Meditation. - December 2024

രക്ഷകന്റെ ജനനത്തിന് സാക്ഷികളായിത്തീര്‍ന്ന ആദ്യത്തെ ഭാഗ്യവാന്മാര്‍

സ്വന്തം ലേഖകന്‍ 24-12-2023 - Sunday

"അന്ധകാരത്തില്‍ കഴിഞ്ഞജനം മഹത്തായ ഒരു പ്രകാശം കണ്ടു; കൂരിരുട്ടിന്റെ ദേശത്തു വസിച്ചിരുന്നവരുടെമേല്‍ പ്രകാശം ഉദിച്ചു (ഏശയ്യാ 9:2).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഡിസംബര്‍ 24

ബേത്‌ലഹേമിന്റെ മേല്‍ രാത്രിയില്‍ ഉദിച്ച പ്രകാശം ഏതാണ്? സകലരും ആ പ്രകാശം കണ്ടുവോ? സമീപത്തുള്ള ഗ്രാമപ്രദേശത്തെ വയലുകളില്‍ രാത്രിയില്‍ ആടുകളെ മാറിമാറി കാത്തുകൊണ്ടിരുന്ന ഇടയന്മാരുടെ അടുക്കല്‍ വരെ ആ പ്രകാശം എത്തി. കര്‍ത്താവിന്റെ മഹത്വം അവരുടെ മേല്‍ പ്രകാശിച്ചു. ആത്മാവില്‍ എളിയവരും ദരിദ്രരുമായിരുന്ന ഈ ആട്ടിടയന്മാരായിരുന്നു രക്ഷകന്റെ ജനനത്തിന് സാക്ഷികളായിത്തീര്‍ന്ന ആദ്യത്തെ ഭാഗ്യവാന്മാര്‍.

ബേത്‌ലഹേമില്‍ വസിച്ചിരുന്ന മറ്റാര്‍ക്കും ലഭിക്കാതെ, എന്തുകൊണ്ട് ഈ ഭാഗ്യം അവര്‍ക്ക് ലഭിച്ചു? ദൈവം തനിക്കായി തെരഞ്ഞെടുത്ത യഹൂദ ജന സമൂഹത്തില്‍ ആര്‍ക്കും അത് ലഭിക്കാത്തത് എന്തുകൊണ്ടാണ്? ഇതിന്റെ ഉത്തരം യോഹന്നാന്റെ സുവിശേഷത്തില്‍ കാണാന്‍ കഴിയും. "പ്രകാശം ലോകത്തിലേക്ക് വന്നിട്ടും മനുഷ്യര്‍ പ്രകാശത്തേക്കാള്‍ അധികമായി അന്ധകാരത്തെ സ്‌നേഹിച്ചു" (യോഹ. 3.19).

മനുഷ്യചരിത്രത്തിന്റെ കര്‍ത്താവാണ് യേശുക്രിസ്തു. ആഗസ്റ്റസ് സീസറുടെ ശാസന പ്രകാരം അവന്റെ ജനനം ഔദ്യോഗികരേഖയില്‍ ചേര്‍ക്കപ്പെട്ടിരുന്നു. ഇതിനുവേണ്ടിത്തന്നെ, ജോസഫിനും മറിയത്തിനും നസ്‌റേത്തില്‍ നിന്നും, ദാവീദിന്റെ പട്ടണമായ ബേത്‌ലെഹെമിലേക്ക് പോകണമായിരുന്നു; ഇരുവരും ദാവീദിന്റെ കുടുംബ പരമ്പരയിലും വംശാവലിയിലും പെട്ടവരായിരുന്നല്ലോ. ബേത്‌ലഹേമില്‍ ജനിച്ചവന്‍ പൂര്‍ണ്ണമായും മനുഷ്യചരിത്രത്തിന്റെ ഭാഗമാണ്. തന്നെ, തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ചു എന്നത് നമുക്ക് അറിയാല്ലോ.

അവന്റെ കഷ്ടാനുഭവത്തിന്റെ തുടക്കവും ഒടുവില്‍ കുരിശുമരണവും ഈ ശൂന്യവല്‍ക്കരണത്തില്‍ എത്രമാത്രം അടങ്ങിയുണ്ടെന്നും നമുക്കറിയാം. അവന്‍ വന്നത് 'തന്നെത്തന്നെ ബലി അര്‍പ്പിക്കുവാനാണ്.' ഇപ്രകാരം രക്ഷാകര ചരിത്രം മനുഷ്യചരിത്രവുമായി ചേര്‍ക്കപ്പെട്ടു. ബേത്‌ലഹേമിലെ ആട്ടിടയന്മാരുടെ മേല്‍ ഉദിച്ച ഈ മഹത്വമാര്‍ന്ന പ്രകാശം, ലാളിത്യവും എളിമയുമുള്ള ഹൃദയത്തോടെ അതിനെ എതിരേല്‍ക്കാന്‍ നില്‍ക്കുന്നവരുടെ രക്ഷയെയാണ് വിളിച്ചോതുന്നത്.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 24.12.93)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »