Question And Answer - 2024

ദയാവധം യഥാര്‍ത്ഥത്തില്‍ ഒരു മൗലികാവകാശമോ?

റവ.ഫാ. പോള്‍ മാടശ്ശേരി 16-03-2018 - Friday

കാരുണ്യവധം നിയമവിധേയമാക്കിക്കൊണ്ടുള്ള ചരിത്രപ്രധാനമായ കോടതിവിധിക്ക് ഇന്ത്യ കഴിഞ്ഞ ദിവസം സാക്ഷിയായി. ഈ സുപ്രീംകോടതി വിധി ഏറെ സങ്കീര്‍ണ്ണതകളും അതിലേറെ ആശങ്കയുണര്‍ത്തുന്നതുമാണ്. ഒരു വ്യക്തിക്ക് ജീവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഉള്ളതുപോലെ തന്നെ മരിക്കാനും അവകാശമുണ്ട് എന്നു പറയുന്നത് തികഞ്ഞ വൈരുദ്ധ്യമാണ്. മരിക്കാനല്ല അന്തസ്സോടെ ജീവിക്കാനാണ് മനുഷ്യന് അവകാശമുള്ളത്. കാരണം, മനുഷ്യജീവന്‍ അതിന്‍റെ ആരംഭം മുതല്‍ സ്വാഭാവികമായ അന്ത്യം വരെ ആദരിക്കപ്പെടണം എന്നതുകൊണ്ടുതന്നെ. ആ അര്‍ത്ഥത്തില്‍ മനുഷ്യജീവന്‍റെ അമൂല്യതയ്ക്കും മഹത്വത്തിനും എതിരായുള്ള വിധിയാണിത്.

കാരുണ്യവധം എന്ന സങ്കല്‍പ്പം സൂചിപ്പിക്കാന്‍ വൈദ്യശാസ്ത്രം 'എവുത്തനേഷ്യ' (Euthansia) എന്ന ഗ്രീക്കുപദമാണ് ഉപയോഗിക്കുന്നത്. ഇതിന്‍റെ മൂലാര്‍ത്ഥം സമാധാനപരവും മാന്യവുമായ മരണം എന്നാണ്. മരണാസന്നരായ രോഗികളുടെ കഠിനമായ സഹനവും ആകുലതയും കുറയ്ക്കാന്‍ ഡോക്ടര്‍ നല്‍കുന്ന പരിചരണം എന്നാണതു കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാല്‍ ഇന്ന്‍ അതിന് വളരെ വ്യത്യസ്തമായ അര്‍ത്ഥമാണുള്ളത്. മാരകമായ രോഗാവസ്ഥയിലും വേദന അസഹ്യമാകുമ്പോഴും രോഗിയെ മരിക്കാന്‍ ഡോക്ടര്‍ സഹായിക്കുന്ന കൃത്യമായാണ് ഇന്ന്‍ ഈ പദം ഉപയോഗിക്കുന്നത്. ഈ അര്‍ത്ഥത്തില്‍ കാരുണ്യവധത്തെ രണ്ടായി വീക്ഷിക്കാം.

1) രോഗിയുടെ ജീവിതം നീട്ടിക്കൊണ്ടുപോകാന്‍ സഹായിക്കുന്ന പരിചരണവും ചികിത്സയും നിര്‍ത്തിവയ്ക്കുക വഴി മരണം ത്വരിതപ്പെടുത്തല്‍. ഇതു പരോക്ഷമായ കാരുണ്യവധമാണ് (Passive Euthansia).

2) ഡോക്ടറുടെയോ മറ്റോ സഹായത്തോടെ മരണത്തെ ത്വരിതപ്പെടുത്താന്‍ സഹായകമാകുന്ന ഉപാധികള്‍ സ്വീകരിക്കല്‍. ഇത് പ്രത്യക്ഷമായ കാരുണ്യവധമാണ് (Active Euthansia). ഇന്ത്യയില്‍ ഇപ്പോള്‍ നിയമപ്രാബല്യം ലഭിച്ചിരിക്കുന്നത് പരോക്ഷമായ കാരുണ്യവധത്തിനാണ്.

