India - 2024
ദളിത് കത്തോലിക്കര്‍ക്ക് ഭവനപദ്ധതിയുമായി സിഎംഐ സഭ
സ്വന്തം ലേഖകന്‍ 14-05-2017 - Sunday
കോട്ടയം: കെസിബിസി/എസ്സി/എസ്ടി/ബിസി കമ്മീഷന്റെ ഭവന നിർമാണ പദ്ധതിയോടു സഹകരിച്ചുകൊണ്ട് സിഎംഐ സമൂഹം ദളിത് കത്തോലിക്കർക്ക് ഭവന നിർമാണ പദ്ധതി പ്രഖ്യാപിച്ചു. കെസിബിസി/എസ്സി/എസ്ടി/ബിസി കമ്മീഷൻ ചെയർമാൻ മാർ ജേക്കബ് മുരിക്കന്റെ സാന്നിധ്യത്തിൽ പ്രിയോർ ജനറാൾ റവ. ഡോ. പോൾ ആച്ചാണ്ടിയാണ് വിശുദ്ധ ചാവറ ഭവന നിർമാണ പദ്ധതി പ്രഖ്യാപിച്ചത്. കാക്കനാട് ചാവറ ഹിൽസിൽ സിഎംഐ പ്രിയോർ ജനറലിന്റെ അധ്യക്ഷതയിൽ ജനറൽ ടീം, പ്രൊവിഷ്യൽസ്, കൗൺസിലേഴ്സ് എന്നിവരുടെ യോഗമാണ് ഭവന നിർമാണ പദ്ധതിക്ക് അംഗീകാരം നൽകിയത്.
ലത്തീൻ, സീറോ മലങ്കര, സീറോ മലബാർ രൂപതകളിൽപ്പെട്ട ഭവന രഹിതരായ 101 ദളിത് കത്തോലിക്കാ കുടുംബങ്ങൾക്ക് ഓരോ കുടുംബത്തിനും ഒന്നേമുക്കൽ ലക്ഷം രൂപ വീതം ലഭിക്കും. രൂപതാധ്യക്ഷന്റെ അനുമതിയോടെ കമ്മീഷന് സമർപ്പിക്കുന്ന ലിസ്റ്റിൽ നിന്നായിരിക്കും ഭവനങ്ങൾ തെരഞ്ഞെടുക്കുന്നത്. പദ്ധതി പ്രകാരം മാതൃരൂപത ഭവന നിർമാണത്തിന്റെ ആദ്യഘട്ടം പൂർത്തീകരിച്ചതിനുശേഷമേ സിഎംഐ സമൂഹത്തിൽനിന്നു തുക അതത് ഇടവക വികാരി വഴി നൽകുകയുള്ളൂ.