News

വിശുദ്ധ പാദ്രെ പിയോയുടെ അടുത്തു നിന്നും ജൂബിലി വർഷത്തിലെ കരുണയുടെ ദൂതന്മാർ യാത്ര തിരിക്കും

അഗസ്റ്റസ് സേവ്യർ 08-01-2016 - Friday

വിശുദ്ധ പാദ്രെ പിയോയുടെ തിരുശേഷിപ്പ് അടുത്ത മാസം വത്തിക്കാനിൽ പ്രദർശിപ്പിക്കും. അവിടെ നിന്നായിരിക്കും ജൂബിലി വർഷത്തിലെ കരുണയുടെ ദൂതന്മാർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര തിരിക്കുക.

കപ്പൂച്ചീയൽ സന്യാസ സമൂഹത്തിൽപ്പെട്ട വിശുദ്ധ പാദ്രെ പീയോയുടെ തിരുശേഷിപ്പ്, സെന്റ് പീറ്റേർസ് ബസലിക്കയിൽ പ്രദർശനത്തിന് വെയ്ക്കണമെന്ന മാർപാപ്പയുടെ പ്രത്യേക ആഗ്രഹപ്രകാരമാണ്, ഫെബ്രുവരി 10-ലെ വിശുദ്ധബലിയുടെ അവസരത്തിൽ ഭൗതികശരീരം വത്തിക്കാനിൽ കൊണ്ടുവരാൻ തീരുമാനമെടുത്തത് എന്ന് സുവിശേഷ കാര്യങ്ങളുടെ പൊന്തിഫിക്കൽ കൗൺസിലിന്റെ പ്രസിഡന്റ് ആർച്ച് ബിഷപ്പ് റിനോ ഫിച്ചെല്ല പറഞ്ഞു.

ഈ വർഷത്തെ വിഭൂതി ബുധനാഴ്ചയിലാണ് മാർപ്പാപ്പ നിയോഗിച്ചിരിക്കുന്ന കരുണയുടെ ദൂതന്മാർ, പ്രത്യേക ദണ്ഡ വിമോചന അധികാരങ്ങളോടെ, ലോകമെങ്ങുമുള്ള ക്രൈസ്തവരിലേക്ക് യാത്ര തിരിക്കുന്നത് എന്ന് ആർച്ച് ബിഷപ്പ് ഫിച്ചെല്ല ഒരു എഴുത്തിൽ വ്യക്തമാക്കി.

തിരുസഭാ ചരിത്രത്തിലെ വളരെ വിശിഷ്ടനായ ഒരു ദണ്ഡ വിമോചകനായ വിശുദ്ധ പിയോയുടെ തിരുശേഷിപ്പുകൾക്ക് മുമ്പിൽ നിന്നും, കരുണയുടെ ദൂതന്മാർ യാത്ര തിരിക്കുന്നത് ഉചിതമായിരിക്കുമെന്ന് പിതാവ് കരുതുന്നു. കാരണം, വിശുദ്ധ പിയോ ദൈവീക കരുണയുടെ ശക്തമായ ഒരു കരമായിരുന്നു.

സാധാരണഗതിയിൽ മാർപാപ്പായ്ക്കും മെത്രാൻമാർക്കും മാത്രം നൽകാൻ അധികാരമുള്ള ദണ്ഡവിമോചനത്തിന്റെ പ്രത്യേകാധികാരത്തോടെയാണ്, കരുണയുടെ ദൂതന്മാരായ ഈ വൈദികർ യാത്ര തിരിക്കുന്നത്.

കപ്പൂച്ചിയൻ സഭയിൽപ്പെട്ട, ആത്മജ്ഞാനിയും ഈശോയുടെ പഞ്ചക്ഷതങ്ങൾ വഹിച്ചവനുമായ വിശുദ്ധ പാദ്രെ പിയോയെ (1887- 1968), വിശുദ്ധ ജോൺ പോൾ രണ്ടാമൻ, 2002-ൽ വിശുദ്ധനായി പ്രഖ്യാപിച്ചു. പിട്രോസിനയിൽ ജനിച്ച വിശുദ്ധൻ, 1916 മുതൽ മരണം വരെ സാൻ ജിയോവാനിയിൽ സേവനമനുഷ്ടിച്ചു. ഒട്ടേറെ തീവ്രമായ ആത്മീയാനുഭവങ്ങളിലൂടെ കടന്നു പോയിരുന്ന വിശുദ്ധന്റെ തിരുശേഷിപ്പുകൾ, റോമിലും പിട്രോസി നയിലും പ്രദർശനത്തിന് വെയ്ക്കുമെന്നാണ് അറിയുന്നത്.

സാൻജിയോവാനിയിൽ സൂക്ഷിച്ചിരിക്കുന്ന തിരുശേഷിപ്പുകൾ ഫെബ്രുവരി 3ന് സെയിന്റ് ലോറൻസ് ബസലിക്കയിൽ എത്തും. അത് ഫെബ്രുവരി നാലു വരെ അവിടെ സൂക്ഷിച്ചതിനു ശേഷം 5 ന് ഒരു പ്രദിക്ഷിണമായി സെന്റ് 'പീറ്റേർസ് ബസലിക്കയിലേക്ക് കൊണ്ടുവരും. ഫെബ്രുവരി 11 വരെ തിരുശേഷിപ്പുകൾ അവിടെ സൂക്ഷിക്കും. അവിടെ പിതാവ് വിശുദ്ധ പിയോയുടെ പേരിലറിയപ്പെടുന്ന പ്രാർത്ഥനാ സംഘങ്ങളുമായി കൂടിക്കാഴ്ച്ച നടത്തും. പിന്നീട് വിശുദ്ധ പിയോ സ്ഥാപിച്ച 'വേദനിക്കുന്നവർക്കു വേണ്ടിയുള്ള ആശ്രയഭവന'ത്തിലെ ജീവനക്കാരുമായി സംസാരിക്കും.

ഫെബ്രുവരി 9 ന് അദ്ദേഹം ലോകമെങ്ങുമുള്ള കപ്പൂച്ചിയൻ സഹോദരങ്ങളോടൊത്ത് വിശുദ്ധ ബലിയർപ്പിക്കും. ഫെബ്രുവരി 11-ന് തിരുശേഷിപ്പുകൾ മൂന്നു ദിവസത്തേക്ക് പിട്രോസിനയിൽ സൂക്ഷിക്കും- EWTN News റിപ്പോർട്ട് ചെയ്യുന്നു.

More Archives >>

Page 1 of 20