News - 2024

ഫ്രാന്‍സിസ് മാര്‍പാപ്പയോട് ബംഗ്ലാദേശ് സന്ദര്‍ശിക്കുവാന്‍ ഔദ്യോഗികമായി ആവശ്യപ്പെടുമെന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന

സ്വന്തം ലേഖകന്‍ 12-12-2016 - Monday

ധാക്ക: ഫ്രാന്‍സിസ് മാര്‍പാപ്പയെ ബംഗ്ലാദേശിലേക്ക് ക്ഷണിച്ചു കൊണ്ട് പ്രത്യേകം കത്ത് നല്‍കുമെന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ബംഗ്ലാദേശിലെ ആദ്യത്തെ കര്‍ദിനാളായി തെരഞ്ഞെടുക്കപ്പെട്ട പാട്രിക്ക് ഡിസൂസയുമായി തന്റെ ഓഫീസില്‍ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ക്ഷണ കത്ത് നല്‍കുന്ന കാര്യം ഷെയ്ഖ് ഹസീന അറിയിച്ചത്. കര്‍ദ്ദിനാളായി അഭിഷിക്തനായ ശേഷം പ്രധാനമന്ത്രിയുമായി കൂടികാഴ്ച നടത്തുവാന്‍ എത്തിയതായിരുന്നു പാട്രിക് ഡിസൂസ.

രാജ്യത്തെ കത്തോലിക്ക സഭയ്ക്കു ഷെയ്ഖ് ഹസീന നല്‍കുന്ന സഹായങ്ങള്‍ക്കായുള്ള നന്ദി കര്‍ദിനാള്‍ പാട്രിക് ഡിസൂസ കൂടിക്കാഴ്ച്ചയില്‍ അവരെ അറിയിച്ചു. പ്രധാനമന്ത്രിക്ക് കര്‍ദിനാള്‍ പാട്രിക് ഡിസൂസ കൈമാറിയ പ്രത്യേക ആശംസാകാര്‍ഡില്‍ ബംഗ്ലാദേശിലെ ആറു ലക്ഷം ക്രൈസ്തവരുടെയും ബഹുമാനവും ആദരവും അറിയിക്കുന്നതായുള്ള സന്ദേശം രേഖപ്പെടുത്തിയിരുന്നു. രാജ്യത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ കര്‍ദ്ദിനാളായി പാട്രിക് ഡിസൂസ ഉയര്‍ത്തപ്പെട്ടതിലുള്ള തന്റെ അകമഴിഞ്ഞ സന്തോഷം ഷെയ്ഖ് ഹസീന കൂടിക്കാഴ്ച്ചയില്‍ കര്‍ദിനാളിനെ അറിയിച്ചു. ബംഗ്ലാദേശിനെ സംബന്ധിച്ചിടത്തോളം അഭിമാന നിമിഷമാണിതെന്നും അവര്‍ പറഞ്ഞു.

ബംഗ്ലാദേശിലെ അപ്പസ്‌ത്തോലിക് ന്യൂണ്‍ഷ്യോ ആയ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് കോച്ചേരിയും കൂടിക്കാഴ്ച്ചയില്‍ സംബന്ധിച്ചിരുന്നു. സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് റോമില്‍ എത്തിയപ്പോള്‍ ബംഗ്ലാദേശ് സന്ദര്‍ശിക്കുവാന്‍ മാര്‍പാപ്പ തന്നോട് താല്‍പര്യം അറിയിച്ചിരുന്നതായി, കര്‍ദിനാള്‍ പാട്രിക്ക് ഡിസൂസ ഷെയ്ഖ് ഹസീനയോട് പറഞ്ഞു. മാര്‍പാപ്പയെ ക്ഷണിച്ചു കൊണ്ടുള്ള പ്രത്യേക കത്ത് ഉടന്‍ തന്നെ വത്തിക്കാനിലേക്ക് ഔദ്യോഗികമായി അയക്കുമെന്ന് ഷെയ്ഖ് ഹസീന കര്‍ദിനാളിനേയും സംഘത്തേയും അപ്പോള്‍ തന്നെ അറിയിച്ചു.

ജോര്‍ജിയയിലേയും അസര്‍ബൈജാനിലേയും തന്റെ അപ്പസ്‌ത്തോലിക സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം റോമിലേക്ക് മടങ്ങുമ്പോള്‍ ഭാരതത്തിലേക്കും ബംഗ്ലാദേശിലേക്കും അടുത്ത വര്‍ഷം സന്ദര്‍ശനം നടത്തുവാന്‍ സാധ്യതയുണ്ടെന്നു ഫ്രാന്‍സിസ് പാപ്പ വെളിപ്പെടുത്തല്‍ നടത്തിയിരിന്നു. താന്‍ എല്ലാ രാജ്യങ്ങളിലും സന്ദര്‍ശനം നടത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും, എന്നാല്‍ ഇക്കാര്യങ്ങള്‍ മുന്‍കൂട്ടി പറയുവാന്‍ സാധിക്കില്ലെന്നും മാര്‍പാപ്പ പ്രതികരിച്ചിരിന്നു.

More Archives >>

Page 1 of 115