News - 2025
നേപ്പാളില്‍ ഭൂകമ്പത്തില്‍ തകര്‍ന്ന സ്കൂള്‍ ജെസ്യൂട്ട് സഭ പുനര്‍നിര്‍മ്മിച്ച് നല്‍കി
സ്വന്തം ലേഖകന്‍ 23-02-2017 - Thursday
കാഠ്മണ്ഡു: 2015-ല്‍ നേപ്പാളില്‍ ഉണ്ടായ ഭൂകമ്പത്തെ തുടര്‍ന്നു പൂര്‍ണ്ണമായി തകര്‍ന്ന വിദ്യാലയം ജസ്യൂട്ട് സഭ പുനര്‍നിര്‍മ്മിച്ച് നല്‍കി. മലയോര ജില്ലയായ ദോലക്കയിലെ ശ്രീ ഹലേശ്വവര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ആണ് നേപ്പാള്‍ ജസ്യുട്ട് സോഷ്യല്‍ ഇന്‍സ്‌റ്റിറ്റുട്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കി അധികൃതര്‍ക്ക് കൈമാറിയത്.
രാജ്യത്തിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്നും 200 കിലോമീറ്റര്‍ ദൂരെ ഹരിശങ്കര്‍ മലനിരകളുടെ അടിവാരത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഭൂകമ്പത്തില്‍ മലയോര ഗ്രാമങ്ങളിലെ ഏഴ് വിദ്യാലയങ്ങള്‍ പുര്‍ണ്ണമായി തകര്‍ന്നിരുന്നു. അതിലൊന്നാണ് ബ്രിട്ടനിലെ ജസ്യൂട്ട് സഭ പുനര്‍നിര്‍മ്മിച്ചു നല്‍കിയത്. സ്‌കൂളുകള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ പഠനോപകരണങ്ങളും ഇവര്‍ നല്‍കി. 13,39,600 നേപ്പാളിസ് രൂപ ചെലവിട്ടാണ് സ്‌കൂള്‍ പുനര്‍നിര്‍മ്മിച്ചത്.
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് നേപ്പാളിലെ ജസ്യൂട്ടു സഭാംഗങ്ങള്‍ മേല്‍നോട്ടം വഹിച്ചു. സ്‌കൂള്‍ കൈമാറ്റച്ചടങ്ങില്‍ നേപ്പാള്‍ ജസ്യുട്ട് സോഷ്യല്‍ ഇന്‍സ്‌റ്റിറ്റുട്ട് ചെയര്‍മാന്‍ ഫാ. ബോണിഫെയ്‌സ് ടിഗ്ഗ, ഡയറക്ടര്‍ ഫാ. റോയ് സെബാസ്‌റ്റിയന്‍, ഫാ. അരുള്‍ ആനന്ദം എന്നിവരും സ്കൂള്‍ അധികൃതരും പങ്കെടുത്തു. നേരത്തെ നേപ്പാളിലുള്ള ജസ്യൂട്ട് സഭ നാല് വിദ്യാലയങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ സഹായം ചെയ്‌തിരുന്നു.