മുംബെയില്‍ കൂട്ടമാനഭംഗത്തിനിരയായി തലച്ചോറ് മരവിച്ച് ശരീരം തളര്‍ന്ന അരുണ ഷാന്‍ ബാഗ് എന്ന നഴ്സിനെ ദയാവധത്തിന് ഇരയാക്കണമെന്ന ആവശ്യം ഉയര്‍ന്നതോടെയാണ് സുപ്രീംകോടതി 2011 ല്‍ ഈ വിഷയത്തില്‍ വീണ്ടും ഇടപെട്ടത്. പിന്നീട് കോടതി നിര്‍ദ്ദേശപ്രകാരം ദയാവധത്തിന് നിയമസാധുത നല്‍കണമോ എന്ന വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ പൊതുജനാഭിപ്രായം തേടി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലാണ് അന്ന്‍ ഇതു സംബന്ധിച്ച അറിയിപ്പുണ്ടായത്. തുടര്‍ന്ന്‍ ദയാവധത്തിന് അനുമതി നല്‍കുന്ന നിയമം കൊണ്ടുവരാന്‍ തയ്യാറാണെന്ന് ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ജനുവരിയില്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

തിരിച്ചുകിട്ടില്ലെന്നുറപ്പുള്ള ജീവന്‍ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെ നിലനിര്‍ത്തണോ അതോ രോഗിയുടെ ആഗ്രഹത്തിനനുസരിച്ച് മരണത്തിന് വിട്ടുകൊടുക്കുകയാണോ വേണ്ടതെന്ന സുപ്രീംകോടതിയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. പിന്നീട്, "കോമണ്‍ കോസ്" എന്ന സംഘടന നല്‍കിയ ഹര്‍ജിയിന്‍മേലാണ് രാജ്യത്തെ പരമോന്നത കോടതിയുടെ ഈ വിധി പ്രഖ്യാപനം.

ചരിത്രപരവും സുപ്രധാനവുമായ ഈ കോടതിവിധിക്ക് രണ്ടു സുപ്രധാന ഉപാധികളുണ്ട്.

1) വ്യക്തിയുടെ സമ്മതപത്രം 2) അതാതു സ്ഥലങ്ങളിലെ ഹൈക്കോടതിയുടെയും ജില്ലാ ബോര്‍ഡിന്‍റെയും അനുവാദവും സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ വച്ചു നടത്തണമെന്ന ഉപാധിയും.

ഒന്നാമത്തെ ഉപാധി ഉയര്‍ത്തുന്ന പ്രധാന വെല്ലുവിളി ധാര്‍മ്മികതയുടേതാണെങ്കില്‍ രണ്ടാമത്തെ ഉപാധി ഉയര്‍ത്തുന്ന വെല്ലുവിളി നിയമത്തിന്‍റെ വലിയ തോതിലുള്ള ദുരുപയോഗം ആണ്.

സമ്മതപത്രം ഉയര്‍ത്തുന്ന ധാര്‍മ്മിക പ്രശ്നം

ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ മാത്രം ജീവിതം നീട്ടിക്കൊണ്ടുപോകുന്ന അവസ്ഥയില്‍ തനിക്ക് ദയാവധം ആകാമെന്ന് വ്യക്തി തന്‍റെ ആരോഗ്യാവസ്ഥയില്‍ എഴുതി നല്‍കിയ സമ്മതമാണിത്. മരണത്തിലൂടെ തന്‍റെ വേദനയ്ക്കും തീരാരോഗത്തിനും അന്ത്യം കുറിക്കാന്‍ വ്യക്തിക്ക് അവകാശമുണ്ടെന്ന് വാദിക്കുന്നവര്‍ മരണത്തിന് ഇടയാക്കുന്ന വ്യക്തിയുടെ അപേക്ഷയും സമ്മതവും നിര്‍ബന്ധ വ്യവസ്ഥകളായിരിക്കണമെന്നു വാദിക്കുന്നു. ഇതിന് ഒരു മറുവശമുണ്ട്. അതു ധാര്‍മ്മികതയുടേതാണ്. ഒരു വ്യക്തി തന്‍റെ സ്വതന്ത്രമായ തീരുമാനഫലമായി രൂപപ്പെടുത്തിയതല്ല സ്വന്തം ജീവന്‍. അതുകൊണ്ടുതന്നെ ഒരു കാരണവശാലും അതിന് വിരാമമിടാനും ആ വ്യക്തിക്ക് അവകാശമില്ല. ദൈവദാനമായ ജീവന്‍ നിലനിര്‍ത്താനും ദൈവം മനുഷ്യനെ ചുമതലപ്പെടുത്തിയിരിക്കുന്നു. ഇതു സംബന്ധിച്ച രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ പ്രഖ്യാപനം നമ്മുടെ സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നു. "ജീവസന്ധാരണം എന്ന ശ്രേഷ്ഠമായ ജോലി മനുഷ്യോചിതമായി നിര്‍വഹിക്കപ്പെടേണ്ടതാണ്. ആ ജോലി ഭരമേല്‍പ്പിച്ചിരിക്കുന്നത് ജീവന്‍റെ കര്‍ത്താവായ ദൈവമാണ്. അതുകൊണ്ട് മനുഷ്യജീവനെ അതിന്‍റെ ആദ്യ ക്ഷണം മുതല്‍ അതീവശ്രദ്ധയോടെ സംരക്ഷിക്കണം"(സഭാ ആധുനിക ലോകത്തില്‍ 51)

