News - 2025
നാം ഓരോ തവണ തോൽക്കുമ്പോഴും, ദൈവം വീണ്ടും നമുക്ക് അവസരങ്ങൾ തന്നുകൊണ്ടിരിക്കുകയാണ്: ഫ്രാൻസിസ് പാപ്പാ
അഗസ്റ്റസ് സേവ്യർ 02-01-2016 - Saturday
ഈ വർഷത്തെ ആദ്യ ദിവ്യബലിയർപ്പിച്ചു കൊണ്ടള്ള പ്രഭാഷണത്തിൽ, നാം ഓരോ തവണ തോൽക്കുമ്പോഴും, ദൈവം വീണ്ടും നമുക്ക് അവസരങ്ങൾ തന്നുകൊണ്ടിരിക്കുകയാണെന്ന് ഫ്രാൻസിസ് മാർപാപ്പ പ്രസ്താവിച്ചു.
ക്രിസ്തുവിന്റെ ആഗമനം ചരിത്രത്തിന്റെ പൂർത്തീകരണത്തിന് കാരണമാകുകയാണ് ചെയ്തത്. സെന്റ് പീറ്റേർസ് ബസലിക്കയിലെ പ്രഭാഷണത്തിൽ പിതാവ് പറഞ്ഞു. പൗരാണികമായ ഒരു വാഗ്ദാനത്തിന്റെ പൂർത്തീകരണമാണ് ദൈവപുത്രന്റെ ആഗമനത്തോടെ സംഭവിച്ചത്.
ദൈവ മാതാവിന്റെ തിരുന്നാൾ ദിനം ആചരിക്കുന്ന ജനുവരി 1-ാം തിയതിയിലെ ചിന്താവിഷയം, സമയത്തിന്റെ പൂർണ്ണതയിൽ ദൈവപുത്രൻ ഒരു കന്യകയിൽ ജനിക്കുമെന്ന പ്രവചനമാണ്. വി.പത്രോസ്, ഗലാത്തിയാക്കാർക്കുള്ള ലേഖനത്തിൽ ഈ വിഷയം പ്രതിപാദിക്കുന്നുണ്ട്. ദൈവത്തിന്റെ വാഗ്ദാനം കാലത്തിന്റെ നിറവിൽ പൂർത്തീകരിക്കപ്പെട്ടു! ലോകത്തിനായി ഒരു രക്ഷകൻ, ദൈവപുത്രൻ തന്നെ, ഒരു കന്യകയിലൂടെ പിറന്നു!
പുൽത്തൊഴുത്തിന്റെ ദാരിദ്ര്യത്തിൽ നിന്നാണ്, ഒരു ദിവ്യപ്രകാശം, ലോകരക്ഷയ്ക്കായി പ്രസരിച്ചത്. ദൈവം ചരിത്രത്തിലേക്കിറങ്ങുന്ന ആ നിമിഷം, ദുർബ്ബലർക്കെതിരെ മനുഷ്യർ തന്നെ നടത്തുന്ന അക്രമവും അനീതിയും നിറഞ്ഞ മനുഷ്യാനുഭവങ്ങളുമായി സന്ധിക്കുകയാണ്.
സ്ത്രീകളും കുട്ടികളുമുൾപ്പെടുന്ന ഒരു വലിയ ജനവിഭാഗം പട്ടിണിയും രോഗവും പീഠനങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ ലോകത്ത്, സമയത്തിന്റെ നിറവ് എങ്ങനെയുണ്ടാകും എന്നോർത്ത് നിങ്ങൾ അത്ഭുതപ്പെടുന്നുണ്ടാകാം. പാപത്തിൽ നിന്നുത്ഭവിക്കുന്ന ഈ ദുരന്തങ്ങളുടെ കുത്തൊഴുക്കിൽ, ക്രിസ്തുവിന്റെ ആഗമനം ഒരു വൈരുദ്ധ്യമായി തോന്നാം.
പക്ഷേ, ഭയപ്പെടാതിരിക്കുക! ദൈവത്തിന്റെ കാരുണ്യം പൈശാചികതയുടെ മേൽ വിജയം നേടും! ഹിംസയേക്കക്കാളും, അനീതിയെക്കാളും ശക്തി കരുണയ്ക്കാണന്ന് മാർപാപ്പ പറഞ്ഞു.
നിസംഗതയും നിഷ്പക്ഷതയും വെടിഞ്ഞ്, നമുക്ക് ദൈവത്തിന്റെ കരുണയുടെ സമുദ്രത്തിലിറങ്ങി പുതുജീവൻ നേടാം. ദൈവത്തിന്റെ ശാന്തിയും സമാധാനവും നിലനിന്നിരുന്ന, ആദിമകാലത്തെ നിഷ്കളങ്കതയിലേക്ക് നമുക്ക് തിരിച്ചു പോകാം! അവിടെ, യേശുവിന്റെ കാരുണ്യം നമ്മെ മോക്ഷത്തിലേക്കു നയിക്കും!
