News

ആഗോള സഭക്കൊപ്പം കരുണയുടെ കവാടങ്ങൾ തുറന്ന് ഖത്തറിലെ റോസറി ചർച്ചും

തോമസ്‌ ചെറിയാൻ 10-12-2015 - Thursday

മാതാവിന്റെ അമലോൽഭവ തിരുന്നാളായ ഡിസംബർ 8ന് പരിശുദ്ധ പിതാവിന്റെ ആഹ്വാനമനുസരിച്ച് ഖത്തറിലെ വിശ്വാസികളും ആഗോള സഭയോട് ചേർന്ന് കരുണയുടെ വർഷത്തിന് ആഘോഷമായ തുടക്കം കുറിച്ചു. ബിഷപ്പ് കമിലോ ബല്ലിൻ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി

വൈകിട്ട് 6:30ന് മാതാവിൻറെ ഗ്രോട്ടോയിൽ ജപമാലയോടെ തുടങ്ങിയ പ്രാർത്ഥനാ കൂട്ടായ്മ വത്തിക്കാൻറെ നിർദ്ദേശമനുസരിച്ചുള്ള കരുണയുടെ വർഷാരംഭ പ്രാർത്ഥന കഴിഞ്ഞ് പ്രദക്ഷിണമായി ദേവാലയത്തിന്റെ പ്രധാന കവാടത്തിലൂടെ അകത്തു പ്രവേശിച്ച് ആഘോഷമായ ദിവ്യബലിയോടെ പൂർത്തിയായി

ഇടവക വികാരി റവ. ഫാദർ സെൽവ രാജിനോടും മലയാളം കമ്മ്യൂണിറ്റി രക്ഷാധികാരി റവ. ഫാദർ ജോയ് വില്ല്യമിനോടുമൊപ്പം മറ്റെല്ലാ കമ്മ്യൂണിറ്റിയിൽ നിന്നുമുള്ള പുരോഹിതരും ക്രിസ്തുമസ്സിനൊരുക്കമായി ധ്യാനിപ്പിക്കാനും സഹായിക്കാനും വന്ന പുരോഹിതരും ചേർന്ന് ഒരുക്കിയ ദിവ്യബലി ഖത്തർ ക്രിസ്തവ കൂട്ടായ്മയെ കർത്താവിന്റെ കരുണയുടെ മഹാ സമുദ്രത്തിലേക്ക്‌ കൂട്ടിക്കൊണ്ടു പോയി എന്നതിൽ സംശയമില്ല

ദൈവത്തിന്റെ വലിയ കരുണയിലേക്ക് പ്രാർത്ഥനയോടെ പ്രവേശിക്കാനോരുങ്ങുന്ന വിശ്വാസ സമൂഹത്തോട് നാമോരോരുത്തരും നമ്മുടെ ജീവിതാന്തസ്സുകളിലും, കുടുംബങ്ങളിലും, വിശ്വാസ ജീവിതത്തിലും എവിടെ നിൽക്കുന്നു എന്ന വസ്തുത ആത്മ പരിശോധന ചെയ്യേണ്ടത് വളരെ ആവശ്യമാണെന്ന് പിതാവ് പ്രസംഗ മദ്ധ്യേ എടുത്തു പറഞ്ഞു.

ജോലി ദിവസമായിരുന്നിട്ടു കൂടി ഏതാണ്ട് മൂവായിരത്തിൽപ്പരം വിശ്വാസികൾ ഈ സ്വർഗീയ നിമിഷങ്ങൾക്ക് സാക്ഷികളാകുവാനും അതുവഴി ലഭിക്കുന്ന അളവറ്റ കൃപകൾ നേടുവാനും ഒത്തു കൂടി എന്നത് പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്ത ഈ മഹത്തായ വിളിയുടെ ആവശ്യകതയും അർത്ഥവും വ്യക്തമാക്കുന്നു.



More Archives >>

Page 1 of 17