കാരുണ്യവധം നടത്താനുള്ള നിയമാനുവാദം നല്‍കിയതിലൂടെ ഇതൊരു ധാര്‍മ്മിക പ്രശ്നമായി കാണേണ്ടതില്ല എന്ന സന്ദേശം കൂടി നല്‍കുന്നു. ഒരു വ്യക്തിക്ക് അന്തസ്സോടെ മരിക്കാനുള്ള അവകാശം ഉറപ്പു വരുത്തണമെന്നു വാദിക്കുമ്പോള്‍ രോഗവും മറ്റും മൂലം ജീവിതം ദുഃഖപൂര്‍ണ്ണവും ദുരിതം നിറഞ്ഞതുമാകുമ്പോള്‍ മരണം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഒരു വ്യക്തിക്കുണ്ട് എന്നുകൂടി സ്ഥാപിക്കപ്പെടുന്നു. കാരുണ്യവധം അതു രോഗിയുടെ അഭ്യര്‍ത്ഥന പ്രകാരമാണെങ്കില്‍പോലും അതു ആത്മഹത്യാപരവും "കൊല്ലരുത്" എന്ന കല്‍പനയുടെ ലംഘനവുമാണ്.

ജോണ്‍പോള്‍ മാര്‍പാപ്പാ ഇതു സംബന്ധിച്ചു നല്‍കുന്ന സന്ദേശം നമ്മുടെ ശ്രദ്ധയര്‍ഹിക്കുന്നതാണ്. "ഡോക്ടറോ നഴ്സോ വൈദ്യശാസ്ത്രരംഗത്തെ സാങ്കേതിക വിദഗ്ധരോ മറ്റേതെങ്കിലും വ്യക്തിയോ തന്‍റെ തന്നെയോ മറ്റുള്ളവരുടെയോ ജീവന്‍റെ വിധിയാളുകളല്ല. നമ്മുടെ സമകാലീനരില്‍ ചിലര്‍ മനുഷ്യന്‍റെ സഹനത്തിന് ഒറ്റമൂലിയായി കാരുണ്യവധത്തെ പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ കാരുണ്യവധം അതില്‍ തന്നെ ആത്മഹത്യയോ കൊലപാതകമോ ആയതുകൊണ്ട് എപ്പോഴും ഒഴിവാക്കേണ്ട പ്രവൃത്തിയാണ്‌. പ്രതീക്ഷയറ്റ മാറാരോഗികള്‍ കാരുണ്യവധം ആവശ്യപ്പെടുമ്പോള്‍ യഥാര്‍ത്ഥത്തില്‍ അവര്‍ തേടുന്നത് ക്രൂരമായ വധമല്ല മറിച്ച് അവര്‍ തങ്ങളുടെ നിരാശയിലും സ്നേഹത്തിനുവേണ്ടി നിലവിളിക്കുകയാണ്" (John Paul II, Address to European Congress of Anesthesiologists, September 1988).

ദുരുപയോഗം എന്ന വെല്ലുവിളി ‍

കര്‍ശനമായ ഉപാധിയോടെയാണ് സുപ്രീംകോടതി ദയാവധം നിയമവിധേയമാക്കിയിരിക്കുന്നതെന്ന് അവകാശപ്പെടുമ്പോഴും ഏതു നിയമത്തെയും എളുപ്പത്തില്‍ മറികടക്കുവാന്‍ വലിയ സാധ്യതയുള്ള ഇന്ത്യ പോലുള്ള രാജ്യത്താണ് ഈ വിധി എന്നത് ഏറെ ആശങ്കാജനകമാണ്. ദയാവധത്തിന് സാധ്യത നല്‍കുന്ന നിയമം ഏറെ ദുരുപയോഗത്തിന് കാരണമാകുമെന്നതില്‍ സംശയമില്ല. നിയമം ചൂഷണം ചെയ്യപ്പെടാം.

നിയമത്തിന്‍റെ ദുരുപയോഗം എന്നതാണ് ഇതില്‍ പതിയിരിക്കുന്ന ഏറ്റവും വലിയ അപകടം. കാരുണ്യവധം അത് ഏതുതരത്തിലുള്ളതാണെങ്കിലും ശരി അനുവദനീയമായ വളരെയേറെ ഭവിഷ്യത്തുക്കള്‍ക്ക് കാരണമാകുന്നു. മാനുഷികമെന്നു തോന്നിക്കുന്ന വാദമുഖങ്ങള്‍ ഉപയോഗിച്ച് അംഗവൈകല്യമുള്ളവരെയും രോഗികളെയും വൃദ്ധരേയും വധിക്കുന്നത് നിഷ്ഠൂരമാണ്. അവര്‍ക്ക് ശുശ്രൂഷ ചെയ്യുന്നതിലാണ് യഥാര്‍ത്ഥ മാനുഷികത അടങ്ങിയിരിക്കുന്നത്. മാറാരോഗവും മറ്റും മൂലവും കുടുംബത്തിനും സമൂഹത്തിനും ഭാരമായി തീര്‍ന്നവരുടെ ജീവിതത്തിന് ഈ പ്രവണത വലിയ ഭീഷണിയാണ്. അവരുടെ ജീവിതം അവസാനിപ്പിക്കാന്‍ ഉറ്റബന്ധുക്കള്‍ പോലും തയ്യാറായെന്നുവരും. ദയാവധത്തിന്‍റെ ലേബലിലായിരിക്കും ഈ കൊലപാതകങ്ങള്‍ ഇനി നമ്മുടെ രാജ്യത്തു നടക്കുക.

വൃദ്ധരെയും മാതാപിതാക്കളെയും ആദരിക്കുന്ന നമ്മുടെ സംസ്കാരം ദയാവധത്തിന് നിയമാനുമതി നല്‍കുന്നത് ഒരു കാരണവശാലും ന്യായീകരിക്കാനാവില്ല. രോഗിയുടെ മരണം തികച്ചും ഉറപ്പാകുന്ന നിമിഷത്തില്‍ ഉദ്ദേശിക്കുന്ന ഫലത്തോട് ആനുപാതികമല്ലാത്ത അസാധാരണവും ഭാരിച്ചതുമായ ചികിത്സ വേണ്ടെന്നു വച്ച അയാള്‍ക്ക് സ്നേഹവും പരിചരണവും നല്‍കി സമാധാനപൂര്‍വ്വം മരിക്കാന്‍ അനുവദിക്കുന്നതും ദയാവധം നടത്തുന്നതും ഒന്നല്ല. സാധാരണ ശുശ്രൂഷയും മരുന്നും ഭക്ഷണവും രോഗിക്ക് ഒരിക്കലും ഇല്ലാതാക്കാനാവില്ല. അത് മനുഷ്യമഹത്വത്തോടും ജീവനോടുമുള്ള ആദരവ്.

