Social Media - 2024

കുമ്പസാരം: അറിഞ്ഞിരിക്കേണ്ട പ്രധാന വസ്തുതകൾ

ഫാ. നോബിള്‍ തോമസ് 02-02-2018 - Friday

A. മതബോധനം

1. മറ്റു പേരുകള്‍: അനുതാപകൂദാശ, അനുരഞ്ജനകൂദാശ, ക്ഷമയുടെ കൂദാശ, ഏറ്റുപറച്ചിലിന്‍റെ കൂദാശ (കുമ്പസാരം), മാനസാന്തരകൂദാശ

2. മാമ്മോദീസാ സ്വീകരിക്കുകയും എന്നാല്‍ പാപം മൂലം ക്രിസ്തുവില്‍ നിന്നകലുകയും ചെയ്തവരുടെ മാനസാന്തരത്തിനായാണ് കുമ്പസാരം സ്ഥാപിക്കപ്പെട്ടത്.

3. ആത്മപരിശോധനയില്‍ ഓര്‍ക്കുന്നതും ഇതുവരെ ഏറ്റുപറയാത്തതുമായ എല്ലാ പാപങ്ങളും കുമ്പസാരത്തില്‍ ഏറ്റുപറയണം.

4. തിരിച്ചറിവിന്‍റെ പ്രായമെത്തിയ ഓരോ വിശ്വാസിയും വര്‍ഷത്തിലൊരിക്കലെങ്കിലും പാപങ്ങള്‍ ഏറ്റുപറഞ്ഞ് കുമ്പസാരിക്കണം. മാരകപാപമുള്ളവര്‍ വി. കുര്‍ബാന സ്വീകരിക്കുന്നതിനു മുമ്പായി കുമ്പസാരിച്ചിരിക്കണം. അടുക്കലടുക്കലുള്ള കുമ്പസാരത്തിന്‍റെ ഫലസിദ്ധിയെക്കുറിച്ച് ബോദ്ധ്യമുള്ളവരാകണം.

5. ആത്മീയഫലങ്ങള്‍: അനുതാപിക്ക് പ്രസാദവരം ലഭിക്കുന്നു; ദൈവത്തോടും സഭയോടും സമൂഹത്തോടും പ്രപഞ്ചത്തോടും തന്നോടുതന്നെയും അനുരഞ്ജനം സാധിക്കുന്നു; നിത്യശിക്ഷയില്‍ നിന്ന് മോചനം; മനഃസാക്ഷിയുടെ സമാധാനവും ശാന്തിയും; ആത്മീയശക്തിയുടെ വര്‍ദ്ധനവ്.

6. നല്ല കുമ്പസാരത്തിനുവേണ്ട കാര്യങ്ങള്‍

i. പാപങ്ങളെല്ലാം ക്രമമായി ഓര്‍ക്കുക

ii. ചെയ്തുപോയ പാപങ്ങളെക്കുറിച്ച് പശ്ചാത്തപിക്കുക

iii. മേലില്‍ പാപം ചെയ്യുകയില്ലെന്ന് പ്രതിജ്ഞ ചെയ്യുക

iv. പാപങ്ങളെല്ലാം വൈദികനെ അറിയിക്കുക

v. വൈദികന്‍ കല്പിക്കുന്ന പ്രായ്ശ്ചിത്തം നിറവേറ്റുക.

7. ദൈവത്തിനുമാത്രമേ പാപങ്ങള്‍ ക്ഷമിക്കാന്‍ സാധിക്കുകയുള്ളു. യേശു നല്കിയതൂകൊണ്ടു മാത്രമാണ് വൈദികര്‍ക്ക് യേശുവിന്‍റെ പ്രതിപുരുഷനെന്ന നിലയില്‍ പാപങ്ങള്‍ മോചിക്കുവാന്‍ സാധിക്കുന്നത്.

8. ദൈവത്തിന്‍റെ സ്നേഹവും നമ്മുടെ പാപങ്ങളും തമ്മിലുള്ള വൈരുദ്ധ്യം കാണുമ്പോള്‍ നാം ഉത്തമ മനസ്താപത്തിലെത്തിച്ചേരുന്നു. അപ്പോള്‍ നമ്മുടെ പാപങ്ങളെക്കുറിച്ച് നാം പൂര്‍ണ്ണമായി മനസ്തപിക്കുന്നു.

