Meditation. - May 2024
യേശുവിന്‍റെ നാമത്തില്‍ നാം സമര്‍പ്പിക്കുന്ന പ്രാര്‍ത്ഥന യേശുവിന്‍റെ പ്രാര്‍ത്ഥന ചെന്നെത്തിയ സ്ഥലത്തു ചെല്ലുന്നു
സ്വന്തം ലേഖകന്‍ 31-05-2024 - Friday
"സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ എന്റെ നാമത്തിൽ പിതാവിനോട് ചോദിക്കുന്നതെന്തും അവിടുന്നു നിങ്ങൾക്കു നൽകും" (യോഹ 16:23)
യേശു ഏകരക്ഷകൻ: മെയ് 31
യേശുനാമത്തിന്റെ ശക്തിയെക്കുറിച്ച് അവിടുന്നുതന്നെ വ്യക്തമായി പഠിപ്പിക്കുന്നത് സുവിശേഷത്തിൽ നമ്മുക്കു കാണാം. അതുകൊണ്ട്, അവിടുത്തെ നാമത്തിൽ പ്രാർത്ഥിക്കുക എന്നതാണ് നമ്മുടെ പ്രാർത്ഥന ഫലപ്രദമാകാനുള്ള മാർഗ്ഗം. യേശുവിന്‍റെ നാമത്തില്‍ നാം സമര്‍പ്പിക്കുന്ന പ്രാര്‍ത്ഥന യേശുവിന്‍റെ പ്രാര്‍ത്ഥന ചെന്നെത്തിയ സ്ഥലത്തു ചെല്ലുന്നു; സ്വര്‍ഗസ്ഥനായ പിതാവിന്‍റെ ഹൃദയത്തില്‍.
യേശുവിനെ വിശ്വസിച്ചാല്‍ നമുക്ക് ഇക്കാര്യത്തില്‍ തീര്‍ച്ചയുണ്ടാകും. എന്തെന്നാല്‍, പാപംമൂലം അടയ്ക്കപ്പെട്ടിരിക്കുന്ന സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി യേശു വീണ്ടും തുറന്നു. യേശു ദൈവത്തിലേക്കുള്ള വഴിയാണ്. അതുകൊണ്ട് ക്രിസ്ത്യാനികള്‍ പ്രാര്‍ത്ഥനകള്‍ അവസാനിപ്പിക്കുന്നത് ഈ ശൈലി ഉപയോഗിച്ചാണ്: 'ഞങ്ങളുടെ കര്‍ത്താവായ യേശു ക്രിസ്തുവിലൂടെ ഞങ്ങള്‍ ഇക്കാര്യം യാചിക്കുന്നു'.
ക്രിസ്തുവല്ലാതെ മറ്റൊരു മാര്‍ഗവും ക്രൈസ്തവ പ്രാര്‍ത്ഥനയ്ക്കില്ല. നമ്മുടെ പ്രാര്‍ത്ഥന സാമൂഹികമായാലും, വ്യക്തിഗതമായാലും, വാചികമായാലും, ആന്തരികമായാലും അതിനു പിതാവുമായി ബന്ധമുണ്ടാകുന്നത് നാം 'യേശുവിന്‍റെ നാമത്തില്‍' പ്രാര്‍ത്ഥിക്കുമ്പോള്‍ മാത്രമാണ്. നമ്മുടെ പിതാവായ ദൈവത്തോടു പ്രാര്‍ത്ഥിക്കാന്‍ പരിശുദ്ധാത്മാവു നമ്മെ പഠിപ്പിക്കുന്ന മാര്‍ഗം യേശുവിന്‍റെ പരിപാവനമായ മനുഷ്യ പ്രകൃതിയാണ്.
ദൈവവചനത്താലും ആരാധനാഘോഷത്താലും പരിപുഷ്ടമായ സഭയുടെ പ്രാര്‍ത്ഥന കര്‍ത്താവായ യേശുവിനോടു പ്രാര്‍ത്ഥിക്കാന്‍ നമ്മെ പഠിപ്പിക്കുന്നു. സഭയുടെ പ്രാര്‍ത്ഥന സംബോധന ചെയ്യുന്നതു സര്‍വോപരി പിതാവിനെ ആണെങ്കിലും എല്ലാ ആരാധനക്രമ പാരമ്പര്യങ്ങളിലും ക്രിസ്തുവിനെ അഭിസംബോധന ചെയ്യുന്ന പ്രാര്‍ത്ഥനാരൂപങ്ങളും അതുള്‍ക്കൊള്ളുന്നു. സഭയുടെ പ്രാര്‍ത്ഥനയില്‍ ദൈവപുത്രന്‍, ദൈവവചനം, കര്‍ത്താവ്, രക്ഷകന്‍, ദൈവത്തിന്‍റെ കുഞ്ഞാട്, രാജാവ്, പ്രിയപുത്രന്‍, കന്യകാസുതന്‍, നല്ലയിടയന്‍, നമ്മുടെ ജീവന്‍, നമ്മുടെ വെളിച്ചം, നമ്മുടെ പ്രത്യാശ, നമ്മുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്, മനുഷ്യവംശത്തിന്‍റെ സ്നേഹിതന്‍... എന്നിങ്ങനെ ക്രിസ്തുവിനെ വിളിച്ചപേക്ഷിക്കുന്ന വിഭിന്ന പ്രാര്‍ത്ഥനാരൂപങ്ങള്‍ നമ്മുടെ അധരങ്ങളില്‍ വച്ചുതരുകയും ഹൃദയങ്ങളില്‍ രേഖപ്പെടുത്തുകയും ചെയ്യുന്നു.
വിചിന്തനം
യേശുനാമത്തിന്റെ അത്ഭുതശക്തി തിരിച്ചറിഞ്ഞുകൊണ്ട് അവിടുത്തെ നാമത്തിൽ പ്രാർത്ഥിക്കുമ്പോൾ നമ്മുടെ പ്രാർത്ഥന ഫലവത്തായി മാറുന്നു. ആ പ്രാർത്ഥന യേശുവിന്‍റെ പ്രാര്‍ത്ഥന ചെന്നെത്തിയ സ്ഥലത്തു ചെല്ലുന്നു; അതായത്, സ്വര്‍ഗസ്ഥനായ പിതാവിന്‍റെ ഹൃദയത്തില്‍. ഏകരക്ഷകനായ യേശുവിനോടും, യേശുവിലൂടെയും, യേശുനാമത്തിലും പ്രാർത്ഥിക്കുവാൻ സാധിക്കുന്നവർ എത്രയോ ഭാഗ്യവാന്മാർ. ലോകം മുഴുവൻ ഈ വലിയ സത്യം തിരിച്ചറിയുവാൻ വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം.
ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3)
നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.
സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട് സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.
അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.
എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.
കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.
ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.
പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.
സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.
അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
▛ ദൈവവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ▟