News - 2024

സൗദി അറേബ്യയില്‍ ക്രിസ്തുമസ് ആഘോഷിക്കുന്ന ആളുകളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ്

സ്വന്തം ലേഖകന്‍ 23-12-2016 - Friday

റിയാദ്: കടുത്ത ഇസ്ലാംമത നിയന്ത്രണങ്ങളുള്ള രാജ്യമായ സൗദി അറേബ്യയില്‍ ക്രിസ്തുമസ് ആഘോഷിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവെന്ന്‍ റിപ്പോര്‍ട്ട്. ഇസ്ലാം മതവിശ്വാസമല്ലാതെ മറ്റെതെങ്കിലും വിശ്വാസം പ്രചരിപ്പിക്കുകയോ, മറ്റു വിശ്വാസങ്ങളില്‍ പരാമര്‍ശിക്കുന്ന ആഘോഷങ്ങള്‍ നടത്തുകയോ ചെയ്താല്‍ ക്രൂരമായ ശിക്ഷകള്‍ക്ക് വിധേയമാക്കുന്ന സൗദിയില്‍ ക്രിസ്തുമസ് ആഘോഷിക്കുന്നവരുടെ എണ്ണത്തിലുള്ള വര്‍ദ്ധനവ് പുതിയ പ്രതീക്ഷകളിലേക്കും സാധ്യതകളിലേക്കുമാണ് വെളിച്ചം വിശുന്നത്.

രാജ്യത്ത് ക്രിസ്തുമസ് ആഘോഷങ്ങള്‍ രഹസ്യമായിട്ടാണ് നടത്തപ്പെടുന്നത്. വിദേശരാജ്യങ്ങളുടെ എംബസികളിലും ക്രിസ്തുമസ് ആഘോഷം നടത്തപ്പെടാറുണ്ട്. സൗദി അറേബ്യന്‍ ഭരണകൂടത്തിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് മുസ്ലീം വിശ്വാസികള്‍ മാത്രമാണ് ഉള്ളത്. ഒരു സൗദി പൗരന്‍, തന്റെ ഇസ്ലാം മത വിശ്വാസം ഉപേക്ഷിച്ച് മറ്റെതെങ്കിലും വിശ്വാസം സ്വീകരിക്കുകയോ, മതമില്ലാതെ ജീവിക്കുവാന്‍ ശ്രമിക്കുകയോ ചെയ്താല്‍ ആ വ്യക്തി മരണശിക്ഷയ്ക്ക് യോഗ്യനാണെന്നാണ് രാജ്യത്തിന്റെ നിയമങ്ങള്‍ വ്യക്തമാക്കുന്നത്.

സിറിയയിലും, സൗദിയിലുമായി തന്റെ കുട്ടിക്കാലം ചെലവഴിച്ച ലൗറ എന്ന യുവതി താന്‍ ക്രിസ്തുമസ് ദിനങ്ങളില്‍ സൗദിയിലേക്ക് പോകാറുണ്ടെന്നും ആഘോഷങ്ങള്‍ അവിടെയാണ് നടത്തുന്നതെന്നും ഫോക്‌സ് ന്യൂസിനോട് വെളിപ്പെടുത്തി. സൗദിയില്‍ രഹസ്യമായി ആരാധന നടത്തുന്ന ക്രൈസ്തവരുടെ എണ്ണത്തില്‍ ശക്തമായ വര്‍ദ്ധനയുണ്ടെന്നും കാലിഫോര്‍ണിയായില്‍ പഠനം നടത്തുന്ന ലൗറ പറയുന്നു.

"ഏതെങ്കിലും തരത്തിലുള്ള ക്രിസ്തുമസ് ആഘോഷങ്ങള്‍ നടത്തുന്നത് സൗദിയില്‍ കുറ്റകരമാണ്. ആളുകള്‍ വീടിനു പുറത്തു ക്രിസ്തുമസിന്റെ ഒരലങ്കാരവും പ്രദര്‍ശിപ്പിക്കാറില്ല. എന്നാല്‍ ഭവനങ്ങളുടെ അകം അവര്‍ അലങ്കരിക്കും. രഹസ്യമായി പ്രാര്‍ത്ഥനകളും ആരാധനയും ക്രിസ്തുമസ് ആഘോഷവും നടത്തും. സ്വദേശികള്‍ക്ക് കടന്നു വരുവാന്‍ വിലക്കുള്ള എംബസികള്‍ കേന്ദ്രീകരിച്ചായിരിക്കും ഞങ്ങള്‍ ആഘോഷങ്ങള്‍ നടത്തുക. രാത്രി മുഴുവനും ഞങ്ങള്‍ ക്രിസ്തുമസ് ആഘോഷങ്ങളില്‍ മുഴുകും. ഭൂഗര്‍ഭ സഭകളിലെ പലരും അവരുടെ ഭവനങ്ങളിലോ, മറ്റു രഹസ്യ സ്ഥലങ്ങളിലോ ഇത്തരത്തില്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കും". ലൗറ ഫോക്സ് ന്യൂസിനോട് വെളിപ്പെടുത്തി.

