News - 2024

തൊഴിൽ മേഖലയിൽ കൂടുതല്‍ ഉത്തരവാദിത്വത്തോടെ പെരുമാറുന്നത് കത്തോലിക്ക വിശ്വാസികളാണെന്ന് പഠനം

സ്വന്തം ലേഖകന്‍ 13-12-2016 - Tuesday

ലണ്ടന്‍: ജോലി സ്ഥലങ്ങളില്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ പെരുമാറുന്നത് കത്തോലിക്ക വിശ്വാസികളാണെന്നു പഠനം. ബെയ്‌ലര്‍ സര്‍വകലാശാല നടത്തിയ പഠനത്തിലാണ് മറ്റു പല വിഭാഗങ്ങളേയും പിന്തള്ളി കത്തോലിക്ക വിശ്വാസികള്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. കത്തോലിക്കര്‍, ഇവാഞ്ചലിക്കന്‍, പ്രൊട്ടസ്റ്റന്‍ഡ് എന്നീ വിഭാഗങ്ങളേയും വിശ്വാസമില്ലാത്തവരെയുമാണ് പഠനത്തിനായി തെരഞ്ഞെടുത്തത്. ബെയ്‌ലേഴ്‌സ് കോളജ് ഓഫ് ആര്‍ട്ട്‌സ് ആന്റ് സയന്‍സിലെ സോഷ്യോളജിസ്റ്റ് ബാല്‍ക്കി വി. കെന്‍റിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്.

ദൈവ വിശ്വാസമുള്ളവര്‍ തങ്ങളുടെ ജോലിയെ നോക്കികാണുന്നത് ഉത്തരവാദിത്വമുള്ള ഒരു കര്‍ത്തവ്യനിര്‍വഹണം എന്ന നിലയിലാണ്. അദ്ധ്വാനിച്ച് ജീവിക്കുക എന്ന ദൈവീക കല്‍പ്പനയുടെ പൂര്‍ത്തീകരണവും വിശ്വാസികള്‍ ഇതിലൂടെ ലക്ഷ്യമിടുന്നു. പ്രതിഫലം മാത്രം പ്രതീക്ഷിച്ചല്ല വിശ്വാസികള്‍ ജോലി ചെയ്യുന്നതെന്നും പഠനം പറയുന്നു. കത്തോലിക്ക വിശ്വാസികളെ ജോലിയില്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ പെരുമാറുവാന്‍ പ്രേരിപ്പിക്കുന്നത് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിലെ പ്രധാനപ്പെട്ട ചില തീരുമാനങ്ങളാണെന്ന് പഠനം നിരീക്ഷിക്കുന്നു.

സമര്‍പ്പിതരായി ജീവിതം നയിക്കുന്നവരേയും, കുടുംബ ജീവിതം നയിക്കുന്നവരെയും ഉള്‍ക്കൊള്ളുന്നതാണ് സഭ. കുടുംബജീവിതം നയിക്കുന്നവര്‍ക്ക് എങ്ങനെ വിശുദ്ധരായി തുടരാം എന്നതിനെ സംബന്ധിച്ച് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ കൂടുതല്‍ വ്യക്തത നല്‍കുന്നുണ്ട്. ജോലി മേഖലകളില്‍ ക്രൈസ്തവ മൂല്യത്തെ ഉയര്‍ത്തിപിടിച്ച് ജീവിക്കുന്നത്, വ്യക്തികളെ വിശുദ്ധിയിലേക്ക് നയിക്കുമെന്നു രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പറയുന്നു.

ജോലി ചെയ്തു ജീവിക്കുക എന്ന ദൈവീക കല്‍പ്പനയുടെ ഭാഗമായിട്ടാണ് ഇവാഞ്ചലിക്കല്‍ വിശ്വാസികള്‍ തങ്ങളുടെ തൊഴിലിനെ കാണുന്നതെന്നു പഠനം പറയുന്നു. ദൈവവുമായി വീണ്ടും ഐക്യപ്പെടുവാനുള്ള ഒരു മാര്‍ഗ്ഗമായിട്ടും അവര്‍ ജോലി സ്ഥലത്തെ ഉത്തരവാദിത്വങ്ങളെ ഏറ്റെടുക്കുന്നു. തങ്ങളുടെ തൊഴില്‍ സ്ഥലങ്ങളില്‍ ബൈബിള്‍ കൊണ്ടു പോകുന്നതിലും മറ്റുള്ളവരോട് വിശ്വാസം പങ്കുവയ്ക്കുന്നതിനും ഇവാഞ്ചലിക്കല്‍ വിശ്വാസികള്‍ ശക്തിയായി പരിശ്രമിക്കുന്നു.

ക്രിസ്തീയ വിശ്വാസത്തില്‍ തന്നെ നിലനില്‍ക്കുന്ന വിവിധ സഭാവിശ്വാസികളുടെ ഇടയിലെ ജോലിയോടുള്ള ഇത്തരം പ്രത്യേക താല്‍പര്യങ്ങളുടെ വ്യക്തമായ കാരണം കണ്ടെത്തുവാന്‍ പഠനത്തിന് സാധിച്ചില്ലെന്നതു ശ്രദ്ധേയമാണ്. ദൈവവിശ്വാസം ഇല്ലാത്തവര്‍ക്ക് ജോലിയോടുള്ള ഉത്തരവാദിത്വം തീരെ കുറവാണ്. കത്തോലിക്ക വിശ്വാസികളെ അപേക്ഷിച്ച് 9 ശതമാനവും, ഇവാഞ്ചലിക്കല്‍ വിശ്വാസികളെ അപേക്ഷിച്ച് 6 ശതമാനവും കുറഞ്ഞ പോയിന്റുകളാണ് അവിശ്വാസികള്‍ പഠനത്തില്‍ കരസ്ഥമാക്കിയിരിക്കുന്നത്.

More Archives >>

Page 1 of 116