News

പാരീസ് ഭീകരാക്രമണം : ആശങ്കയും അതൃപ്തിയും പ്രകടിപ്പിച്ച് വത്തിക്കാൻ

അഗസ്റ്റസ് സേവ്യ൪ 14-11-2015 - Saturday

വെള്ളിയാഴ്ച്ച വൈകുന്നേരം പാരീസിലുടനീളം ഉണ്ടായ ഭീകരാക്രമണങ്ങളിൽ,  വത്തിക്കാൻ,  ഞെടുക്കവും അതൃപ്തിയും പ്രകടിപ്പിച്ചു. നൂറിലധികം പേർ   കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് ഉചിതവും വ്യക്തമായ പ്രതികരണം,  ലോക രാഷ്ട്രങ്ങളിൽ നിന്നും ഉണ്ടാകണം എന്ന് വത്തിക്കാൻ നിർദ്ദേശിച്ചു.

" പൈശാചികവും മൃഗീയവുമായ ഭീകരാക്രമണത്തിൽ, പിതാവിനോടൊപ്പം ഞങ്ങൾ അങ്ങേയറ്റത്തെ ഖേദം പ്രകടിപ്പിക്കുന്നു."  റോമൻ കാര്യാലയത്തിന്റെ പ്രസ് ഓഫീസ് ഡയറക്ടർ Fr ഫെഡറിക്കോ ലൊംബാർഡി ഒരു പത്രക്കുറിപ്പിൽ പറഞ്ഞു.

"ഈ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കു വേണ്ടിയും,  പരുക്കേറ്റവർക്ക് വേണ്ടിയും, ഫ്രഞ്ച് ജനതയ്ക്ക് മുഴുവൻ വേണ്ടിയും, ഞങ്ങൾ പ്രാർത്ഥിക്കുന്നു.  ഇത് മനുഷ്യരാശിക്ക് എതിരെയുള്ള ആക്രമണമാണ്.  ഇതിന് ഉചിതമായ ഒരു പ്രതികരണം, ലോക രാഷ്ട്രങ്ങളുടെ ഭാഗത്തു നിന്ന് ഉണ്ടാകേണ്ടിയിരിക്കുന്നു."

നവംബർ 13-ന് വൈകുന്നേരമാണ്, ലോകത്തെ നടുക്കിയ അക്രമണ പരമ്പര,  പാരീസിലെ പല ഭാഗങ്ങളിലും അരങ്ങേറിയത്. നാഷണൽ സ്റ്റേഡിയത്തിൽ ഒരു ഫുട്ബോൾ മത്സരം നടക്കുന്നതിനിടെയാണ് തൊട്ടടുത്ത് സ്ഫോടനം നടന്നത്.  ലുവ് റേ  മ്യൂസിയത്തിനടത്തും, പ്രസിദ്ധമായ ഷോപ്പിംഗ് മാളിലും, കേംബ്രിജ് റെസ്റ്റോറന്റിലും തുടർച്ചയായി ആക്രമണങ്ങൾ നടന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടു.

ബറ്റാക്ലാൻ  മ്യൂസിക്ക് ഹാളിൽ അനവധി പേർ ബന്ദികളായി അകപ്പെട്ടിരുന്നു. ഫ്രഞ്ച് പോലീസ് അക്രമികളെ കീഴ്പ്പെടുത്തി ഇവരെ മോചിപ്പിച്ചു.  മ്യൂസിക് ഹാളിൽ തന്നെ നൂറിനടുത്ത് ആളുകള്‍  കൊല്ലപ്പെട്ടുവെന്ന്  പോലീസ് അറിയിച്ചു.

ഇതിനിടെ ഫ്രഞ്ച് പ്രസിഡന്റ്  ഫ്രാങ്കോയിസ് ഹോളാൻഡെ  രാജ്യത്ത്  അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യാതിർത്തികൾ ഉടനെ അടയ്ക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.

US പ്രസിഡന്റ് ബറാക് ഒബാമ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ   എന്നിവർ ഉൾപ്പടെ,  ലോക രാഷ്ട്രങ്ങളിലെ  തലവന്മാർ,  സംഭവത്തിൽ ഖേദവും ഉത്കണ്ഠയും രേഖപ്പെടുത്തി.

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കു ചേർന്നു കൊണ്ട്, വിവിധ ക്രൈസ്തവ സംഘടനകളും, മതാദ്ധ്യക്ഷന്മാരും  സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഉൾപ്പടെ പ്രതികരണം രേഖപ്പെടുത്തി.

" പാരീസിലെ ജനങ്ങൾക്ക്, ലൂർദ്ദ് മാതാവും ഡെനീസ് പുണ്യവാളനും മദ്ധ്യസ്ഥരായിരിക്കട്ടെ " എന്ന്, നെബ്രാസ്കയിലെ ബിഷപ്പ് ജെയിംസ് കോൺലെ   ട്വിറ്ററിൽ എഴുതി.  ഡള്ളാസ് ബിഷപ്പ് കെവിൻ ഫാരെല്ലും ഫോർട്ട് വർത്ത് ബിഷപ്പ് മൈക്കിൾ ഓൽസണും സമാനമായ അഭിപ്രായങ്ങൾ   ട്വിറ്ററിൽ രേഖപ്പെടുത്തി.

" ഇന്നു രാത്രിയിൽ എന്റെ പ്രാർത്ഥനയിൽ, പാരീസിലെ ജനങ്ങളുണ്ട്. അവിടെ ജീവൻ നഷ്ടപ്പെട്ടവർക്കും, അവരുടെ കുടുംബങ്ങൾക്കും വേണ്ടി, നമുക്ക്  പ്രാർത്ഥിക്കാം." കണക്റ്റിക്കട്ട് ബിഷപ്പായ ഫ്രാങ്ക് കാഗീയാനോ ദുരന്തത്തെപറ്റി അഭിപ്രായം രേഖപ്പെടുത്തിയത് ഇങ്ങനെയാണ്.

More Archives >>

Page 1 of 14