പിന്നീട് പിതാവ് ജനുവരി ഒന്നാം തിയതി, വർഷാരംഭത്തിൽ തന്നെ ആഘോഷിക്കപ്പെടുന്ന ദൈവമാതാവിന്റെ തിരുന്നാളിന്റെ പ്രാധാന്യത്തെ പറ്റി സംസാരിച്ചു. ദിവ്യമാതൃത്വം സമാധാനത്തിന്റെ പ്രതീകമാണ്. മറിയം ദൈവദൂതനെ വിശ്വസിച്ചു. പരിശുദ്ധാത്മാവിനാൽ ഗർഭം ധരിച്ചു. ദൈവമാതാവായി തീർന്നു . മാതാവിലൂടെ നാം കാലത്തിന്റെ നിറവിലെത്തി ചേർന്നു.
തത്വചിന്തയും കാര്യ കാരണങ്ങളും രാഷ്ടീയ ഉപജാപങ്ങളുമൊന്നും, വിശ്വാസത്തിന് അടിസ്ഥാനങ്ങളല്ല. അവയ്ക്കൊന്നും നമ്മെ നയിക്കാനാവാത്ത സ്ഥലത്തേക്ക്, കർത്താവിന്റെ സമാധാനത്തിലേക്ക്, വിശ്വാസം നമ്മെ നയിക്കുന്നു എന്ന ഉപദേശത്തോടെ , പരിശുദ്ധ കന്യകാമറിയത്തോടുള്ള പ്രാർത്ഥനയോടെ, പിതാവ് പ്രഭാഷണം അവസാനിപ്പിച്ചു.
പിന്നീട് സെന്റ് പീറ്റേർസ് സ്ക്വയറിൽ അദ്ദേഹം തീർത്ഥാടകരെ അഭിസംബോധന ചെയ്തു. കഴിഞ്ഞ വർഷത്തെ ലോകം അവസാനിച്ചിട്ടില്ല എന്നും, അതിലെ അനുഗ്രഹങ്ങളും നഷ്ടങ്ങളും ഈ വർഷവും തുടരുകയാണ് എന്നും അദ്ദേഹം ജനക്കൂട്ടത്തെ ഓർമ്മിപ്പിച്ചു.
നാം ഓരോ തവണ തോൽക്കുമ്പോഴും, ദൈവം വീണ്ടും നമുക്ക് അവസരങ്ങൾ തന്നുകൊണ്ടിരിക്കുകയാണ്. പക്ഷേ, ദൈവം നമ്മുടെ മാനസാന്തരത്തിനായി മാന്ത്രിക വടിയൊന്നും ഉപയോഗിക്കുന്നില്ല! മാറ്റം വരേണ്ടത് നമ്മുടെ ഉള്ളിൽ നിന്നുമാണ്! ക്ഷമയിലൂടെയും സ്നേഹത്തിലൂടെയുമാണ്! അപ്പോൾ ഒരു മഴ പെയ്യുന്നതു പോലെ സ്വാഭാവികമായി, ദൈവം നമ്മുടെയുളളിൽ നിറയും! നമ്മുടെ മനസ്സുകൾക്ക് ആശ്വാസത്തിന്റെ കുളിർമ്മ ലഭിക്കും.
ജനുവരി 1-ാം തിയതി ലോക സമാധാന ദിനം കൂടിയാണ് എന്ന് പിതാവ് ഓർമ്മിപ്പിച്ചു. സമാധാനത്തിനു വേണ്ടി പ്രത്യേകിച്ച് യത്നിക്കേണ്ട ഒരു വർഷമാണിത്. അതിന് നമ്മുടെയുള്ളിൽ ഒരു ആത്മീയ യുദ്ധം നടക്കണം. നമ്മുടെയുള്ളിലെ നിസംഗതയും നിഷ്പക്ഷതയും ഇല്ലാതാകണം. നന്മയും തിന്മയും തിരിച്ചറിഞ്ഞ്, നമ്മൾ പക്ഷം പിടിക്കണം. നന്മയുടെ പക്ഷത്തു ചേർന്ന് പ്രവർത്തിക്കണം!
എല്ല ദിവസവും രാവിലെ ഈ പ്രാർത്ഥന ചൊല്ലുക, അദ്ദേഹം പറഞ്ഞു : "ഇന്ന് ദൈവം എന്റെ മേൽ മുഖം തിരിക്കും. ആ പ്രകാശം ഇന്നു മുഴുവൻ എന്റെ കൂടെയുണ്ടാകും!"
(Source: EWTN News)