Christian Prayer - September 2025
വിശുദ്ധ റാഫേല്‍ മാലാഖയോടുള്ള പ്രാര്‍ത്ഥന
സ്വന്തം ലേഖകന്‍ 29-09-2023 - Friday
ഞങ്ങളുടെ സഹായത്തിനായി മാലാഖമാരെ നിയോഗിച്ചു തന്ന ദൈവമേ, ജീവിത യാത്രയില്‍ എന്നും തുണയായി വി.റാഫായേല്‍ മാലാഖയെ നല്‍കിയതിന് അങ്ങേയ്ക്ക് നന്ദി പറയുന്നു. തോബിത്തിന്‍റെ അന്ധത നീക്കുവാന്‍ സഹായിച്ച വി. റാഫേല്‍ മാലാഖയേ, ആത്മീയ, ശാരീരിക അന്ധതയാല്‍ കഷ്ടപ്പെടുന്ന എല്ലാവര്‍ക്കും സൗഖ്യം തന്ന്‍ അനുഗ്രഹിക്കണമേ.
സാറായെ പൈശാചിക ബന്ധനങ്ങളില്‍ നിന്ന്‍ മോചിപ്പിച്ചതുപോലെ വിവിധങ്ങളായ ബന്ധനങ്ങളില്‍ കഴിയുന്ന വ്യക്തികളേയും കുടുംബങ്ങളേയും സ്വതന്ത്രരാക്കണമേ. ജീവിത പങ്കാളിയെ കണ്ടെത്താന്‍ തോബിയാസിന്‍റെ സഹായകനായി നിന്ന അങ്ങ് വിവാഹിതരാകാന്‍ ഒരുങ്ങിയിരിക്കുന്നവരെ എല്ലാവര്‍ക്കും ദൈവം അനാദിയിലെ ഒരുക്കിയിരിക്കുന്നവരെ കണ്ടെത്താന്‍ സഹായിക്കണമേ. കത്തോലിക്കാ വിശ്വാസം നഷ്ടപ്പെടുത്തിയിട്ടുള്ള വിവാഹ ബന്ധങ്ങളില്‍ പെടാതിരിക്കാന്‍ യുവജനങ്ങളെ സഹായിക്കണമേ.
തോബിയാസിനെ, സഹയാത്രികനായി സുരക്ഷിത സ്ഥാനത്ത് എത്തിച്ച റഫായേല്‍ മാലാഖയേ, ഞങ്ങളുടേയും ഞങ്ങളുടെ പ്രിയപ്പെട്ടവരുടേയും അനുദിനയാത്രയിലും പ്രത്യേകിച്ച് ഞങ്ങളുടെ സ്വര്‍ഗ്ഗത്തെ ലക്ഷ്യമാക്കിയുള്ള യാത്രയിലും ഞങ്ങള്‍ക്ക് കൂട്ടായിരിക്കണമേ. ഞങ്ങളുടെ ആവശ്യങ്ങളറിയുന്ന യേശുവേ, വി.റഫായേല്‍ മാലാഖ വഴി ഞങ്ങള്‍ക്ക് ഇപ്പോള്‍ ഏറ്റം ആവശ്യമായ അനുഗ്രഹം.....സാധിച്ചു തരണമേ.