News

"ദൈവമുണ്ട്, ക്രിസ്തുവാണ് നാഥൻ"; പ്രമുഖ നിരീശ്വരവാദി ജോ സ്മിഡ് കത്തോലിക്ക വിശ്വാസം സ്വീകരിച്ചു

പ്രവാചകശബ്ദം 07-09-2026 - Monday

വാഷിംഗ്ടൺ ഡി‌.സി: ദൈവമുണ്ടെന്നും ക്രിസ്തുവാണ് നാഥനെന്നും സാക്ഷ്യപ്പെടുത്തി പ്രമുഖ നിരീശ്വരവാദി ജോ സ്മിഡ് കത്തോലിക്ക വിശ്വാസം സ്വീകരിച്ചു. 'മജസ്റ്റി ഓഫ് റീസൺ' എന്ന യൂട്യൂബ് ചാനലിലൂടെ ഏറെ ശ്രദ്ധ നേടിയ തത്ത്വചിന്തകനായ ജോ സ്മിഡ് യൂട്യൂബ് വീഡിയോയിലൂടെ തന്നെയാണ് തന്റെ ക്രൈസ്തവ വിശ്വാസത്തിലേക്കുള്ള മടങ്ങിവരവ് പ്രഖ്യാപിച്ചത്. പ്രിൻസ്റ്റൺ സർവകലാശാലയിലെ തത്ത്വചിന്ത വിഭാഗത്തിലെ ഗവേഷകന്‍ കൂടിയാണ് ജോ സ്മിഡ്. "വലിയൊരു വാർത്ത! ദൈവമുണ്ട്, ക്രിസ്തുവാണ് നാഥൻ, അവിടുന്ന് കത്തോലിക്കാ സഭ സ്ഥാപിച്ചു"- ജോ സ്മിഡ് തൻ്റെ ക്രൈസ്തവ വിശ്വാസത്തിലേക്കുള്ള മടങ്ങിവരവ് പ്രഖ്യാപിച്ചത് ഈ വാക്കുകളോടെയായിരിന്നു. ഓഗസ്റ്റ് 21-നാണ് അരലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്സുള്ള ചാനലിലൂടെ സ്മിഡ് ഈ നിർണായക പ്രഖ്യാപനം നടത്തിയത്.

കത്തോലിക്കാ പശ്ചാത്തലത്തിലാണ് ജോ വളര്‍ന്നതെങ്കിലും, മനസില്‍ രൂപപ്പെട്ട ചില ചിന്തകൾ മൂലം നിരീശ്വരവാദത്തിലേക്കും പിന്നീട് അജ്ഞേയതാവാദത്തിലേക്കും വഴുതി വീഴുകയായിരിന്നു. പരിണാമ പ്രക്രിയയ്ക്കിടെ മൃഗങ്ങൾ അനുഭവിക്കുന്ന ദുരിതം എന്ന വിഷയമാണ് തന്നെ ആദ്യം നിരീശ്വരവാദത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം ഓര്‍ത്തെടുത്തു. പിന്നീട് ജോഷ്വ റാസ്മുസ്സൻ, അലക്സാണ്ടർ പ്രസ് തുടങ്ങിയ തത്ത്വചിന്തകരുടെ ആശയങ്ങൾ കേട്ടതോടെ ദൈവം ഉണ്ടെന്നതിന് തത്ത്വചിന്താപരമായ തെളിവുകൾ ഉണ്ടോയെന്ന് ചിന്തിക്കാൻ തുടങ്ങി. എന്നാൽ, വിശ്വാസത്തിലേക്കുള്ള അദ്ദേഹത്തിന്റെ വ്യക്തിപരമായ യാത്ര എളുപ്പമായിരുന്നില്ല; ഒരു പതിറ്റാണ്ട് നീണ്ടതായിരിന്നു ദൈവത്തെ തേടിയുള്ള അദ്ദേഹത്തിന്റെ യാത്ര.

ഈ മനഃപരിവർത്തനം ദൈവകൃപയുടെ ഫലമാണെന്നും തന്റെ ജീവിതത്തിൽ അത് വലിയ മാറ്റങ്ങൾ വരുത്തിയെന്നും സ്മിഡ് ഇ.ഡബ്ല്യു.ടി.എൻ ന്യൂസിനോട് പറഞ്ഞു. ബൗദ്ധികതലത്തിൽ തന്നെ കത്തോലിക്ക വിശ്വാസത്തിലേക്ക് അടുപ്പിച്ചത് കത്തോലിക്ക സഭയിലെ വിഖ്യാത അത്ഭുതങ്ങളാണെന്ന് അദ്ദേഹം വ്യക്തമാക്കി. വിശുദ്ധ പാദ്രെ പിയോയുടെ ജീവിതത്തിലെ പഞ്ചക്ഷതം, ലൂർദിലെയും ഫാത്തിമയിലെയും അത്ഭുതങ്ങൾ, ദിവ്യകാരുണ്യ അത്ഭുതങ്ങൾ എന്നിവ കത്തോലിക്ക തിരുസഭയിലേക്ക് തന്നെ അടുപ്പിക്കുവാന്‍ സഹായിച്ചെന്നും അദ്ദേഹം പറയുന്നു.

2020 ഏപ്രിലിൽ ആരംഭിച്ച തന്റെ യൂട്യൂബ് ചാനലിലൂടെ ദൈവവിശ്വാസത്തിനെതിരെയുള്ള വാദങ്ങളും യുക്തിചിന്തകളും പങ്കുവെച്ചിരുന്ന സ്മിഡിൻ്റെ പെട്ടെന്നുള്ള മാറ്റം ആരാധകരെയും തത്ത്വചിന്താ ലോകത്തെയും ഒരുപോലെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. സ്മിഡിൻ്റെ പുതിയ തുടക്കത്തിന് പിന്തുണ പ്രഖ്യാപിക്കുകയും അദ്ദേഹത്തിനായി പ്രാർത്ഥിക്കണമെന്നും പ്രിൻസ്റ്റൺ സർവകലാശാലയിലെ അക്വിനാസ് ഇൻസ്റ്റിറ്റ്യൂട്ട് ആഹ്വാനം ചെയ്തു. ഇനിമുതൽ തന്റെ യൂട്യൂബ് ചാനലിലൂടെ ദൈവവിശ്വാസത്തെയും കത്തോലിക്കാ സഭയുടെ പഠനങ്ങളെയും പിന്തുണയ്ക്കുന്ന ചർച്ചകളും സംവാദങ്ങളും തുടരുമെന്ന് ജോ സ്മിഡ് വ്യക്തമാക്കിയിട്ടുണ്ട്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »