India - 2024

തിന്മയുടെ ശക്തിയെ അതിജീവിക്കാന്‍ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം വഴി സാധിക്കും: ബിഷപ്പ് ജോര്‍ജ് മഠത്തിക്കണ്ടത്തില്‍

സ്വന്തം ലേഖകന്‍ 27-10-2017 - Friday

ആളൂര്‍: തിന്മയുടെ ശക്തിയെ അതിജീവിക്കാന്‍ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം വഴി സാധിക്കുമെന്നും ദിവസവും ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചാല്‍ മാനസാന്തരത്തിലൂടെ പുതുജീവന്‍ പ്രാപിക്കാന്‍ സാധിക്കുമെന്നും കോതമംഗലം രൂപത ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. ആളൂര്‍ പ്രസാദവരനാഥ പള്ളിയില്‍ ഷേണ്‍സ്റ്റാട്ട് വൈദീക പ്രസ്ഥാനത്തിന്റെ അപ്പസ്‌തോലിക പ്രവര്‍ത്തനത്തിന്റെ ഭാഗമായ ജപമാല യഞ്ജത്തിനു മുഖ്യകാര്‍മികത്വം വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജീവിതലക്ഷ്യത്തിലെത്താന്‍ പണമോ സുഖസൗകര്യങ്ങളോ ബുദ്ധിശക്തിയോ മാത്രം ഉണ്ടായാല്‍ സാധിക്കില്ലെന്നും ദൈവത്തോടുചേര്‍ന്നു ജീവിച്ചാല്‍ മാത്രമേ ശരിയായ ലക്ഷ്യബോധവും സംരക്ഷണവും ജീവിതത്തില്‍ ഉണ്ടാകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. പരിശുദ്ധ കന്യാമറിയം ഈശോയെ ദൈവത്തോടുചേര്‍ത്തു നിര്‍ത്തിയതുപോലെ മാതാപിതാക്കള്‍ക്ക് മക്കളെ ഈശ്വര വിശ്വാസത്തില്‍ വളര്‍ത്താന്‍ സാധിച്ചാല്‍ മറ്റൊരു തിരുകുടുംബം രൂപീകൃതമാകുമെന്നും അതുവഴി ഈശോയോടൊപ്പം സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കാന്‍ സാധിക്കുമെന്നും ബിഷപ് ഉദ്‌ബോധിപ്പിച്ചു.

പ്രസാദവരനാഥ പള്ളി വികാരി ഫാ. ജോഷി കല്ലേലി, ഫാ. ജോയ് മടത്തുംപിടി, ഫാ. ജോണ്‍സണ്‍ പന്തപ്പിള്ളി, ഫാ. ജോബി പോത്തന്‍ എന്നിവരുള്‍പ്പെടെ ഇരുപതോളം വൈദീകര്‍ സമൂഹബലിയില്‍ കാര്‍മികരായിരുന്നു. തുടര്‍ന്നുനടന്ന ജപമാല റാലിക്ക് ഫാ. ജെസ്റ്റിന്‍ വടക്കെയില്‍, ഫാ. ബിജോയ് കൊട്ടക്കുടി എന്നിവര്‍ നേതൃത്വം നല്‍കി. ബിഎല്‍എം കപ്പേളയില്‍നടന്ന സമാപന തിരുക്കര്‍മങ്ങള്‍ക്ക് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജെയിംസ് അതിയുന്തന്‍ നേതൃത്വം നല്‍കി. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ട് എത്തിയ ആയിരത്തോളം ഭക്തജനങ്ങള്‍ തിരുനാളാഘോഷത്തില്‍ പങ്കെടുത്തു.


Related Articles »