India - 2024
ഭവനരഹിതരായ നാനാജാതി മതസ്ഥര്‍ക്ക് പുതുഭവനം സമ്മാനിക്കാന്‍ 'ആര്‍ച്ച് ബിഷപ്സ് സ്നേഹ ഭവന പദ്ധതി'
സ്വന്തം ലേഖകന്‍ 26-04-2017 - Wednesday
കൊച്ചി: സമൂഹത്തിലെ ഭവനരഹിതരായ നാനാജാതി മതസ്ഥര്‍ക്ക് സാന്ത്വന സ്പര്‍ശമായി വരാപ്പുഴ അതിരൂപതയുടെയും സാമൂഹ്യസേവന വിഭാഗമായ എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെയും (ഇഎസ്എസ്എസ്) ഭവന പദ്ധതിയായ 'ആര്‍ച്ച് ബിഷപ്പ്സ് സ്നേഹ ഭവന പദ്ധതി'ക്കു തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍ നിര്‍വ്വഹിച്ചു.
ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണെന്നും അത് സാക്ഷാത്കരിക്കുവാന്‍ സാധിക്കാത്ത ആളുകള്‍ നമുക്ക് ചുറ്റുമുണ്ടെന്നും ആര്‍ച്ച് ബിഷപ് പറഞ്ഞു. സന്മനസുള്ള അഭ്യുദയകാംക്ഷികളുടെ സംഭാവനകള്‍ സ്വികരിച്ചാണ് ഈ പദ്ധതി പൂര്‍ത്തികരിക്കുക. യോഗത്തില്‍ സംഭാവനകള്‍ ആര്‍ച്ച് ബിഷപ് ഏറ്റുവാങ്ങി. ചടങ്ങില്‍ ഭവന നിര്‍മാണ പൂര്‍ത്തീകരണത്തിനായി ഒരു വ്യക്തിക്ക് ധനസഹായം നല്കി.
ഇഎസ്എസ്എസും, കാരിത്താസ് ഇന്ത്യയും സംയുക്തമായി നടപ്പിലാക്കി വരുന്ന ആശാകിരണം കാന്‍സര്‍ സുരക്ഷപദ്ധതിയുടെ ഭാഗമായി നിര്‍ധനരായ രോഗികള്‍ക്കായുളള ചികിത്സാ ധനസഹായവും ചടങ്ങില്‍ നല്കി. ഇഎസ്എസ്എസ് ഡയറക്ടര്‍ ഫാ. ആന്റണി റാഫേല്‍ കൊമരംചാത്ത്, അസി.ഡയറക്ടര്‍ ഫാ. ജോബ് കുണ്ടോണി, കൊച്ചിന് കോര്പറേഷന് കൗണ്‍സിലര്‍ ഗ്രേസി ബാബു ജേക്കബ്, ഇഎസ്എസ്എസ് ജനറല്‍ ബോഡി മെമ്പര്‍ റാഫേല്‍ കളത്തിവീട്ടില്‍ എന്നിവര്‍ സംസാരിച്ചു.