News - 2025
മതത്തിന്റെ പേരിൽ അക്രമങ്ങൾ നടത്തുന്നവർ വ്യാജന്മാരാണെന്ന് തിരിച്ചറിയുക : മുസ്ലീം മസ്ജിദ് സന്ദര്‍ശിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ
അഗസ്റ്റസ് സേവ്യർ 01-12-2015 - Tuesday
അക്രമങ്ങളിലൂടെ ദൈവത്തിന്റെ വദനം മലിനമാക്കുന്നവർക്കെതിരെ അണിനിരക്കാൻ, മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിലെ, ക്രൈസ്തവരോടും മുസ്ലീങ്ങളോടും മാർപ്പാപ്പ ആഹ്വാനം ചെയ്തു.
"യഥാർത്ഥ ദൈവ വിശ്വാസികൾ, സമാധാന കാംക്ഷികളായിരിക്കും. ദൈവത്തിന്റെ പേരിൽ അക്രമത്തിനിറങ്ങുന്നവർ കപടവിശ്വാസികളാണ്. " പിതാവ് പറഞ്ഞു.
കൊഡൊ കൗയിലെ മുസ്ലീം മസ്ജിദിലെത്തി , അവിടത്തെ മുസ്ലീങ്ങളെ അഭിസംബോധചെയ്യുമ്പോൾ, അദ്ദേഹം, ആ രാജ്യത്ത് ഒരു കാലത്ത് നിലനിന്നിരുന്ന മതസൗഹാർദ്ദത്തെ പറ്റി ഓർമിപ്പിച്ചു.
മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിൽ ഫ്രാൻസിസ് മാർപാപ്പ നടത്തിയ സന്ദർശനത്തിന്റെ അവസാന ദിവസം, അദ്ദേഹം സ്വമേധയാ ഒരു യുദ്ധമേഖലയിൽ എത്തി സമാധാന ശ്രമങ്ങൾ നടത്തുകയായിരുന്നു.
"ക്രൈസ്തവരും മുസ്ലീങ്ങളും സഹോദരീ സഹോദരന്മാരാണ്." പിതാവ് വീണ്ടും അവരെ ഓർമിപ്പിച്ചു.
"നാം ഒരുമിച്ച് വെറുപ്പിനോടും, വിദ്വേഷത്തോടും പ്രതികാരത്തോടും, അക്രമത്തോടും 'ഇല്ല' എന്ന് പറയണം.
ദൈവം സമാധാനമാണ്. ദൈവത്തിന്റെ പേരിൽ, മതത്തിന്റെ പേരിൽ അക്രമങ്ങൾ നടത്തുന്നവർ വ്യാജന്മാരാണ് എന്ന് തിരിച്ചറിയുക. "
2012 ഡിസംബറിലാണ് മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. മുസ്ലീം ഗ്രൂപ്പുകൾ ഒരുമിച്ച് ചേർന്ന് സെലേക്ക എന്ന പേരിൽ ഒരു സഖ്യമുണ്ടാക്കി, അന്നത്തെ പ്രസിഡന്റ് ഫ്രാങ്കോയീസ് ബോഡീസിന്റെ ഭരണം അട്ടിമറിച്ച് അധികാരമേറ്റു.
അതിനു ശേഷം 6000-ലധികം ആളുകൾ സംഘട്ടനങ്ങളിൽ മരിച്ചു കഴിഞ്ഞു. അക്രമങ്ങൾ മൂലം മാറ്റിവെയ്ക്കപ്പെട്ട ഒക്ടോബറിലെ തിരഞ്ഞെടുപ്പുകൾ ഈ വരുന്ന ഡിസംബർ 27-ാം തീയതി നടക്കാനിരിക്കുകയാണ്. ഇടക്കാല പ്രസിഡന്റ് , കാതറീന സാംബ പാസയുടെ സമാധാന ശ്രമങ്ങളെല്ലാം പരാജയപ്പെട്ടിരിക്കുകയാണ്.
മുസ്ലീം മസ്ജിദിൽ നടത്തിയ പ്രസംഗത്തിൽ, പിതാവ്, മുസ്ലീം - ക്രിസ്ത്യൻ മത നേതാക്കളുടെ സമാധാന ശ്രമങ്ങളെ പുകഴ്ത്തി. 'വരുന്ന തിരഞ്ഞെടുപ്പിൽ, ഈ രാജ്യത്തെ, സമാധാനത്തിലേക്കും പുരോഗതിയിലേക്കും നയിക്കാൻ ശക്തരായ നേതാക്കൾ ഉയർന്നു വരും' എന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
പിതാവിന്റെ സന്ദർശനം, കലഹത്തിലേർപ്പെട്ടിരിക്കുന്ന ക്രൈസ്തവ - മുസ്ലീ വിഭാഗങ്ങളിൽ, സമാധാനത്തിന്റെ പ്രത്യാശ ഉളവാക്കിയിട്ടുണ്ട്.
'ആഫ്രിക്കയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക് (CAR - Central African Republic), എല്ലാം കൊണ്ടും ആഫ്രിക്കയുടെ ഹൃദയമായി തീരട്ടെ' എന്ന് പിതാവ് ആശംസിച്ചു.
രാജ്യത്തിന്റെ അഖണ്ഡതയ്ക്കും, സാഹോദര്യത്തിനും, സമന്വയത്തിനുമായി പ്രവർത്തിക്കാനും, അവയ്ക്ക് വേണ്ടി പ്രാർത്ഥിക്കാനും ആവശ്യപ്പെട്ടുകൊണ്ട്, പിതാവ് പ്രസംഗം ഉപസംഹരിച്ചു. 1985-ൽ വി.ജോൺ പോൾ രണ്ടാമന്റെ മദ്ധ്യ ആഫ്രിക്കൻ സന്ദർശനത്തിനു ശേഷം ആദ്യമായാണ് ഒരു മാർപാപ്പ CAR-ൽ എത്തുന്നത്.
(Source: www.ewtnnews.com)