News

ദൈവത്തിന്റെ കാരുണ്യത്തിലേക്ക് ലോകത്തെ ക്ഷണിച്ചുകൊണ്ട്, ഫ്രാൻസിസ് മാർപാപ്പ ജൂബിലി വർഷത്തിന് ആരംഭം കുറിച്ചു

സ്വന്തം ലേഖകൻ 09-12-2015 - Wednesday

സെന്റ്-പീറ്റേർസ് ബസലിക്കയിലെ വിശുദ്ധ കവാടം തുറന്നു കൊണ്ട്, ഫ്രാൻസിസ് മാർപാപ്പ കരുണയുടെ ജൂബിലി വർഷത്തിന് ഔദ്യോഗികമായി ആരംഭം കുറിച്ചു. ദൈവത്തിന്റെ കരുണയും, അനന്ത സ്നേഹവും, അനുഭവവേദ്യമാക്കാനുള്ള അവസരമാണിതെന്ന്, പിതാവ് എടുത്തു പറഞ്ഞു. കരുണയുടെ അസാധാരണ വർഷം തന്നെ, ദൈവത്തിന്റെ പ്രത്യേക അനുഗ്രഹമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.

വിശുദ്ധ കവാടത്തിലൂടെ കടന്നു പോകുമ്പോൾ, നിങ്ങൾ ദൈവത്തിന്റെ കാരുണ്യത്തിലേക്ക് പ്രവേശിക്കുകയാണ് എന്ന് തിരിച്ചറിയണം വിധിക്കപ്പെടുന്നതിന് മുമ്പ് കാരുണ്യം പ്രകടിപ്പിക്കേണ്ടതുണ്ട്. ദൈവത്തിന്റെ വിധികൾ കാരുണ്യത്തിൽ അധിഷ്ഠിതമാണ്.

ഭയവും ആശങ്കയും ഇല്ലാതെ, നിങ്ങളെ രൂപാന്തരപ്പെടുത്തുന്ന ദൈവസ്നേഹവും കരുണയും അനുഭവിച്ച് സന്തോഷിക്കാനുള്ള സമയമാണിത്: പിതാവ്‌ പറഞ്ഞു.

ഡിസംബർ 8-ാം തിയതി കരുണയുടെ ജൂബിലി വർഷാരംഭത്തിൽ തന്നെയാണ് മാതാവിന്റെ അമലോൽഭവ തിരുനാൾ എന്നത് പ്രത്യേകം ഓർത്തിരിക്കേണ്ടതാണ്. 2016 നവംബർ 20-ന് ക്രിസ്തുവിന്റെ രാജത്വതിരുനാൾ ദിനത്തിൽ ജൂബിലി കൊടിയിറങ്ങും.

ജൂബിലി വർഷങ്ങളിൽ മാത്രം തുറക്കുന്ന വിശുദ്ധ കവാടത്തിലൂടെ ദൈവകാരുണ്യത്തിലേക്ക് എത്തുന്ന വിശ്വാസികൾക്ക്, പൂർണ്ണ ദണ്ഡ വിമോചനം ലഭിക്കുന്നതാണ് എന്ന് പിതാവ് കൽപ്പിച്ചിട്ടുണ്ട്.

പിതാവ് വിശുദ്ധ കവാടം തുറന്ന് സ്വയം അതിലൂടെ ദേവാലയത്തിൽ പ്രവേശിച്ചു. തൊട്ടു പുറകിൽ, രണ്ടാമതായി, മുൻ മാർപാപ്പ ബനഡിക്ട് XVI - മനും, വിശുദ്ധ കവാടത്തിലൂടെ ദേവാലയത്തിൽ പ്രവേശിച്ചു.

ജൂബിലി വർഷത്തിൽ, കരുണയിലൂടെ, പാപവിമോചനത്തിന്റെ വാതിലാണ് ലോകമെങ്ങുമുള്ള, തിരഞ്ഞെടുക്കപ്പെട്ട ദേവാലയങ്ങളിൽ തുറക്കപ്പെടുന്നത്.

ഗബ്രിയേൽ മാലാഖ മറിയത്തിന് പ്രത്യക്ഷപ്പെട്ട് പറഞ്ഞത് കരുണയുടെ ഈ വർഷത്തിൽ നമുക്കും ബാധകമാണ്.

ദൈവത്തിന്റെ കരുണ മറിയത്തെ വലയം ചെയ്തു. ആ കരുണ നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ, ഇന്ന് പുന:സൃഷ്ടിക്കപ്പെടുകയാണ്. അതിന് യോഗ്യരായിരിക്കേണ്ട കടമയാണ് നമുക്കുള്ളത്.

ദൈവത്തിന്റെ കരുണ നിങ്ങളുടെ ജീവിതത്തിൽ ഊർജ്ജം പകരുകയും, മനുഷ്യഗതിയെ മാറ്റിമറിക്കാനുള്ള അവസരം നിങ്ങൾക്ക് നൽകപ്പെടുകയും ചെയ്യും.

പിതാവ്, ഉൽപ്പത്തി പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന, ആദ്യ പാപത്തെ പരാമർശിച്ചു കൊണ്ട് പറഞ്ഞു. "ആദാമിനേയും ഹവ്വയേയും പോലെ, ദൈവത്തിന്റെ ആജ്ഞകൾ നമ്മളും ധിക്കരിക്കുന്നുണ്ട്. ദൈവത്തിന് നിന്നെ പറ്റിയുള്ള ഉദ്ദേശലക്ഷ്യങ്ങൾ എന്താണ്? അതറിയാൻ ശ്രമിക്കാതെ, സ്വയം തിരഞ്ഞെടുത്ത വഴിയിലൂടെ നമ്മൾ ചരിക്കുമ്പോൾ, ആദാമിനെ പോലെ നാമും പാപം ചെയ്യുകയാണ്."

ദൈവം, നമ്മുടെ പാപങ്ങൾ മാത്രം കണക്കിലെടുത്തിരുന്നെങ്കിൽ, നമ്മൾ ഏറ്റവുമധികം ശപിക്കപ്പെട്ടവരും സന്തപ്തരുമായി തീരുമായിരുന്നു.

യേശുവിന്റെ സ്നേഹത്തിന്റെ വിജയം, ദൈവത്തിന്റെ കരുണയുടെ വിജയം തന്നെയാണ്. പരിശുദ്ധ കന്യകാമറിയവും, ദൈവത്തിന്റെ അനന്തമായ കരുണയ്ക്ക് സാക്ഷ്യം വഹിക്കുന്നു.

അമലോൽഭവ തിരുനാളിന്റെ ദിനം, ജൂബിലിയുടെ ആരംഭ ദിനം - രണ്ടും ഡിസംബർ 8. അന്നേ ദിവസം തന്നെയാണ്, ആധുനിക ക്രൈസ്തവ ജീവിതത്തിന് മാർഗ്ഗ നിർദേശം നൽകിയ, രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ 50-ാം വാർഷികം ആചരിക്കുന്നത്. ഈ മൂന്നു ക്രൈസ്തവ സംഭവങ്ങളും ഒരുമിച്ചു ചേരുന്ന, ഡിസംബർ 8 നമ്മുടെയെല്ലാം ആത്മീയ നവീകരണത്തിന്റെ ദിനമായി മാറട്ടെ എന്ന് പിതാവ് പ്രാർത്ഥിച്ചു.

Source: EWTN News

More Archives >>

Page 1 of 17