രോഗികള്‍ക്ക് സ്നേഹോഷ്മളമായ പരിചരണം നല്‍കാന്‍ കടമയുണ്ടെന്ന സങ്കല്‍പ്പമാണ് ഇതുമൂലം തകരുന്നത്. രോഗികളുടെ ആത്മഹത്യാനിരക്ക് ഭീതിജനകമാംവിധം ഇതുമൂലം വര്‍ദ്ധിക്കും. എന്തിനു താന്‍ മറ്റുള്ളവര്‍ക്ക് ഭാരമായി ജീവിക്കണമെന്ന ചോദ്യം തീരാരോഗിയെയോ അംഗവൈകല്യമുള്ളവരെയോ അലട്ടും. ഫ്രാന്‍സീസ് മാര്‍പാപ്പായുടെ വാക്കുകളില്‍, ദയാവധത്തിന് കൂട്ടു നില്‍ക്കുന്നത് ആത്മഹത്യക്ക് സഹായം ചെയ്യുന്നതു പോലെയാണ്. ഇത്തരത്തില്‍ രോഗികളെ മരിക്കാന്‍ അനുവദിക്കുന്നവര്‍ ചെയ്തു നല്‍കുന്ന സഹായങ്ങളെ 'തെറ്റായ അനുകമ്പ' എന്നാണ് പാപ്പാ വിശേഷിപ്പിക്കുന്നത്.

വലിച്ചെറിയല്‍ സംസ്കാരത്തിന്‍റെ ആളുകളാണ് ദയാവധത്തെ ന്യായീകരിക്കുവാന്‍ വിവിധ വാദമുഖങ്ങള്‍ പല കോണുകളില്‍ നിന്നും ഉയര്‍ത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. "ഒരു വ്യക്തി ഭൂമിയില്‍ നിന്നും മാറ്റപ്പെടുന്നത് അംഗീകരിക്കുവാന്‍ അനുകമ്പയുള്ളവര്‍ക്ക് സാധിക്കുകയില്ല. ആളുകളെ കൊലപ്പെടുത്തുന്നതിനോട് അനുകമ്പയുള്ളവര്‍ യോജിക്കുകയുമില്ല. ആരോഗ്യത്തിനോ സൗന്ദര്യത്തിനോ കുറവു വരുമ്പോള്‍ സാധനങ്ങള്‍ വലിച്ചെറിയുന്നതുപോലെയോ ഒഴിവാക്കുന്നതു പോലെയോ മനുഷ്യജീവനെ കാണുന്നത് വലിച്ചെറിയല്‍ സംസ്കാരമായി മാത്രമേ കാണുവാന്‍ സാധിക്കുകയുള്ളൂ."

മനുഷ്യന് അതുല്യമായ അന്തസ്സും മഹത്വവും നല്‍കുന്നത് അവന്‍ ദൈവത്തിന്‍റെ പ്രതിച്ഛായ ഉള്‍ക്കൊള്ളുന്നവനാണ് എന്നുള്ളതു കൊണ്ടാണ്. അവിടെ ദരിദ്രനെന്നോ സമ്പന്നനെന്നോ രോഗിയെന്നോ ആരോഗ്യവാനെന്നോ ഉള്ള വ്യത്യാസം പാടില്ല. മാറാരോഗികള്‍ക്കും മരണാസന്നര്‍ക്കും മറ്റും ആവശ്യമായ ശുശ്രൂഷയും പരിചരണവും ലഭിക്കാന്‍ ദൈവദത്തമായ അവകാശമുണ്ട്. യഥാര്‍ത്ഥത്തില്‍ ഇതു ലഭ്യമാക്കുന്നതിലാകണം ഭരണാധികാരികളുടെയും സമൂഹത്തിന്‍റെയും ശ്രദ്ധ പതിയേണ്ടത്. ഈ കടമ നിര്‍വഹിക്കേണ്ടതിനു പകരം കാരുണ്യവധം നിയമവിധേയമാക്കി രോഗികളെ കൊല്ലുന്നത് മനുഷ്യജീവനോടുള്ള വലിയ വെല്ലുവിളിയും നിരുത്തരവാദിത്തപരമായ സമീപനവുമാണ്.

(ലേഖകന്‍ കെ സി ബി സി ഫാമിലി കമ്മീഷന്‍ സെക്രട്ടറിയും കെ സി ബി സി പ്രൊ-ലൈഫ് സംസ്ഥാന സമിതി ഡയറക്ടറുമാണ്)


Related Articles »