News - 2025
കാനഡ പ്രധാനമന്ത്രി മാര്‍പാപ്പായെ സന്ദര്‍ശിച്ചു
സ്വന്തം ലേഖകന്‍ 31-05-2017 - Wednesday
വത്തിക്കാന്‍ സിറ്റി: കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വത്തിക്കാനിലെത്തി മാര്‍പാപ്പയുമായി കൂടികാഴ്ച നടത്തി. തിങ്കളാഴ്ച (29/05/17) ആയിരുന്നു കൂടിക്കാഴ്ച നടന്നത്. കൂടിക്കാഴ്ചാവേളയില്‍ വത്തിക്കാനും കാനഡയും തമ്മിലുള്ള ബന്ധങ്ങളില്‍ മാര്‍പാപ്പായും പ്രധാനമന്ത്രിയും സംതൃപ്തി രേഖപ്പെടുത്തിയെന്ന്‍ വത്തിക്കാന്‍ പ്രസ്സ് ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
മദ്ധ്യപൂര്‍വ്വദേശത്തെയും സംഘര്‍ഷവേദികളായ നാടുകളെയും സംബന്ധിച്ച കാര്യങ്ങള്‍, അന്താരാഷ്ട്ര പ്രാധാന്യമുള്ള വിഷയങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഇരുവരും ചര്‍ച്ച നടത്തി. കാനഡയുടെ സാമൂഹ്യജീവിതത്തിന് പ്രാദേശിക കത്തോലിക്കാസഭയേകിയിട്ടുള്ള സംഭാവനകള്‍, ഐക്യം, അനുരഞ്ജനം, മതസ്വാതന്ത്ര്യം നിലവിലുള്ള ധാര്‍മ്മിക പ്രതിസന്ധികള്‍ തുടങ്ങിയവയും ചര്‍ച്ചാവിഷയങ്ങളായി.
മാര്‍പാപ്പായുമായുള്ള കൂടിക്കാഴ്ചക്കു ശേഷം വത്തിക്കാന്‍ സ്റ്റേറ്റ്സ് സെക്രട്ടറി കര്‍ദ്ദിനാള്‍ പീയട്രോ പരോളിനുമായും വിദേശകാര്യസെക്രട്ടറി ആര്‍ച്ചുബിഷപ്പ് റിച്ചാര്‍ഡ് ഗാല്ലഗെറുമായും ജസ്റ്റിന്‍ ട്രൂഡോ കൂടികാഴ്ച നടത്തി.