Meditation. - August 2024
കൂടുതല്‍ മക്കളുള്ള കുടുംബങ്ങള്‍ കൂടുതലായി അനുഗ്രഹിക്കപ്പെടുന്നു
സ്വന്തം ലേഖകന്‍ 09-08-2024 - Friday
"യൗവനത്തില്‍ ജനിക്കുന്ന മക്കള്‍ യുദ്ധവീരന്റെ കൈയിലെ അസ്ത്രങ്ങള്‍പോലെയാണ്. അവകൊണ്ട് ആവനാഴി നിറയ്ക്കുന്നവന്‍ ഭാഗ്യവാന്‍; നഗരകവാടത്തിങ്കല്‍വച്ച്ശത്രുക്കളെ നേരിടുമ്പോള്‍ അവനു ലജ്ജിക്കേണ്ടിവരുകയില്ല" (സങ്കീ 127: 4-5).
യേശു ഏകരക്ഷകൻ: ആഗസ്റ്റ് 9
ദൈവം മനുഷ്യനെ സ്വന്തം ഛായയിൽ സ്ത്രീയും പുരുഷനുമായി സൃഷ്ടിച്ച ശേഷം നൽകിയ ആദ്യത്തെ അനുഗ്രഹം സന്താനപുഷ്ടിയാണ്. "ദൈവം അവരെ ഇങ്ങനെ അനുഗ്രഹിച്ചു: സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ കീഴടക്കുവിന്‍" (ഉത്പത്തി 1:28). ഇപ്രകാരം സന്താനോല്പാദനത്തിനുള്ള അനുഗ്രഹം നൽകിയതിനുശേഷമാണ് ദൈവം മറ്റ് അനുഗ്രഹങ്ങൾ മനുഷ്യവംശത്തിന് നൽകുന്നത് എന്ന് വിശുദ്ധ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു. അങ്ങനെയെങ്കില്‍ ഈ ആദ്യത്തെ അനുഗ്രഹത്തോട് 'No' പറയുന്ന കുടുംബങ്ങൾക്ക് എങ്ങനെ ദൈവത്തിന്റെ തുടർന്നുള്ള മറ്റ് അനുഗ്രഹങ്ങൾ സ്വീകരിക്കാൻ കഴിയും?
ലോകത്ത് തീവ്രവാദം പ്രചരിപ്പിക്കുന്ന ചില മതവിഭാഗങ്ങൾ പോലും കൂടുതൽ മക്കളുള്ള കുടുംബങ്ങൾ അനുഗ്രഹമായി കാണുകയും അവരുടെ മതവിശ്വാസം ബാല്യത്തിൽ തന്നെ കുട്ടികളെ ആഴത്തിൽ പരിശീലിപ്പിക്കുകയും ചെയ്യുമ്പോൾ സത്യദൈവത്തില്‍ വിശ്വസിക്കുന്ന ക്രിസ്ത്യാനികള്‍ കൂടുതൽ മക്കളുള്ളത് ഒരു ഭാരമായി കാണുന്നു എന്നത് ഗൗരവമായി ചിന്തിക്കേണ്ട വിഷയമാണ്. ഈ വിഷയത്തിലുള്ള തെറ്റിദ്ധാരണ അകറ്റാൻ സഭ നൽകുന്നത് പ്രബോധനങ്ങളെ പോലും പരിഹാസത്തോടെയാണ് ചില ക്രിസ്ത്യാനികൾ കാണുന്നത് എന്നത് ഈ വിഷയത്തിലുള്ള തെറ്റിദ്ധാരണ എത്രമാത്രം ആഴപ്പെട്ടിരിക്കുന്നു എന്നതിന്റെ തെളിവാണ്.
ഏതാനും മാസങ്ങൾക്കുമുമ്പ് ക്രിസ്ത്യാനികൾ കൂടുതൽ മക്കൾക്ക് ജന്മം നൽകാൻ തയ്യാറാകണം എന്ന് പഠിപ്പിച്ചുകൊണ്ട് ഒരു മെത്രാൻ ഇടയലേഖനം പുറത്തിറക്കിയപ്പോൾ സോഷ്യൽ മീഡിയായിലൂടെ അതിനെ കളിയാക്കുകയും പരിഹസിക്കുകയും ചെയ്തു കൊണ്ട് രംഗത്തെത്തിയത് ക്രിസ്ത്യാനികള്‍ തന്നെയായിരുന്നു. പണ്ടുകാലങ്ങളിൽ ദാരിദ്ര്യത്തിലും പട്ടിണിയിലും കഴിഞ്ഞിരുന്നപ്പോഴും അത്യാധുനിക ജീവിത സംവിധാനങ്ങൾ ഇല്ലാതിരുന്നപ്പോഴും കൂടുതൽ മക്കൾക്ക് ജന്മം നൽകാൻ ക്രിസ്ത്യൻ കുടുംബങ്ങൾ തയ്യാറായിരുന്നു. അതിന്റെ ഫലമായി ആ കുടുംബങ്ങളെല്ലാം പിന്നീട് അനുഗ്രഹിക്കപ്പെട്ടതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ ഇന്ന് സാമ്പത്തികമായി അഭിവൃദ്ധി പ്രാപിച്ചു കുടുംബങ്ങൾ പോലും മക്കൾ ഒരു ഭാരമായി കാണുന്നു.
