News - 2025

കരുണയുടെ ജൂബിലിയെ പറ്റിയുള്ള പ്രതീക്ഷകളും ലക്ഷ്യങ്ങളും പങ്കുവച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ

സ്വന്തം ലേഖകൻ 03-12-2015 - Thursday

കരുണയുടെ ജൂബിലിയെ പറ്റിയുള്ള പ്രതീക്ഷകളും ലക്ഷ്യങ്ങളും, ഫ്രാൻസിസ് മാർപാപ്പ, Credere എന്ന ഇറ്റാലിയൻ മാസികക്ക് അനുവദിച്ച അഭിമുഖത്തിലൂടെ പങ്കുവച്ചു.

"ജീവിതത്തിൽ കരുണയുടെ പ്രസക്തി, തിരുസഭ എടുത്തു പറഞ്ഞിട്ടുള്ള ഒരു വിഷയമാണ്. പോൾ ആറാമൻ മാർപ്പാപ്പയുടെ കാലം മുതൽ, ഈ വിഷയത്തിന് അത്യധികം പ്രാധാന്യമാണ്, തിരുസഭ നൽകിക്കൊണ്ടിരിക്കുന്നത്. ഈ കാലഘട്ടത്തിൽ കരുണയുടെ പ്രാധാന്യം ഓർമിപ്പിക്കേണ്ടത് ആവശ്യമാണെന്ന് ഞാൻ കരുതുന്നു" മാർപാപ്പ പറഞ്ഞു.

"കരുണ എന്ന ആശയം, എന്റെ മനസ്സിൽ തനിയെ കടന്നു വന്നതല്ല. കർത്താവിന്റെ ഉപദേശങ്ങളിൽ ഏറ്റവും പ്രധാനവും, ലോകത്തിൽ ഇന്ന് നമ്മൾ മറന്നു കൊണ്ടിരിക്കുന്നതുമായ, ഒരു ആശയമാണ് കരുണ. എന്നത്തേയുംകാൾ കൂടുതൽ, ഇന്നത്തെ ലോകത്തിന് കരുണ ആവശ്യമായി വന്നിരിക്കുന്നു എന്ന് നമുക്ക് അറിയാമല്ലോ.

ലോകത്തിൽ ഒട്ടാകെ, ഇപ്പോൾ അത്യന്തം നികൃഷ്ടമായ കൃത്യങ്ങൾക്ക്, നാം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാം ക്ഷമിക്കുന്ന, കാരുണ്യവാനായ നമ്മുടെ ദൈവത്തെ, ലോകം അറിയേണ്ട സമയമാണിത്.

കുറ്റപ്പെടുത്തലുകളും ക്രൂരതയും, ഒരു പ്രശ്നത്തിനും പരിഹാരമല്ല എന്നു നാം മനസ്സിലാക്കണം. തിരുസഭ പോലും, ചില അവസരങ്ങളിൽ, കുറ്റപ്പെടുത്തലുകൾ പോലെയുള്ള തെറ്റുകളിൽ വീഴാറുണ്ട് എന്ന കാര്യം നാം ഓർമ്മിക്കേണ്ടതുണ്ട്. ചിലരെയെല്ലാം നമ്മൾ തന്നെ, കുറ്റപ്പെടുത്തി മാറ്റി നിറുത്തിയിട്ടില്ലെ?

ഒരു വലിയ യുദ്ധത്തിനു ശേഷം, ആ യുദ്ധഭൂമിയിൽ തുറക്കുന്ന ഒരു ആശുപത്രിയാണ് സഭ എന്ന് സങ്കൽപ്പിക്കുക ! അവിടെ, മുറിവേറ്റു വീണു കിടക്കുന്ന മനുഷ്യഗണങ്ങളുണ്ട് ! ഇതാണ് കരുണയുടെ സമയം എന്നു ഞാൻ വിശ്വസിക്കുന്നു.

നമ്മൾ എല്ലാം പാപം ചെയ്തിട്ടുണ്ട്. അതൊരു ഭാരമാണ്. ആ പാപഭാരം നമ്മൾ മനസ്സിൽ വഹിക്കുന്നുണ്ട്. ആ പാപത്തിൽ നിന്നുമുള്ള, മോചനത്തിന്റെ വാതിലാണ് യേശു . അത്, യേശുവിന്റെ ഹൃദയത്തിലേക്കുള്ള വാതിലാണ്! ക്ഷമിക്കുക! എന്ന ഉപദേശമാണ് കർത്താവ് നമുക്ക് നൽകിയത്.

