News - 2025
ISISന്റെ പ്രവർത്തികൾ വംശഹത്യയാണെന്ന് ഹിലാരി ക്ലിന്റൺ
സ്വന്തം ലേഖകൻ 03-01-2016 - Sunday
ISISന്റെ ക്രൈസ്തവ വംശഹത്യയ്ക്ക് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന്, US ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയായ ഹിലാരി ക്ലിന്റൺ പ്രസ്താവിച്ചു. ന്യു ഹാംഷെയറിലെ ഒരു തിരഞ്ഞെടുപ്പ് മീറ്റിംഗിലാണ്, ഇറാക്കിലെയും സിറിയയിലെയും ക്രൈസ്തവരെ, മുസ്ലീം തീവ്രവാദികൾ ആസൂത്രിതമായി കൊല ചെയ്തു കൊണ്ടിരിക്കുകയാണ് എന്ന് അവർ അഭിപ്രായപ്പെട്ടത്.
അതേ സമയം, ബ്രിട്ടനിലെ 75 പാർലിമെന്റ് അംഗങ്ങള്‍, മിസിസ് ഹിലാരിയുടെ അഭിപ്രായം സ്വാഗതം ചെയ്തു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണിന് ഇതേ ആവശ്യം ഉന്നയിച്ച് കഴിഞ്ഞ മാസം അയച്ച എഴുത്തിൽ ഒപ്പിട്ടിരുന്ന പാർലിമെന്റ് അംഗങ്ങളാണിവർ. ISIS ന്റെ പ്രവർത്തികൾ വംശഹത്യയാണെന്ന ഹിലാരി ക്ലിന്റന്റെ അഭിപ്രായം, ഇതുമായി ബന്ധപ്പെട്ട തങ്ങളുടെ നീക്കങ്ങൾക്ക് വലിയൊരു ഉത്തേജനമാണെന്ന് ആൾട്ടൻ പ്രഭുവും റോബർട്ട് ഫ്ളെല്ലോ MPയും ഒരു സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
US-ലെ മുൻ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ഹിലാരി ക്ലിന്റന്, മധ്യപൂർവ്വ ദേശത്തെ സ്ഥിതിഗതികളെ പറ്റി വ്യക്തമായ ധാരണയുള്ളതാണ്. അങ്ങനെയുള്ള ഒരു വ്യക്തിയുടെ പിന്തുണയും അഭിപ്രായവും, യുണൈറ്റഡ് നേഷൻസിലെ തങ്ങളുടെ നിലപാടിന് ശക്തി പകരുന്നു എന്ന് അവർ കരുതുന്നു.
ISIS നടത്തുന്നത് വംശഹത്യയാണെന്ന് യുണൈറ്റഡ് നേഷൻസ് പ്രഖ്യാപിക്കണം എന്ന് പരക്കെ ആവശ്യം ഉയർന്നിട്ടുണ്ട്. UNന്റെ പ്രഖ്യാപനമുണ്ടായാൽ അന്താരാഷ്ട്ര സമൂഹത്തിന് ISIS-ന് എതിരെയുള്ള നടപടികൾ എളുപ്പമായി തീരും.
ഹിലാരി ക്ലിന്റന്റെ അഭിപ്രായപ്രകടനം തികച്ചും അപ്രതീക്ഷിതമായിരുന്നു. ക്രൈസ്തവർ, യെസ്ഡികൾ, സുന്നികളല്ലാത്ത മുസ്ലീംങ്ങൾ എന്നിവരെ ISIS കൊന്നൊടുക്കുന്നതിനെ വംശഹത്യ എന്ന പേര് പറഞ്ഞ് വിശേഷിപ്പിക്കാൻ മിസിസ് - ക്ലിന്റൺ ഇതേ വരെ തയ്യാറല്ലായിരുന്നു.
മിസിസ് ഹിലാറിയുടെ മന:പരിവർത്തനം വെളിപ്പെട്ടത് തിരഞ്ഞെടുപ്പ് യോഗത്തിൽ ഒരു വോട്ടർ ഇങ്ങനെ ചോദിച്ചപ്പോളാണ്: "ഇടതുപക്ഷക്കാരും വലതുപക്ഷക്കാരും, വിശ്വാസികളും മത വിശ്വാസമില്ലാത്തവരും എല്ലാം, സിറിയയിൽ നടക്കുന്നത് വംശഹത്യയാണെന്ന് പറയുന്നുണ്ട്. നിങ്ങൾ അവരുടെ കൂടെ ചേർന്ന്, സിറിയയിൽ നടക്കുന്നത് വംശഹത്യയാണ് എന്ന് പറയുമോ?"
മിസിസ്. ക്ലിന്റൺ മറുപടി പറഞ്ഞു: "സിറിയയിൽ നടക്കുന്നത് വംശഹത്യയാണ് എന്നതിന് തെളിവുണ്ട്. അവിടെ നടക്കുന്നത് ഒറ്റപ്പെട്ട അക്രമങ്ങളല്ല. ക്രൈസ്തവരെയും മറ്റ് മതന്യൂനപക്ഷങ്ങളെയും തുടച്ചു മാറ്റുക എന്ന പദ്ധതിയിട്ടാണ് ISIS അവിടെ അക്രമങ്ങൾ നടത്തുന്നത്."
ഇതിനകം നൂറിന് മുകളിൽ US കോൺഗ്രസ് അംഗങ്ങൾ, ബാറക് ഒബാമയോട് ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.
ബ്രിട്ടനിലും പാർലിമെന്റംഗങ്ങൾ ഉൾപ്പടെ വലിയൊരു സംഘം, പ്രധാനമന്ത്രി ഡേവിഡ് കാമറോണോട് ഇതേ കാര്യം ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രിക്ക് അയച്ച കത്തിലെ പ്രസക്തഭാഗങ്ങൾ: 'സിറിയയിൽ നടക്കുന്നത് വംശഹത്യയാണ് എന്നതിന് വ്യക്തമായ തെളിവുകളുണ്ട്. ക്രൈസ്തവ നേതാക്കളുടെ കൊലപാതകങ്ങൾ, ക്രൈസ്തവരുടെയും മറ്റ് മതന്യൂനപക്ഷങ്ങളുടെയും കൂട്ടക്കൊലകൾ, പീഠനം, തട്ടികൊണ്ടു പോകൽ, ലൈംഗീക അടിമത്വം, ക്രൈസ്തവ പെൺകുട്ടികളുടെയും സ്ത്രീകളുടെയും നേരെയുള്ള ബലാൽക്കാരം, ഇസ്ലാമിലേക്ക് ബലാൽക്കാരമായ മതപരിവർത്തനം, ദേവാലയങ്ങളും വിശുദ്ധ വസ്തുക്കളും നശിപ്പിക്കൽ, ആശ്രമങ്ങളും സെമിത്തേരികളും നശിപ്പിക്കൽ, ക്രൈസ്തവരുടെ സ്ഥലവും സമ്പാദ്യവും തട്ടിയെടുക്കൽ- എല്ലാം വംശഹത്യയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ക്രൈസ്തവരെ ഇസ്ലാമിക് സ്റ്റേറ്റിൽ നിന്നും. ഉന്മൂലനം ചെയ്യുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ISIS പ്രഖ്യാപിച്ചിട്ടുമുണ്ട്.
ഇതെല്ലാം കൊണ്ടാണ്, സിറിയയിൽ ISIS നടത്തികൊണ്ടിരിക്കുന്നത് വംശഹത്യയാണെന്ന് വിശേഷിപ്പിക്കണമെന്ന്, US-ലും UK-യിലും ആവശ്യമുയരുന്നത്. UN- നിയമങ്ങളനുസരിച്ച്, വംശഹത്യ ഏറ്റവും നികൃഷ്ടമായ, രാജ്യാന്തര തലത്തിൽ ശിക്ഷിക്കപ്പെടാവുന്ന, കുറ്റകൃത്യമാണ്. അതിലുൾപ്പെട്ട സംഘടനകളും വ്യക്തികളും രാജ്യാന്തര കുറ്റവാളികളാണ്.
സിറിയയിലും ഇറാക്കിലും നടക്കുന്നത് ക്രൈസ്തവ വംശഹത്യയാണെന്ന് ഫ്രാൻസിസ് മാർപാപ്പ നേരത്തെ തന്നെ അഭിപ്രായപ്പെട്ടിട്ടുള്ളതാണ്- EWTN News റിപ്പോർട്ട് ചെയ്യുന്നു.