News - 2024

തീവ്രവാദ ആക്രമണങ്ങളെ അപലപിച്ച് മാര്‍പാപ്പ; സമാധാനം സൃഷ്ടിക്കുവാന്‍ സാധ്യമായതെല്ലാം ചെയ്യുവാന്‍ ആഹ്വാനം

സ്വന്തം ലേഖകന്‍ 12-12-2016 - Monday

വത്തിക്കാന്‍: ആഗമനകാലഘട്ടത്തിന്റെ മൂന്നാം ഞായറാഴ്ച നടത്തിയ പ്രസംഗത്തില്‍ സിറിയയിലും, ഈജിപ്റ്റിലും മറ്റു ഭാഗങ്ങളിലും യുദ്ധവും തീവ്രവാദ ആക്രമണവും മൂലം ദുരിതമനുഭവിക്കുന്നവരെ സ്മരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. പൂല്‍കൂട്ടില്‍ പ്രതിഷ്ഠിക്കേണ്ട ഉണ്ണിയീശോയുടെ രൂപത്തെ മാര്‍പാപ്പ പ്രത്യേകമായി ആശീര്‍വദിക്കുന്ന ദിനം കൂടിയായിരുന്നു ഇന്നലെ. തന്റെ പ്രസംഗത്തിന് മുമ്പ് ദുരിതം അനുഭവിക്കുന്ന ജനങ്ങളോടുള്ള ഐക്യദാര്‍ഢ്യം പാപ്പ അറിയിച്ചു.

"സിറിയയിലെ അലപ്പോ നഗരത്തിലുള്ള കുട്ടികളേയും, മുതിര്‍ന്നവരെയും ഓര്‍ക്കുന്നു. സംസ്‌കാരങ്ങളുടെയും വിശ്വാസത്തിന്റെയും നാടാണ് സിറിയ. ഇവിടെയുള്ള സംസ്‌കാരത്തേയും ജനങ്ങളേയും രക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. യുദ്ധത്തോടും, തച്ചുടയ്ക്കുന്ന സംസ്‌കാരത്തോടും നാം വിട പറയേണ്ടിയിരിക്കുന്നു. യുദ്ധത്തിനായി മാത്രം ശ്രമിക്കുന്നവരോട് ഞാന്‍ സമാധാനത്തിനായി അഭ്യര്‍ത്ഥിക്കുന്നു. ദയവായി സമാധാനം പുനസ്ഥാപിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യൂ". ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

ഈജിപ്റ്റിലെ കോപ്റ്റിക് ക്രൈസ്തവ ദേവാലയത്തില്‍ തീവ്രവാദികള്‍ സ്‌ഫോടനം നടത്തിയതിനെ തുടര്‍ന്ന് 25 പേര്‍ കൊല്ലപ്പെട്ട സംഭവത്തേയും, തുര്‍ക്കിയില്‍ രണ്ടിടങ്ങളില്‍ ബോംബ് സ്‌ഫോടനത്തില്‍ 38 പേര്‍ മരിച്ചതിനെയും പാപ്പ അപലപിച്ചു. കോപ്റ്റിക് സഭയുടെ തലവനായ തവാദ്രോസ് രണ്ടാമനോടുള്ള തന്റെ മാനസിക ഐക്യം പാപ്പ പ്രസംഗത്തിന് മുമ്പ് പ്രത്യേകമായി അറിയിച്ചു.

"ഇന്നു ഞാന്‍ ആദ്യമായി അഭിവാദ്യം ചെയ്യുന്നത് കുട്ടികളേയും യുവാക്കളേയുമാണ്. ഉണ്ണീശോയുടെ രൂപങ്ങളെ വാഴ്ത്തുവാന്‍ നിങ്ങള്‍ ഇവിടെ കൊണ്ടുവന്നിരിക്കുന്നു. ഒരു കാര്യം പ്രത്യേകമായി ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുകയാണ്. പുല്‍കൂടിനു മുന്നില്‍ കുടുംബവുമൊത്ത് നിങ്ങള്‍ ഉണ്ണീശോയോട് പ്രാര്‍ത്ഥിക്കുമ്പോള്‍ നമ്മുടെ അയല്‍ക്കാരേയും സ്‌നേഹിക്കുവാനുള്ള കൃപ തരേണമേ എന്ന് പ്രത്യേകം അപേക്ഷിക്കണം". പാപ്പ പറഞ്ഞു.

കന്യകയില്‍ നിന്നും ജനിച്ച മിശിഹാ ജനതകള്‍ക്കായി നല്‍കിയത് വലിയ സന്തോഷമാണെന്നും, ഈ സന്തോഷത്തെയാണ് നമ്മുടെ ഉള്ളിലേക്ക് ക്രിസ്തുമസ് കൊണ്ടുവരേണ്ടതെന്നും പാപ്പ പറഞ്ഞു. ക്രിസ്തുവിന്റെ ജനനം മരുഭൂമികളെ പോലും പുഷ്പ്പിക്കുന്നതും, എല്ലാ ഹൃദയങ്ങളിലേക്കും സമാധാനത്തിന്റെ സന്തോഷം കൊണ്ടുവരുന്നതുമാണെന്നും പരിശുദ്ധ പിതാവ് ചൂണ്ടികാണിച്ചു. സകലമനുഷ്യരുടേയും രക്ഷയ്ക്കായിട്ടാണ് ദൈവം തന്റെ കൂടാരത്തെ മാനവരുടെ ഇടയിലേക്ക് മാറ്റിയതെന്നും പാപ്പ പ്രസംഗത്തില്‍ പറഞ്ഞു.

"ക്രിസ്തുമസിന്റെ ദിനങ്ങള്‍ അടുത്ത് വരുന്നതിന്റെ ദൃശ്യമായ തെളിവുകള്‍ നമ്മുടെ ഭവനങ്ങളിലും തെരുവുകളിലും നേരില്‍ കണ്ടു മനസിലാക്കുവാന്‍ കഴിയും. പുറമേയുള്ള ഇത്തരം അലങ്കാരങ്ങള്‍ നമ്മുടെ ഹൃദയവാതിലുകള്‍ക്ക് മുന്നില്‍ എല്ലായ്‌പ്പോഴും കാത്തു നില്‍ക്കുന്ന ക്രിസ്തുവിനെ ഉള്ളിലേക്ക് പ്രവേശിപ്പിക്കുവാന്‍ കാരണമാകട്ടെ. പാവങ്ങളിലും, നിരാലംബരിലും ക്രിസ്തുവിനെ കാണുവാന്‍ നാം ഈ ക്രിസ്തുമസ് കാലഘട്ടത്തില്‍ പ്രത്യേകമായി ശ്രമിക്കണം". പരിശുദ്ധ പിതാവ് പറഞ്ഞു.

വിശ്വാസത്തിന്റെ പേരില്‍ ജീവന്‍ നഷ്ടമായ ഫാദര്‍ മരിയോ ബോര്‍സാഗ, പോള്‍ തോജ് സയ്യൂജ്, അദ്ദേഹത്തിന്റെ കൂടെയുണ്ടായിരിന്ന 14 പേര്‍ എന്നിവരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ച നടപടിയെ കുറിച്ചും പാപ്പ വിശ്വാസ സമൂഹത്തോട് അറിയിച്ചു. വിശ്വാസത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ഇവര്‍ മിഷ്ണറി ദൌത്യത്തിന്റെ ഉത്തമ വക്താക്കളായിരിന്നുവെന്ന് മാര്‍പാപ്പ അനുസ്മരിച്ചു.

More Archives >>

Page 1 of 115