India - 2024

മദ്യത്തില്‍ നിന്നുള്ളതാണെങ്കില്‍ പോലും പണം കാണുമ്പോള്‍ പലരുടേയും കണ്ണു മഞ്ഞളിക്കുന്നു: ആര്‍ച്ച് ബിഷപ്പ് സൂസപാക്യം

സ്വന്തം ലേഖകന്‍ 20-10-2017 - Friday

തിരുവനന്തപുരം: മദ്യത്തില്‍ നിന്നുള്ളതാണെങ്കില്‍ പോലും പണം കാണുമ്പോള്‍ പലരുടേയും കണ്ണു മഞ്ഞളിക്കുകയാണെന്നും മദ്യനയത്തിനെതിരേ നിരവധി നേതൃസമരങ്ങള്‍ നടത്തിയെങ്കിലും ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്താനോ നയത്തില്‍ മാറ്റം വരുത്താനോ തയാറാകാതെ തീര്‍ത്തും പരിഹാസപരമായ മനോഭാവമാണു സര്‍ക്കാര്‍ കൈക്കൊണ്ടതെന്നും തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം. സര്‍ക്കാരിന്റെ ജനദ്രോഹ മദ്യനയത്തിനെതിരേ അമ്മമാര്‍ നടത്തുന്ന പ്രചാരണ വാഹന ജാഥ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാലയങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും സമീപത്തു നിന്നു മദ്യശാലകളുടെ ദൂരപരിധി 200 മീറ്ററായി നിശ്ചയിച്ചതോടെ കേരളത്തില്‍ മദ്യം, മയക്കുമരുന്ന്, പുകയില ഉത്പന്നങ്ങളുടെ ഉപയോഗം കുറഞ്ഞിരുന്നു. എന്നാല്‍, ഇപ്പോള്‍ ദൂരപരിധി 50 മീറ്ററായി കുറച്ചുകൊണ്ടു പുതിയ പരിധി നിലവില്‍ വന്നതോടെ അകന്നുവെന്നു കരുതിയ പ്രശ്‌നങ്ങളെല്ലാം തിരികെ വരികയാണ്. ഈ സാഹചര്യത്തിലാണു മദ്യത്തിന്റെ തിക്തഫലങ്ങള്‍ അനുഭവിച്ചറിഞ്ഞ അമ്മമാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് ആരംഭിച്ച ജാഥ കെപിസിസി മുന്‍ പ്രസിഡന്റ് വി.എം. സുധീരന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. തെരഞ്ഞെടുപ്പു സമയത്തു നല്‍കിയ വാഗ്ദാനങ്ങള്‍ ലംഘിച്ചുകൊണ്ടു ജനദ്രോഹനടപടികള്‍ക്കു സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നതു നിര്‍ഭാഗ്യകരമാണെന്നു അദ്ദേഹം പറഞ്ഞു. മദ്യ ഉപയോഗത്തിന്റെ ദോഷവശങ്ങള്‍ അനുഭവിച്ചറിഞ്ഞിട്ടുള്ളതു കൊണ്ടാണു ഇത്തരമൊരു പ്രതിഷേധത്തിനു മുന്‍കൈ എടുക്കുന്നതെന്ന് അമ്മമാര്‍ പറഞ്ഞു.

ജാഥ ക്യാപ്റ്റന്‍ ലീലാമ്മ ടീച്ചര്‍, ജനറല്‍ കണ്‍വീനര്‍ രുക്മിണി രാമകൃഷ്ണന്‍ എന്നിവരെ ആര്‍ച്ച് ബിഷപ് ഡോ. എം. സൂസപാക്യം ഗാന്ധിത്തൊപ്പി അണിയിച്ചു. തിങ്കളാഴ്ച രാവിലെ പത്തിനു നടക്കുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചിനു മുന്നോടിയായിട്ടാണു കേരളത്തിലെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വാഹന ജാഥ സംഘടിപ്പിച്ചത്. മലങ്കര കാത്തലിക് അസോസിയേഷന്‍ സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ജോണ്‍ അരീക്കല്‍, ടിഎസ്എസ് ഡയറക്ടര്‍ ഫാ. ലെനിന്‍ രാജ്, പാളയം ഇമാം വി.പി. സുഹൈബ് മൗലവി, ഏകലവ്യാശ്രമം മഠാധിപതി സ്വാമി അശ്വതി തിരുനാള്‍, എച്ച്. ഷഹീര്‍ മൗലവി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.


Related Articles »