News - 2025
സിറിയയിലെ ക്രിസ്ത്യാനികള്‍ക്കായി 30-ലധികം സഹായ പദ്ധതികളുമായി ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്’
സ്വന്തം ലേഖകന്‍ 25-07-2017 - Tuesday
ഡമാസ്ക്കസ്: ആഭ്യന്തരയുദ്ധം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സിറിയയിലെ ക്രിസ്ത്യന്‍ കുടുംബങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ കത്തോലിക്കാ കാരുണ്യ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്’ (ACN) മുപ്പതിലധികം സഹായ-പദ്ധതികള്‍ പ്രഖ്യാപിച്ചു. സിറിയയിലെ നഗരങ്ങളിലും, പട്ടണങ്ങളിലും കഷ്ടതയനുഭവിക്കുന്ന വിധവകള്‍, യുവാക്കള്‍, ഭവനരഹിതര്‍ തുടങ്ങിയ ക്രിസ്ത്യാനികള്‍ക്കാണ് സഹായം ലഭ്യമാകുക. ഭക്ഷണ പൊതികള്‍, താമസം, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ സഹായങ്ങളാണ് എസിഎന്‍ നല്‍കുവാന്‍ തയാറെടുക്കുന്നത്. ബോംബാക്രമണത്തില്‍ തകര്‍ന്ന ആലപ്പോയിലെ അല്‍-യാര്‍മോക് സ്പോര്‍ട്സ് സെന്ററിനും എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡിന്റെ സഹായം ലഭിക്കും.
ആഭ്യന്തരയുദ്ധത്തെത്തുടര്‍ന്ന് ആലപ്പോയിലെ മൂന്നില്‍ രണ്ട് കുടുംബങ്ങളും കേവലം 1.60 പൗണ്ട് കൊണ്ടാണ് ഒരു ദിവസം തള്ളിനീക്കുന്നത്. ബാക്കിയുള്ള കുടുംബങ്ങള്‍ കടുത്ത ദാരിദ്ര്യത്തില്‍ കഴിയുകയാണെന്നാണ് റിപ്പോര്‍ട്ട്. പ്രാദേശിക കത്തോലിക്കാ സഭാ നേതാക്കളുടെ സഹായത്തോടെ ഹോംസ്, അലെപ്പോ, ഡമാസ്കസ് എന്നിവയുള്‍പ്പെടെയുള്ള നഗരങ്ങളില്‍ എന്നീ നഗരങ്ങളില്‍ 9,87,460 യൂറോയുടെ ധന സഹായം എത്തിക്കുവാനാണ് എസിഎന്‍ പദ്ധതിയിട്ടിരിക്കുന്നത്.
സിസ്റ്റേഴ്സ് ഓഫ് ജീസസ് ആന്‍ഡ് മേരി സന്യാസിനികളുടെ സഹായത്തോടെ ഹസ്സാക്കേയിലേയും ആലപ്പോയിലേയും 2,200 ഭവനരഹിതരായ കുടുംബങ്ങള്‍ക്ക് ഭക്ഷണം, ആലപ്പോയിലെ സിസ്റ്റര്‍മാരുടെ നടത്തിപ്പിലുള്ള രണ്ട് സ്കൂളുകള്‍ക്ക് സഹായം, ക്രിസ്ത്യന്‍ യുവാക്കളുടെ കായിക പരിശീലനങ്ങള്‍ക്കായി ഒരു സ്പോര്‍ട്സ് ഹാള്‍, 250 യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനസഹായം, തെക്കന്‍ സിറിയയിലെ 340 കുടുംബങ്ങള്‍ക്ക് വീട്ടുവാടകക്കുള്ള സഹായം, വിധവകളും, യുദ്ധത്തില്‍ പരിക്കേറ്റവരുമായ 75-ഓളം പേര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ക്കുള്ള സഹായം എന്നിവയാണ് എസിഎന്‍ പ്രഖ്യാപിച്ച സഹായ പദ്ധതികളില്‍ പ്രധാനപ്പെട്ടവ.