India - 2025
വിശുദ്ധരായ മക്കളുടെ തലമുറ ഉണ്ടാകണമെങ്കില്‍ മാതാപിതാക്കളും വിശുദ്ധ ജീവിതം നയിക്കണം: മാര്‍ പോളി കണ്ണൂക്കാടന്‍
സ്വന്തം ലേഖകന്‍ 30-12-2017 - Saturday
ഇരിങ്ങാലക്കുട: വിശുദ്ധരായ മക്കളുടെ തലമുറ സൃഷ്ടിക്കപ്പെടണമെങ്കില്‍ മാതാപിതാക്കളും വിശുദ്ധ ജീവിതം നയിക്കണമെന്ന് ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍. ഇരിങ്ങാലക്കുട രൂപത കാത്തലിക് കപ്പിള്‍സ് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ കല്ലേറ്റുംകര പാക്‌സില്‍ നടത്തിയ ഗര്‍ഭിണികളുടെയും അവരുടെ ഭര്‍ത്താക്കന്മാരുടെയും സംഗമമായ 'മാഗ്‌നിഫിക്കാത്ത' ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഗര്‍ഭിണിയുടെ മാനസിക സംഘര്‍ഷങ്ങളും സന്തോഷവുമെല്ലാം ഗര്‍ഭസ്ഥശിശുവിലും മാറ്റങ്ങളുണ്ടാക്കും. ഗര്‍ഭിണികളുടെ നല്ല പുസ്തകങ്ങളുടെ വായനയും നല്ല ദൃശ്യങ്ങളുടെ കാഴ്ചയും പ്രാര്‍ത്ഥനാന്തരീക്ഷവുമെല്ലാം വിശുദ്ധരായ മക്കള്‍ ജനിക്കാനിടയാക്കും. ആനന്ദദായകവും ദൈവീകവുമായ ഒരന്തരീക്ഷം കുടുംബങ്ങളില്‍ സൃഷ്ടിക്കപ്പെട്ടാല്‍ അമ്മയാകാന്‍ ഒരുങ്ങുന്നവര്‍ക്കു മാത്രമല്ല ഗര്‍ഭസ്ഥശിശുക്കള്‍ക്കുപോലും വലിയ ശാന്തതയും ദൈവീക ഗുണങ്ങളും കൈവരുമെന്നും ബിഷപ്പ് പറഞ്ഞു.
രൂപത ഫാമിലി അപ്പസ്തോലേറ്റ് ഡയറക്ടര്‍ റവ. ഡോ. ജോജി കല്ലിങ്കല്‍ അധ്യക്ഷത വഹിച്ചു. ഏകദിന സംഗമത്തില്‍ ബിഎല്‍എം ഡയറക്ടര്‍ ഫാ. നിക്‌സന്‍ ചാക്കോര്യ, ഡോ. ഫിന്റോ ഫ്രാന്‍സിസ്, റോബിന്‍സന്‍ എന്നിവര്‍ ക്ലാസുകള്‍ക്കു നേതൃത്വം നല്കി. അഡ്വ. കെ.ജെ.ജോണ്‍സന്‍ സ്വാഗതവും ചിന്മയ മനീഷ് നന്ദിയും പറഞ്ഞു. ഡോ. സെല്‍ബിയ ജോണ്‍സന്‍, ആലീസ്, മനീഷ് തുടങ്ങിയവര്‍ സംഗമത്തിനു നേതൃത്വം നല്കി.