News - 2025

പരാജയത്തെ വിജയമാക്കി മാറ്റുന്നതാണ് വിശ്വാസം. അത് മാന്ത്രിക വിദ്യയല്ല: ഫ്രാൻസിസ് മാർപാപ്പ

അഗസ്റ്റസ് സേവ്യർ 16-01-2016 - Saturday

"പരാജയത്തെ വിജയമാക്കി മാറ്റുന്നതാണ് വിശ്വാസം. അത് മാന്ത്രിക വിദ്യയല്ല. ഗ്രന്ഥങ്ങൾ വായിച്ച് വിശ്വാസം നേടാനാവില്ല. അത് ദൈവവുമായുള്ള വ്യക്തിപരമായ ഒരു ബന്ധമാണ്. സ്വമനസ്സോടെ ആഗ്രഹിച്ചാൽ മാത്രം ലഭിക്കുന്നതാണ് വിശ്വാസമെന്ന അനുഗ്രഹം." വ്യാഴാഴ്ച, കാസ സാന്താ മാർത്തയിൽ ദിവ്യബലിവേളയിലെ പ്രഭാഷണത്തിൽ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.

സാമുവലിന്റെ പുസ്തകത്തിൽ ദൈവജനത്തിന്റെ പരാജയത്തെ പറ്റി പറയുന്നു. ഫിലിസ്ത്യർ ഇസ്രയേൽ ജനത്തെ കൊന്നൊടുക്കി. അവർക്ക് എല്ലാം നഷ്ടപ്പെട്ടു. അവരുടെ ആത്മാഭിമാനം പോലും!

ഈ പരാജയം എങ്ങനെ സംഭവിച്ചു? കാരണം ഇതാണ്. ദൈവജനം ദൈവത്തെ മറന്നു. ലൗകീകതയിൽ മുഴുകി. വിഗ്രഹാരാധനയ്ക്ക് അടിപ്പെട്ടു. അതുകൊണ്ടാണ് ദൈവം അവരെ കൈവിട്ടത്.

ഷീലോയിലെ മന്ദിരത്തിൽ സൂക്ഷിച്ചിരുന്ന ഉടമ്പടിയുടെ പേടകം, ഒരു മാന്ത്രിക വസ്തു കണക്കെ അവർ യുദ്ധം ജയിക്കാനായി ഉപയോഗിച്ചു. വിശുദ്ധമായ ഉടമ്പടിയുടെ പേടകംഫലിസ്ത്യർ പിടിച്ചെടുക്കുന്നു.

ദൈവത്തിന്റെ നിയമങ്ങളടങ്ങിയ പേടകം നഷ്ടപ്പെട്ടതോടെ, ദൈവജനമായ ഇസ്രയേലികൾക്ക് ദൈവവുമായുള്ള വ്യക്തി ബന്ധം നഷ്ടപ്പെട്ടു. 30000 ഇസ്രയേലികൾ കൊല ചെയ്യപ്പെട്ടു. ദൈവത്തെ ഉപേക്ഷിച്ച ദൈവജനത്തിന്റെ പരാജയം ദയനീയമായിരുന്നു.

ഈ പരാജയത്തിന്റെ കഥയ്ക്ക് ശേഷം, പിതാവ് ഒരു വിജയകഥ വിവരിച്ചു. ഒരു കുഷ്ഠരോഗി യേശുവിന്റെ അടുത്തെത്തി മുട്ടിൽ വീണ് യാചിച്ചു:" ഞാൻ ജീവിതത്തിൽ പരാജയപ്പെട്ടിരിക്കുന്നു. ഞാൻ സമൂഹത്തിൽ നിന്നും പുറന്തള്ളപ്പെട്ടവനാണ്. അങ്ങേയ്ക്ക് എന്നെ സുഖപ്പെടുത്താൻ കഴിയും." യേശു അവനെ തൊട്ടു കൊണ്ട് പറഞ്ഞു: "നിനക്ക് സൗഖ്യമുണ്ടാകട്ടെ." അവൻ സുഖം പ്രാപിച്ചു.

"ഇവിടെയും വിശ്വാസമാണ് അളവുകോൽ. ഇവിടെ യുദ്ധം ജയിക്കാൻ രണ്ടു നിമിഷമേ വേണ്ടിവന്നുള്ളു. പരാജയം വിജയമായി മാറാൻ രണ്ടു നിമിഷമേ വേണ്ടിവന്നുള്ളു. അതിന് പ്രേകമായത് ഒന്നു മാത്രം! വിശ്വാസം!"

യോഹന്നാൻ അപ്പോസ്തലൻ നമ്മെ ഓർമ്മിപ്പിക്കുന്നു. "വിശ്വാസം വിജയിക്കും, എപ്പോഴും!"

വിശുദ്ധ പേടകവും കൊണ്ട് യുദ്ധത്തിനു പോയ ദൈവജനം ദൈവത്തിലല്ല വിശ്വസിച്ചത്, മന്ത്രത്തിലാണ്. കുഷ്ഠരോഗിയുടെ വിശ്വാസം വിഭിന്നമാണ്. 'അങ്ങേയ്ക്ക് മനസ്സാകുന്നു എങ്കിൽ, എന്നെ സുഖപ്പെടുത്താൻ കഴിയും." അവൻ പറഞ്ഞു. അത് അവന്റെ വിശ്വാസ പ്രഖ്യാപനമാണ്."

പ്രഭാഷണം അവസാനിപ്പിച്ചു കൊണ്ട് പിതാവ് പറഞ്ഞു: " വിശ്വാസം ഗ്രന്ഥങ്ങളിൽ നിന്നും ലഭിക്കുകയില്ല. അത് ദൈവത്തിന്റെ വരദാനമാണ്. അതിന് യോഗ്യരാകുവാൻ നമ്മൾ പ്രാർത്ഥിക്കുക "

Source: Independenet Catholic News


Related Articles »