9. പ്രായ്ശ്ചിത്തം: ചെയ്തുപോയ കുറ്റത്തിന് പരിഹാരം ചെയ്യലാണ് പ്രായ്ശ്ചിത്തം. അത് പരസ്നേഹപ്രവൃത്തികള്‍ വഴിയും മറ്റുള്ളവരുമായുള്ള ഐക്യദാര്‍ഢ്യം വഴിയും പ്രകടിപ്പിക്കണം.

10. കുമ്പസാരത്തിന്‍റെ സാരാംശപരമായ ഘടകങ്ങള്‍: മനഃസാക്ഷിപരിശോധന, ഉത്തമമനസ്താപം, പരിഹാരം ചെയ്യാനുള്ള നിശ്ചയം, പാപങ്ങള്‍ ഏറ്റുപറച്ചില്‍, പ്രായശ്ചിത്തം.

11. കുമ്പസാരിക്കേണ്ട പാപങ്ങള്‍: സൂക്ഷ്മമായ മനഃസാക്ഷിപരിശോധനയില്‍ ഓര്‍മ്മിക്കുന്നതും കുമ്പസാരിച്ചിട്ടില്ലാത്തതുമായ പാപങ്ങള്‍.

12. തിരിച്ചറിവിന്‍റെ പ്രായം മുതല്‍, ഗൗരവമുള്ള പാപങ്ങള്‍ ഏറ്റുപറഞ്ഞ് കുമ്പസാരിക്കാന്‍ കത്തോലിക്കന് കടമയുണ്ട്.

13. വര്‍ഷത്തില്‍ ഒരിക്കലെങ്കിലും (പെസഹാക്കാലത്ത്) കുമ്പസാരിക്കാന്‍ സഭ നിര്‍ബന്ധപൂര്‍വ്വം വിശ്വാസികളെ ഉപദേശിക്കുന്നു.

14. കുമ്പസാരത്തിന്‍റെ രഹസ്യം വ്യവസ്ഥാതീതമാണ്. കുമ്പസാരത്തിന്‍റെ രഹസ്യമുദ്രയെക്കാള്‍ (കുമ്പസാരരഹസ്യം) ഒരു വൈദികന്‍ ഗൗരവമായി കരുതുന്ന മറ്റൊന്നും തന്നെയില്ല.

B. സഭാനിയമം

1. അനുരഞ്ജനകൂദാശയുടെ കാര്‍മ്മികന്‍ വൈദികന്‍ മാത്രമാണ്.

2. പാപങ്ങളുടെ സ്വഭാവവും ഗൗരവവും എണ്ണവും അനുസരിച്ചും, അനുതാപിയുടെ അവസ്ഥയും അതുപോലെ തന്നെ അയാളുടെ മാനസാന്തരമനോഭാവവും പരിഗണിച്ചും അനുയോജ്യമായ പ്രായ്ശ്ചിത്തപ്രവൃത്തികള്‍ കല്പിച്ചുകൊണ്ട് കുമ്പസാരക്കാരന്‍ ഉചിതമായ ചികിത്സ നല്കണം.

3. ദൈവികനീതിയുടെയും കരുണയുടെയും ശുശ്രൂഷകനായി ദൈവത്താല്‍ അവരോധിപ്പെട്ടിരിക്കുന്നവനാണ് താനെന്ന് വൈദികന്‍ ഓര്‍ക്കേണ്ടതാണ്.

4. കുമ്പസാരരഹസ്യം അലംഘനീയമാണ്. തന്മൂലം വാക്കാലോ അടയാളത്താലോ മറ്റേതെങ്കിലും വിധത്തിലോ എന്തു കാര്യത്തിനായാലും അനുതാപിയെ വെളിപ്പെടുത്തുന്നതില്‍നിന്നും കുമ്പസാരക്കാരന്‍ ശ്രദ്ധാപൂര്‍വ്വം ഒഴിഞ്ഞുനില്ക്കേണ്ടതാണ്.

5. ആത്മപാലനം എല്പിക്കപ്പെട്ടിരിക്കുന്ന എല്ലാവരും വിശ്വാസികള്‍ അനുരഞ്ജനശുശ്രൂഷയ്ക്കായി ആവശ്യപ്പെടുമ്പോള്‍ അതിനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുവാന്‍ ഗൗരവമായി കടപ്പെട്ടിരിക്കുന്നു.

6. ദൈവാലയമാണ് അനുരഞ്ജനകൂദാശ പരികര്‍മ്മം ചെയ്യാനുള്ള ഉചിതമായ സ്ഥലം. കുമ്പസാരക്കൂട് കുമ്പസാരക്കാരന്‍റെയും കുമ്പസാരിക്കുന്നവന്‍റെയും അവകാശമാണ്.

7. വിവാഹസംബന്ധമായ ക്രമക്കേടുകളില്‍ ജീവിക്കുന്നവരോടും പരസ്യപാപികളോടും സ്നേഹാനുകമ്പയോടു കൂടി പെരുമാറുവാന്‍ പ്രത്യേകം ശ്രദ്ധിക്കണമെങ്കിലും അവര്‍ക്ക് ഈ കൂദാശ നല്കുവാന്‍ സഭാനിയമം അനുവദിക്കുന്നില്ല.

8. അബോര്‍ഷന്‍ ഗര്‍ഭച്ഛിദ്രം നടത്തുന്നത് മാരകമായ പാപമാണ്. രൂപതാദ്ധ്യക്ഷന് മാത്രമേ ഈ പാപം മോചിക്കുവാന്‍ അധികാരമുണ്ടായിരുന്നുള്ളു. എന്നാല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച കരുണയുടെ ജൂബിലി വര്‍ഷത്തോടെ ഈ പാപവും മോചിക്കാനുള്ള അധികാരം വൈദികര്‍ക്ക് നല്കി. എങ്കിലും വൈദികന്‍ ഈ പാപത്തിന്‍റെ ഗൗരവം പാപിയെ പറഞ്ഞു ബോദ്ധ്യപ്പെടുത്തുകയും ഉചിതമായ പരിഹാരപ്രവര്‍ത്തികളോടെ പ്രസ്തുത വ്യക്തിക്ക് പാപമോചനം നല്കുകയും ചെയ്യേണ്ടതാണ്. ഗര്‍ഭച്ഛിദ്രം നടത്തുകയോ കൂട്ടുനില്ക്കുകയോ ചെയ്യുന്നവര്‍ വലിയ മഹറോന്‍ ശിക്ഷയില്‍പ്പെടുന്നു. തിരുപ്പട്ടം സ്വീകരിക്കാനും വൈദികശുശ്രൂഷ നിര്‍വ്വഹിക്കാനും അവര്‍ എന്നും അയോഗ്യരായിരിക്കും.

9. ആണ്ടു കുമ്പസാരം

9.1 കുമ്പസാരം എന്ന കൂദാശ സ്വീകരിച്ച എല്ലാവരും ആണ്ടു കുമ്പസാരം നടത്താന്‍ കടപ്പെട്ടവരാണ്.

9.2 ആണ്ടു കുമ്പസാരത്തിന്‍റെ അവധി വലിയ നോമ്പിന്‍റെ ആരംഭം മുതല്‍ പന്തക്കുസ്ത കഴിഞ്ഞുവരുന്ന ശനിയാഴ്ച വരെയാണ്.

9.3 ഈ വിവരം വികാരിയച്ചന്മാര്‍ ആണ്ടുതോറും പള്ളിയില്‍ അറിയിക്കണം.

C. പ്രായോഗിക അറിവുകള്‍

1. ദൈവാലയത്തില്‍ എത്തുന്നതിനുമുമ്പേ കുമ്പസാരത്തിന് ഒരുങ്ങി വരിക. നന്നായി ആത്മശോധന നടത്തണം.

2. പാപങ്ങളും പാപസാഹചര്യങ്ങളും ക്രമമായും കൃത്യമായും വൈദികന് കേള്‍ക്കാവുന്ന ഉച്ചത്തിലും സാവധാനവും ഏറ്റുപറയുക.