യേശുവിന്റെ അനുയായികളായ നമുക്ക്, ആർക്കെതിരെയും വൈരാഗ്യബുദ്ധിയോടെ പ്രവർത്തിക്കാൻ കഴിയുകയില്ല. പരസ്പര ധാരണയുടെയും, സമന്വയത്തിന്റെയും വർഷമാണിത്. ആയുധക്കച്ചവടവും, അതിന്റെ ഫലമായുണ്ടാകുന്ന കൂട്ടക്കുരുതികളും, നമുക്കു ചുറ്റും നിത്യസംഭവങ്ങളായി മാറിക്കൊണ്ടിരിക്കുന്നത്, നാം കണ്ടു കൊണ്ടിരിക്കുകയാണ്.

മനുഷ്യനെതിരെയുള്ള ക്രൂരത, ദൈവത്തിനെതിരെയുള്ള ക്രൂരതയാണ്. കാരണം, മനുഷ്യൻ ദൈവത്തിന്റെ പ്രതിരൂപമായാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഈ ക്രൂരത അവസാനിപ്പിച്ച്, തന്റെ അടുത്തേക്ക് വരുവാൻ, തന്റെ സ്നേഹവും സമാധാനവും പങ്കുവെയ്ക്കാൻ, ദൈവം നമ്മോട് ഒരോരുത്തരോടും ആവശ്യപ്പെടുകയാണ്".

മറ്റുള്ള മനുഷ്യരെ പോലെതന്നെ, താനും ഒരു പാപിയാണെന്ന്, സ്വയം വിധിച്ചിരിക്കുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ജീവിതത്തിൽ, ദൈവകാരുണ്യത്തിന്റെ പ്രസക്തി എത്രത്തോളമെന്ന ചോദ്യത്തിന്, അദ്ദേഹം ഇങ്ങനെ മറുപടി നൽകി : ഞാനും എല്ലാവരെയും പോലെ ഒരു പാപിയാണ്. പക്ഷേ, ദൈവം എന്നെ ദയയോടെ വീക്ഷിക്കുന്നത് ഞാൻ അറിയുന്നു ! ബൊളീവിയായിലെ തടവുകാരെ കണ്ടപ്പോൾ, ഞാൻ അവരോടു പറയുകയുണ്ടായി -ഞാൻ ഒരു പാപിയാണ്, പക്ഷേ, പശ്ചാത്താപത്തോടെ വിളിച്ചപ്പോൾ, ദൈവം എന്നോട് ക്ഷമിച്ചിരിക്കുന്നു എന്ന് ഞാൻ അറിയുന്നു. ഞാൻ തെറ്റുകൾ ചെയ്യാറുണ്ട്. പതിനഞ്ച് , ഇരുപത് ദിവസങ്ങൾ കൂടുമ്പോൾ, ഞാൻ കുമ്പസാരിക്കാറുണ്ട്. പശ്ചാത്തപിച്ചു കഴിയുമ്പോൾ ദൈവകാരുണ്യം എന്റെ മേൽ പതിക്കുന്നത് അനുഭവിച്ചറിയാൻ വേണ്ടിയാണ് ഞാൻ കുമ്പസാരിക്കുന്നത്.

1953 സെപ്തംബർ 21-ാം തിയതി , ബാലനായിരുന്ന തനിക്ക് പെട്ടന്ന് ഒരു പള്ളിയിൽ കയറി കുമ്പസാരിക്കണമെന്നുള്ള ആഗ്രഹമുണ്ടായ സംഭവം അദ്ദേഹം വിവരിച്ചു. എന്തുകൊണ്ടെന്നറിയില്ല, ആ ദിവസം എന്റെ ജീവിതം തീരുമാനിക്കപ്പെട്ടതായി എനിക്കു തോന്നി. അന്ന്, തന്നെ കുമ്പസാരിപ്പിച്ച വൈദീകൻ, ഒരു വർഷം മുഴുവൻ തനിക്ക് മാർഗ്ഗ നിർദ്ദേശം നൽകിക്കൊണ്ട്, തന്റെ കൂടെയുണ്ടായിരുന്ന കാര്യം പിതാവ് നന്ദിയോടെ സ്മരിച്ചു. പിന്നിട് അദ്ദേഹം ലൂക്കേമിയ രോഗം ബാധിച്ച് മരണമടഞ്ഞു. തന്റെ ബാലമനസ്സിന്, ആ സംഭവം വലിയൊരു ആഘാതമായിരുന്നു. ദൈവം തന്നെ കൈവിട്ടതു പോലെ അദ്ദേഹത്തിന് തോന്നി. എങ്ങനെയോ ആ സമയം താൻ ദൈവത്തിന്റെ കാരുണ്യത്തെ പറ്റി ബോധവാനായതായി അദ്ദേഹം സാക്ഷൃപ്പെടുത്തുന്നു. "യേശു അവനെ കരുണയോടെ നോക്കി " എന്ന് സുവിശേഷകൻ രേഖപ്പെടുത്തുന്ന ഭാഗം ആ ബാലൻ ഓർമ്മിച്ചു.