ഇവിടെ ക്രിസ്ത്യന്‍ ദമ്പതികള്‍ തിരിച്ചറിയേണ്ട ഒരു വലിയ സത്യമുണ്ട്. ദൈവം ഒരു കുഞ്ഞിനെ ഒരു കുടുംബത്തിലേക്ക് നൽകുമ്പോൾ ആ കുഞ്ഞിനെ മാത്രമായിട്ടല്ല നൽകുന്നത്. ആ കുഞ്ഞിനെ വളരാൻ ആവശ്യമായ സാഹചര്യങ്ങളും കൂടിയാണ് നൽകുന്നത്. ആ കുഞ്ഞിനോടൊപ്പം അനുഗ്രഹങ്ങള്‍ കൂടിയാണ് നല്‍കുന്നത്. ആ കുഞ്ഞിനെ എങ്ങനെ വളർത്തും എന്ന് മാതാപിതാക്കൾ ചിന്തിക്കേണ്ട വിഷയം തന്നെയാണ്. എന്നാൽ അതോർത്ത് ആകുലപ്പെടേണ്ടതില്ല.
ആ കുഞ്ഞിനെ എന്തൊക്കെയാണ് ആവശ്യമുള്ളത് എന്ന് ദൈവത്തിന് നന്നായിട്ടറിയാം. അത് ദൈവം ആ കുടുംബത്തിന് പ്രദാനം ചെയ്യും. വിശുദ്ധ ഗ്രന്ഥവും സഭാപാരമ്പര്യവും വലിയ കുടുംബങ്ങളെ ദൈവാനുഗ്രഹത്തിന്റെ അടയാളമായിട്ടാണ് ദർശിക്കുന്നത്. "വിവാഹവും വൈവാഹിക സ്നേഹവും സ്വഭാവത്താൽ തന്നെ സന്താനോല്പാദനത്തിനും സന്താനങ്ങളെ വളർത്തുന്നതിനും വേണ്ടി നിയോഗിക്കപ്പെട്ടിരിക്കുന്നു. മക്കളാണ് യഥാർത്ഥത്തിൽ വിവാഹത്തിന്റെ സര്‍വോത്കൃഷ്ടമായ ദാനവും അവരുടെ മാതാപിതാക്കൾക്കു ഏറ്റവും വലിയ നന്മ പ്രദാനം ചെയ്യുന്നതും" (Gaudium et Spes 50)
വിചിന്തനം
ലോകത്തിന്‍റെ അതിർത്തികൾവരെ സുവിശേഷം എത്തിക്കുവാൻ ക്രിസ്ത്യാനികൾ ഭൂമിയിൽ നിറഞ്ഞു അതിനെ കീഴടക്കേണ്ടത് ആവശ്യമാണ്. ഈ വിഷയത്തിൽ ക്രിസ്ത്യാനികൾ ഉണർന്ന് പ്രവർത്തിക്കേണ്ടിയിരിക്കുന്നു. ലോകസുവിശേഷവത്ക്കരണത്തിൽ ഏറ്റവും വലിയ പങ്കുവഹിക്കാൻ കഴിയുന്നത് കുടുംബങ്ങൾക്കാണ്. കൂടുതൽ മക്കൾക്ക് ജന്മം ജന്മം നൽകുകയും ആ മക്കളെ ബാല്യം മുതലേ ആഴമായ ക്രൈസ്തവ വിശ്വാസത്തിൽ വളർത്തുകയും ചെയ്യാൻ ക്രിസ്തീയ കുടുംബങ്ങൾ തയ്യാറാകണം. ഇപ്രകാരം ചെയ്യുന്നതിലൂടെ മാതാപിതാക്കൾ കൂടുതലായി അനുഗ്രഹിക്കപ്പെടും. തീർച്ച.
ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3).
നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.
സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട് സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.
അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.
എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.
കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.
ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.
പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.
സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.
അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.