാണാതെ മനസ് തുറന്നുള്ള കുമ്പസാരത്തിലൂടെ അതിനെ വെറുത്ത് ഉപേക്ഷിക്കുവാന്‍ വിശ്വാസികള്‍ തയ്യാറാകണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ക്രിസ്തുമസ് ദിനങ്ങള്‍ അടുത്ത് വരും തോറും ചെയ്തു പോയ പാപങ്ങളെ കുറിച്ച് ശരിയായ അനുതാപം നമ്മുടെ ഹൃദയങ്ങളില്‍ ഉണ്ടാകണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടു. വിശുദ്ധ ബലി മധ്യേ നടത്തിയ പ്രസംഗത്തില്‍ സംസാരിക്കുകയായിരിന്നു അദ്ദേഹം.

"കുമ്പസാരത്തിലൂടെ ദൈവത്തിന്റെ മുന്നില്‍ നാം ശരിയായി മനസ് തുറക്കണം. മനുഷ്യനെ സംബന്ധിച്ചിടത്തോളം ക്ഷമ പ്രാപിക്കേണ്ടത് ഒഴിവാക്കുവാനാവാത്ത കാര്യമാണ്. നമ്മില്‍ പലരും പാപങ്ങള്‍ ചെയ്യുകയും, അതിന്റെ പേരില്‍ കുമ്പസാരിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇതിനു ശേഷം അതേ പാപത്തിലേക്ക് നാം വീണ്ടും വഴുതി വീഴുന്നു. ഈ പ്രവര്‍ത്തിയില്‍ നമുക്ക് സങ്കടമോ, പശ്ചാത്താപമോ ഇല്ലെന്നതാണ് ദുഃഖകരമായ സംഗതി. ദൈവത്തിന് നമ്മേ പുനര്‍നിര്‍മ്മിക്കുവാനുള്ള അവസരം നല്‍കുന്നില്ല. ഹൃദയത്തില്‍ രണ്ടാവര്‍ത്തി പെയിന്റ് അടിച്ചതു പോലെ മാത്രമേ നാം ഇതിനെ കാണുന്നുള്ളൂ. ഇത്തരം പ്രവര്‍ത്തികളിലൂടെ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന് പറഞ്ഞു നാം നമ്മേ തന്നെ സമാധാനിപ്പിക്കുകയാണ് ". പരിശുദ്ധ പിതാവ് പറഞ്ഞു.

ഓരോ പാപവും ഏറ്റുപറഞ്ഞ ശേഷം നമ്മള്‍ ചെയ്ത പാപങ്ങളെ ഓര്‍ത്ത് ലജ്ജിക്കുന്ന മാനസിക അവസ്ഥയിലേക്ക് എത്തണം. ക്രിസ്തുമസിനെ ശരിയായ രീതിയില്‍ വരവേല്‍ക്കുവാന്‍ ക്ഷമ പ്രാപിച്ച അവസ്ഥ ഏറെ പ്രധാനപ്പെട്ടതാണ്. പാപ്പ പറഞ്ഞു. നാം നമ്മുടെ പാപങ്ങളെ മൂടിവയ്ക്കുവാന്‍ ശ്രമിക്കും തോറും അത് സര്‍പ്പവിഷം പോലെ മാരകമായി നമ്മില്‍ തന്നെ അടിഞ്ഞു കൂടുകയാണെന്നും പരിശുദ്ധ പിതാവ് ഓര്‍മ്മിപ്പിച്ചു.

തളര്‍വാതരോഗിയെ യേശു സൗഖ്യമാക്കുന്ന സുവിശേഷ ഭാഗത്തുനിന്നുമാണ് പാപ്പ തന്റെ പ്രസംഗം നടത്തിയത്. തളര്‍വാത രോഗിയെ ഈശോ സൗഖ്യപ്പെടുത്തുന്നതിന് മുമ്പ് ചെയ്തത് ആദ്യം അവന്റെ പാപങ്ങള്‍ ക്ഷമിക്കുകയായിരുന്നു. ക്രിസ്തു അയാളുടെ പാപങ്ങള്‍ ക്ഷമിച്ചു നല്‍കിയപ്പോള്‍ അയാളെ പുനര്‍നിര്‍മ്മിക്കുകയാണ് ചെയ്തത്. പുറമേ ഉപയോഗിക്കുവാന്‍ കഴിയുന്ന ചില സൗന്ദര്യവസ്തുക്കളുടെ ഉപയോഗത്തിലൂടെയുള്ള ഒരു പുനര്‍സൃഷ്ടിയല്ല ഇത്. പാപങ്ങള്‍ക്ക് മോചനം ലഭിക്കുമ്പോള്‍ അവര്‍ ആന്തരികമായാണ് പുനര്‍നിര്‍മ്മിക്കപ്പെടുക". പാപ്പ കൂട്ടിച്ചേര്‍ത്തു. യേശുക്രിസ്തുവിന് മാത്രമേ തന്റെ മാനസികവും, ശാരീരികവുമായ പാപങ്ങളെ മോചിപ്പിക്കുവാന്‍ സാധിക്കുവെന്ന് തിരിച്ചറിഞ്ഞ വ്യക്തിയാണ് മഗ്ദലന മറിയമെന്നും പാപ്പ തന്റെ പ്രസംഗത്തില്‍ പറഞ്ഞു.


Related Articles »