3. കുമ്പസാരക്കൂട്ടില്‍ എത്തിയാലുടന്‍ "കര്‍ത്താവേ പാപിയായ എന്നെ അനുഗ്രഹിക്കണമേ" എന്നു പറയുക. വൈദികന്‍റെ മറുപടിയ്ക്കു ശേഷം എത്രനാളായി കുമ്പസാരിച്ചിട്ട് എന്ന് പറഞ്ഞതിനുശേഷം പാപങ്ങള്‍ ഏറ്റുപറയുക.

4. ഏറ്റുപറച്ചിലിനുശേഷം വൈദികന്‍റെ ഉപദേശവും പ്രായ്ശിത്തവും ശ്രദ്ധിച്ചുകേള്‍ക്കുക. പ്രായ്ശിത്തം പൂര്‍ത്തിയാക്കാന്‍ സാധ്യമായവയല്ലെങ്കില്‍ അപ്പോള്‍ത്തന്നെ അത് കുമ്പസാരക്കാരനെ അറിയിക്കുക. അവസാനത്തെ ആശീര്‍വ്വാദത്തിനുംശേഷം മാത്രമേ കുമ്പസാരക്കൂട് വിട്ട് പോരാന്‍ പാടുള്ളു.

5. കുമ്പസാരത്തിനണയുന്നതിനുമുമ്പ് കുമ്പസാരത്തിനുള്ള ജപത്തിന്‍റെ ആദ്യപാദം ചൊല്ലിയിരിക്കണം.

6. കുമ്പസാരത്തിനുശേഷം മനസ്താപപ്രകരണവും കുമ്പസാരത്തിനുള്ള ജപത്തിന്‍റെ രണ്ടാം ഭാഗവും ചൊല്ലണം.

7. വൈദികന്‍ കല്പിക്കുന്ന പ്രായ്ശിത്തം എത്രയും വേഗം നിറവേറ്റണം.

8. കുമ്പസാരക്കൂട്ടിനടുത്ത് തിക്കും തിരക്കും ഉണ്ടാക്കരുത്.

9. പാപങ്ങള്‍ ഏറ്റുപറയുമ്പോള്‍ അസഭ്യവാക്കുകള്‍ ആവര്‍ത്തിച്ചു പറയേണ്ട ആവശ്യമില്ല.

10. ആറും പത്തും പ്രമാണങ്ങള്‍ ലംഘിച്ചു എന്ന രീതിയിലല്ല കുമ്പസാരിക്കേണ്ടത്. വ്യഭിചാരം ചെയ്തിട്ടുണ്ടെങ്കില്‍ അത് അപ്രകാരം തന്നെ ഏറ്റുപറയണം. സാഹചര്യം, വ്യഭിചാരത്തില്‍ പങ്കാളിയായ ആളുടെ ജീവിതാന്തസ്സ്, എത്രപ്രാവശ്യം തുടങ്ങിയവ പറയുമ്പോള്‍ ശരിയായ രീതിയിലുള്ള ഉപദേശം നല്കാന്‍ വൈദികന് സാധിക്കും.

11. പ്രായ്ശിത്തം നല്കുന്ന സമയത്ത് മറ്റ് പ്രാര്‍ത്ഥനകളും സ്തുതിപ്പും ഒഴിവാക്കുക.

12. കുമ്പസാരിക്കാന്‍ ഒരുങ്ങി വരുമ്പോള്‍ ശാരീരികമായി കഴിയുന്നത്ര ശുചിത്വം പാലിക്കുക.

13. കുമ്പസാരിച്ചാല്‍ മതിയല്ലോ എന്നോര്‍ത്ത് പാപം ചെയ്യരുത് (പ്രഭാ. 5,5).

14. പാപം മാത്രമല്ല, പാപസാഹചര്യവും ഉപേക്ഷിക്കാനുള്ള മനസ്സ് കാണിക്കണം.

(ഫാ. നോബിള്‍ തോമസ് പാറക്കലിന്‍റെ "കത്തോലിക്കാവിശ്വാസം - പ്രായോഗിക അറിവുകള്‍" എന്ന ഗ്രന്ഥത്തില്‍ നിന്ന്)


Related Articles »