News - 2025
സഭാ നേതൃത്വം ധനസമാഹരണത്തിനും പ്രശസ്തിക്കുമുള്ള മാർഗ്ഗമല്ല, സേവനത്തിനുള്ള പാതയാണത് : ഫ്രാൻസിസ് മാർപാപ്പ
അഗസ്റ്റസ് സേവ്യർ 07-11-2015 - Saturday
ക്രൈസ്തവർ, തങ്ങളുടെ സുഖസൗകര്യങ്ങളുടെ സുരക്ഷിതവലയത്തിനുള്ളിൽ ഒളിക്കാതെ, പുറത്തിറങ്ങി, വേദനിക്കുന്നവർക്ക് സഹായം എത്തിക്കണമെന്ന്, വെള്ളിയാഴ്ച സ്വവസതിയിലെ കപ്പേളയിൽ ദിവ്യബലിയർപ്പണ വേളയിൽ പിതാവ് വിശ്വാസികളോട് ആഹ്വാനം ചെയ്തു.
സഭയുടെ നിലപാടുകൾ മൃദലമാകുമ്പോൾ, സ്വന്തം സുരക്ഷിതവലയത്തിൽ കയറി വാതിലുകൾ അടയ്ക്കുമ്പോൾ, അവിടെ സേവനം അവസാനിക്കുന്നു, കാര്യലാഭത്തിന് വേണ്ടി മറ്റുള്ളവരെ ഉപയോഗിക്കാൻ തുടങ്ങുന്നു.
നീതിരഹിതനായ കാര്യസ്ഥന്റെ ഉപമ (Luke16:1-10 ) ഉദ്ദാഹരിച്ചു കൊണ്ടാണ് അന്ന് പിതാവ് സംസാരിച്ചത്. വത്തിക്കാനിൽ സാമ്പത്തീക ക്രമക്കേടുകൾ ആരോപിക്കുന്ന രണ്ട് പുസ്തകങ്ങൾ തലേ ദിവസം പ്രസിദ്ധീകരിക്കപ്പെട്ടതിന്റെ പ്രതികരണമായിരുന്നു പാപ്പ നടത്തിയത്.
കൗശലക്കാരനായ കാര്യസ്ഥൻ തന്റെ യജമാനന്റെ സ്വത്ത്, സ്വന്തം കാര്യലാഭത്തിനു വേണ്ടി ധൂർത്തടിക്കുന്നു. സഭയ്ക്കുള്ളിൽ പോലും ഇങ്ങനെയുള്ളവരുണ്ട്. സേവനത്തിൽ അടിസ്ഥാനമിട്ട് മുന്നോട്ടു പോകുന്നതിനു പകരം, ചിലർ സഭയെ പണമുണ്ടാക്കാനുള്ള ഉപകരണമാക്കി മാറ്റുകയാണ്. സഭയുടെ, നേതൃത്വത്തിലോ മറ്റ് ഏത് തലങ്ങളിലോ ആയാലും, ഈ വിധത്തിൽ മനോഭാവമുള്ളവർ ഉണ്ടാകുന്നത് അത്യന്തം നിർഭാഗ്യകരമാണ് എന്ന് പിതാവ് സൂചിപ്പിച്ചു.
യേശുവും സുവിശേഷവും നമ്മളോടാവശ്യപ്പെടുന്നത് സേവനനിരതമായ, സമർപ്പിതമായ, ഒരു ജീവിതം നയിക്കാനാണ്. സ്ഥാനമാനങ്ങളിലും, അത് നേടിത്തരുന്ന സുഖസൗകര്യങ്ങളിലും മുഴുകി, തന്റെ ജീവിത ദൗത്യം വിസ്മരിച്ച് ജീവിക്കുന്നവർ, ഫാരീസിയരെ പോലെയാണ്. മറ്റുള്ളവരുടെ ശ്രദ്ധ നേടാനായി അവർ പൊതുസ്ഥലങ്ങളിലെത്തി നന്മ ചെയ്യുന്നതായി ഭാവിക്കുന്നു
യേശുവിന്റെ അനുയായികൾ എങ്ങിനെയായിരിക്കണം എന്ന്, സെന്റ് പോൾ, റോമാക്കാർക്കെഴുതിയ ലേഖനത്തിൽ വിവരിക്കുന്നുണ്ട്. അവർ യേശുവിന്റെ ദൂതരാണ്. പരിശുദ്ധാത്മാവിനാൽ പവിത്രമാക്കപ്പെട്ട പൗരോഹിത്യധർമ്മത്തിലൂടെ , അവർ ജനഹൃദയങ്ങളിൽ സ്ഥാനം പിടിക്കുന്നു. സെന്റ് പോൾ ആ വിധത്തിലുള്ള ഒരു അനുയായി ആയിരുന്നു.
പുരോഹിതരും കന്യാസ്ത്രീകളും, തങ്ങളുടെ അതിദീർഘങ്ങളായ സേവന ദൗത്യങ്ങളെ പറ്റി പറയുന്നത് കേൾക്കുമ്പോൾ, തനിക്ക് അത്യധികം സന്തോഷം തോന്നാറുണ്ടെന്ന് പിതാവ് പറഞ്ഞു. അവരിൽ ചിലർ ആമസോണിൽ മിഷിനറിമാരായിരുന്നു. മറ്റു ചിലർ ആഫ്രിക്കയിൽ ആരോഗ്യ പ്രവർത്തകരായിരുന്നു. അങ്ങനെ അനവധി. അവരുടെ ജോലികളിലെ സംതൃപ്തി അവരുടെ പുഞ്ചിരിയിൽ തെളിഞ്ഞു കാണാം.
അതാണ് സേവനം. സ്വയം സമർപ്പണത്തിന്റെ മാർഗ്ഗം. അതാണ് തിരുസഭയുടെ ആഹ്ളാദം !
സെന്റ് പോളിന് ലഭിച്ച ദൈവകൃപ ധാരാളമായി ലഭിക്കാനായി, പുരോഹിതരും കന്യാസ്ത്രീകളും പ്രാർത്ഥിക്കണം എന്ന് പിതാവ് ഉപദേശിച്ചു. സുഖ സൗകര്യങ്ങളും സ്ഥാനമാനങ്ങളും ഉപേക്ഷിച്ച്, യേശുവിന്റെ സേവനത്തിനിറങ്ങിയ സെന്റ പോൾ, സന്യാസജീവിതത്തിന്റെ ഏറ്റവും പ്രകാശമേറിയ ഉദ്ദാഹരണമാണ്.
പ്രസംഗം ഉപസംഹരിച്ചു കൊണ്ട് പിതാവ് പറഞ്ഞു. "ദൈവം നമ്മെ പ്രലോഭനങ്ങളിൽ നിന്നും കാത്ത് രക്ഷിക്കട്ടെ. 'ഇരട്ട ജീവിതം' എന്ന തിന്മയിൽ നിന്നുംഅകന്നുനിൽക്കാൻ നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം."