News - 2024
ഓട്ടിസം ബാധിച്ചവര്‍ക്ക് യേശുവിനെ നല്‍കുവാന്‍ വിയറ്റ്നാമിലെ ഹോ ചി മിന്‍ സിറ്റി അതിരൂപത
സ്വന്തം ലേഖകന്‍ 06-04-2017 - Thursday
ഹോ ചി മിന്‍ സിറ്റി: ഓട്ടിസം ബാധിച്ച കുട്ടികൾക്കു വിശ്വാസ പരിശീലനത്തിനും ദിവ്യകാരുണ്യ സ്വീകരണത്തിനും അവസരം ഒരുക്കാൻ വിയറ്റ്നാമിലെ ഹോ ചി മിന്‍ സിറ്റി അതിരൂപത പ്രത്യേക കർമ്മ പദ്ധതികൾക്ക് രൂപം നൽകി. ലോക ഓട്ടിസം ബോധവല്‍ക്കരണ ദിനമായ ഏപ്രില്‍ 1-ന് കാരിത്താസിന്റെ നേതൃത്വത്തില്‍ 'സിറ്റി പാസ്റ്ററല്‍ സെന്ററില്‍' വെച്ച് നടത്തിയ “ഫെയിത്ത് എന്‍കൗണ്ടര്‍ വിത്ത് ഓട്ടിസ്റ്റിക്ക് പ്യൂപ്പിള്‍” പരിപാടിയിലാണ് പദ്ധതിക്ക് രൂപം നൽകിയത്. ഓട്ടിസം ബാധിച്ച 30 പേര്‍ ഉള്‍പ്പെടെ 80-ഓളം ആളുകള്‍ പരിപാടിയിൽ പങ്കെടുത്തു.
ഓട്ടിസം ബാധിതരായവർക്ക് വിശ്വാസ പരിശീലനം നൽകാനും കുമ്പസാരിക്കുവാനും പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്താനും പദ്ധതിയിലൂടെ അവസരം ഒരുക്കുമെന്ന് ഫാദര്‍ ജോസഫ് ഡാവോ ന്ഗ്യൂമെന്‍ അറിയിച്ചു. അതിരൂപതാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഓട്ടിസം ബാധിതർക്ക് മതബോധന പരിശീലനം ഒരുക്കുക. വിശ്വാസ പരിശീലനത്തിനും പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിനും 20 പേർ ഇതിനോടകം തന്നെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഓട്ടിസം ബാധിച്ചവര്‍ക്കായി വളരെ കുറച്ച് പരിശീലന കേന്ദ്രങ്ങള്‍ മാത്രമേ വിയറ്റ്നാമില്‍ ഉള്ളു. രോഗബാധിതരായ കുഞ്ഞുങ്ങൾ ഏറെ അവഗണനക്ക് ഇരയാകുന്നുണ്ടെന്നും പ്രൈവറ്റ് സ്കൂളുകളില്‍ ചേര്‍ക്കുവാന്‍ തങ്ങളുടെ സാമ്പത്തിക സ്ഥിതി അനുവദിക്കുന്നില്ലെന്നു ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍ പറഞ്ഞു. പുതിയ പദ്ധതിയില്‍ സന്തോഷമുന്ദ്നെനും തന്റെ മകന്‍ ഭാവിയില്‍ ദിവ്യകാരുണ്യം സ്വീകരിക്കുമെന്ന്‍ തനിക്കുറപ്പുണ്ടെന്നും ഓട്ടിസം ബാധിച്ച മകന്റെ മാതാവ് അന്നാ ന്ഗ്യൂയെന്‍ തി സുവാന്‍ ഹോങ്ങ് സമ്മേളനത്തില്‍ പറഞ്ഞു.
വിയറ്റ്നാമിലെ രണ്ടു ലക്ഷത്തോളം വരുന്ന ഓട്ടിസ ബാധിതര്‍ക്ക് പൊതുസമൂഹവുമായി ഇഴകി ചേരുവാനും സ്വതന്ത്രമായി ജീവിക്കുവാനും സാധിക്കുന്നില്ലായെന്ന സാഹചര്യം പരിഗണിച്ചാണ് ഹോ ചി മിന്‍ സിറ്റി അതിരൂപത പുതിയ പദ്ധതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ജീവിതത്തിന്റെ വിവിധ മേഖലകളില്‍ വിവേചനം നേരിടുന്ന ഓട്ടിസം ബാധിതര്‍ക്ക് സ്വാതന്ത്ര്യത്തോട് കൂടി തങ്ങളുടെ വിശ്വാസജീവിതം നയിക്കുവാന്‍ ഇത്തരം പരിപാടികള്‍ വഴി കഴിയുമെന്ന പ്രതീക്ഷയിലാണ് ഹോ ചി മിന്‍ സിറ്റി അതിരൂപതാ നേതൃത്വം.