ദൈവത്തിന്റെ മാതൃഗുണങ്ങൾ തിരിച്ചറിയാനുള്ള സമയമാണ് കരുണയുടെ വർഷം.

ദൈവത്തിന് മാതൃത്വത്തിന്റെ ഒരു ഭാവമുണ്ടോ? ഇതായിരുന്നു മൂന്നാമത്തെ ചോദ്യം. അതിന് ദൃഢമായ ഉത്തരമാണ് പിതാവ് നൽകിയത്.

"ഉണ്ട്." അദ്ദേഹം ഏശയ്യാ പ്രവാചകന്റെ വാക്കുകൾ ഉദ്ധരിച്ചു: ''അമ്മ നിന്നെ മറന്നാലും, ഞാൻ നിന്നെ മറക്കുകയില്ല, ഞാൻ നിന്നെ ഉപേക്ഷിക്കുകയില്ല!"

ഇവിടെ നാം ദൈവത്തിന്റെ മാതൃത്വമാണ് ദർശിക്കുന്നത്. ഉത്തമമായ പിതൃത്വത്തിൽ അടങ്ങിയിരിക്കുന്ന ഒരു ഗുണവിശേഷമാണ് മാതൃത്വം. ഈ ആശയം എല്ലാവർക്കും മനസ്സിലാകണമെന്നില്ല. അത് സാമാനുജനത്തിന് അറിയാവുന്ന ഒരു ഭാഷയല്ല. അതു കൊണ്ട് ഞാൻ, മാതൃത്വത്തിന് പകരം ദൈവത്തിന്റെ മൃദുലമായ സാന്ത്വനത്തെ പറ്റി സംസാരിക്കാം. ദൈവം ഒരേ സമയം പിതാവും മാതാവുമാകുന്നു.

ദയാലുവായ, ഭാവമയനായ ദൈവം എന്ന ആശയം, നമുക്ക് മറ്റുള്ളവരോടുള്ള മനോഭാവത്തിൽ മാറ്റമുണ്ടാക്കുമോ എന്ന ചോദ്യത്തിന്, പിതാവ് ഇങ്ങനെ മറുപടി പറഞ്ഞു. "ദൈവത്തിന്റെ ഈ ഭാവം മനസ്സിലാകുന്നതോടെ, നാം കൂടുതൽ ക്ഷമയോടെ, സഹിഷ്ണുതയോടെ, കൂടുതൽ തരളതയോടെ, മറ്റുള്ളവരോട് ഇടപെടുവാൻ തയ്യാറാകും.

1994-ലെ സിനഡിൽ, നമ്മുടെ മനോഭാവങ്ങളിൽ മൃദുവായ സാന്ത്വനത്തിന്റെ ഒരു വിപ്ലവം സൃഷ്ടിക്കണമെന്ന്, ഞാൻ അഭിപ്രായപ്പെട്ടിരുന്നു. കരുണയുടെ വർഷത്തിന്റെ ഫലം അതായിരിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. നാം ഓരോരുത്തരും സ്വയം പറയണം "ഞാനൊരു നീചനാണ്. പക്ഷേ, ദൈവം എന്നോട് ക്ഷമിക്കുന്നു. അപ്പോൾ ഞാൻ മറ്റുള്ളവരോട് ക്ഷമിക്കാൻ കടപ്പെട്ടിരിക്കുന്നു!"

ഇവിടെ ലേഖകൻ വി.ജോൺ ഇരുപത്തി മൂന്നാമൻ മാർപാപ്പയുടെ, പ്രസിദ്ധമായ 'Sermon to the moon' നമ്മെ ഓർമിപ്പിക്കുന്നു. അന്നൊരു രാത്രിയിൽ , അദ്ദേഹം വിശ്വാസികളോട് പറഞ്ഞു: 'നിങ്ങൾ പോയി കുട്ടികളെ താലോലിക്കുക!'

മാതാപിതാക്കൾക്ക് കുട്ടികളോടുള്ള മനോഭാവമാണത്! ദൈവത്തിന് സമ്മാടുള്ള മനോഭാവമാണത്! നമുക്ക് മറ്റുള്ളവരോടുള്ള മനോഭാവവും ഇതുതന്നെയായിരിക്കണം!

More Archives >>

Page 1 of 16