ഇത്തരം ആഘോഷങ്ങളെ കുറിച്ച് സര്‍ക്കാറിന് വ്യക്തമായ അറിവ് ലഭിക്കുമെങ്കിലും പലപ്പോഴും അവര്‍ അതിനെ തടസപ്പെടുത്തുവാന്‍ നോക്കാറില്ലെന്നും ലൗറ കൂട്ടിച്ചേര്‍ത്തു. "കൂടുതലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് മതഭ്രാന്തന്‍മാരായ ചില സൗദികളാണ്. ഒരാള്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചാല്‍ അയാളെ നശിപ്പിക്കുവാന്‍ മുന്‍കൈ എടുക്കുക കുടുംബാംഗങ്ങളും അയാള്‍ ഉള്‍പ്പെടുന്ന പ്രാദേശിക സമൂഹവുമാണെന്നതാണ് സൗദി അറേബ്യയിലെ സ്ഥിതി". ലൗറ പറഞ്ഞു.

രാജ്യത്ത് 30 മില്യണ്‍ ആളുകള്‍ വസിക്കുന്നുവെന്നാണ് ഏകദേശ കണക്ക്. ഇതില്‍ 1.2 മില്യണ്‍ ആളുകള്‍ ക്രൈസ്തവ വിശ്വാസികളാണ്. വിവിധ രാജ്യങ്ങളില്‍ നിന്നും സൗദിയില്‍ ജോലിക്കായി വന്നവരും, രാജ്യത്ത് തന്നെ സ്ഥിരതാമസമാക്കിയ പൗരന്‍മാരും ഇതില്‍ ഉള്‍പ്പെടുന്നു. ഒരു മുസ്ലീം വിശ്വാസി അമുസ്ലീമിനോട് ക്രിസ്തുമസ് ആശംസകള്‍ സൗഹൃദത്തിന്റെ പേരില്‍ ആശംസിക്കുന്നതു പോലും രാജ്യത്ത് കുറ്റകരമാണ്. 2012-ല്‍ സൗദിയിലെ മതകാര്യ പോലീസായ 'മുത്താവിന്‍' ഒരു വീട്ടില്‍ റെയ്ഡ് നടത്തുകയും ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് വേദിയൊരുക്കി എന്ന കാരണം പറഞ്ഞ് 40 പേരെ തടവിലാക്കുകയും ചെയ്തിരുന്നു.

ഏഴാം നൂറ്റാണ്ടിന് മുമ്പു വരെ ക്രൈസ്തവ വിശ്വാസം നിലനിന്നിരുന്ന പ്രദേശമായിരുന്നു ഇന്നത്തെ സൗദി ഉള്‍പ്പെടെ സ്ഥിതി ചെയ്യുന്ന അറേബ്യന്‍ മേഖല. അപ്പോസ്‌ത്തോലനായ വിശുദ്ധ പൗലോസും, വിശുദ്ധ തോമസും അറേബ്യയുടെ പ്രദേശങ്ങളില്‍ സുവിശേഷം അറിയിച്ചിരുന്നതായി രേഖകള്‍ പറയുന്നു. നാലാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട വലിയ ക്രൈസ്തവ ദേവാലയത്തിന്റെ അവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ സൗദി പട്ടണമായ ജൂബൈലില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.

യുഎസും സൗദി അറേബ്യയും തമ്മില്‍ മുമ്പുണ്ടായിരുന്നതിലും മികച്ച ബന്ധമാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വളര്‍ന്നു വരുന്നത്. ഇതിനാല്‍ തന്നെ ക്രൈസ്തവ വിശ്വാസികള്‍ക്ക് കുറച്ചു കൂടി മെച്ചപ്പെട്ട സാഹചര്യങ്ങള്‍ സൗദിയില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


Related Articles »