India - 2024
ദൈവദാസി മദര്‍ മേരി സെലിന്റെ ചരമ രജതജൂബിലി ഇന്ന്
സ്വന്തം ലേഖകന്‍ 23-04-2018 - Monday
അങ്കമാലി: കര്‍മലീത്ത സന്യാസിനി സമൂഹാംഗമായിരുന്ന മദര്‍ മേരി സെലിനെ ദൈവദാസിയായി സഭ പ്രഖ്യാപിച്ചതിനു ശേഷമുള്ള ആദ്യ ചരമവാര്‍ഷികം മദറിന്റെ കബറിടം സ്ഥിതി ചെയ്യുന്ന കറുകുറ്റി കര്‍മലീത്ത മഠം തിരുഹൃദയ ചാപ്പലില്‍ നടക്കും. ചരമ രജതജൂബിലിയും കൂടിയാണു ഇന്ന് നടക്കുന്നത്. അനുസ്മരണ ദിവ്യബലിക്കു മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, മാര്‍ തോമസ് ചക്യത്ത്, മാര്‍ മാത്യു വാണിയക്കിഴക്കേല്‍ എന്നിവര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് അനുസ്മരണ സമ്മേളനവും സ്നേഹവിരുന്നും ഉണ്ടായിരിക്കും.
കറുകുറ്റി സെന്റ് സേവ്യര്‍ ഫൊറോനാ ദേവാലയത്തിന്റെയും സിഎംസി സഭാ മേരി മാതാ അങ്കമാലി പ്രോവിന്സിന്റെയും സംയുക്താഭിമുഖ്യത്തിലാണ് കറുകുറ്റിയില്‍ അനുസ്മരണ ദിനം സംഘടിപ്പിച്ചിരിക്കുന്നത്.
മദര്‍ പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ പ്രസന്ന സിഎംസി, കണ്‍വീനര്‍മാരായ സിസ്റ്റര്‍ ജയാ റോസ് സിഎംസി, പ്രകാശ് പൈനാടത്ത് എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം കൊടുക്കും. അനുസ്മരണ ദിനാഘോഷത്തിനു മുന്നോടിയായി കഴിഞ്ഞ ദിവസം ദൈവദാസി മദര്‍ മേരി സെലിന്റെ കബറിടം സ്ഥിതി ചെയ്യുന്ന നവീകരിച്ച കറുകുറ്റി കര്‍മലീത്ത മഠം തിരുഹൃദയ ചാപ്പലിന്റെ വെഞ്ചരിപ്പ് കര്‍മം എറണാകുളം അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ നിര്‍വഹിച്ചു.
അധ്യാപിക, പ്രധാനാധ്യാപിക, കർമലീത്താ സഭയുടെ വിവിധ പ്രൊവിൻസുകളുടെ പ്രൊവിൻഷ്യൽ, സഭാ സുപ്പീരിയർ ജനറാൾ എന്നീ മേഖലകളിൽ സേവനം ചെയ്തിരുന്ന മദർ വിശ്രമ ജീവിതത്തിനിടെ കറുകുറ്റിയിൽ 1993 ഏപ്രിൽ 23നാണ് നിര്യാതയായത്. നാമകരണത്തിന്റെ അതിരൂപതാതല നടപടികളുടെ ആരംഭം എന്ന നിലയിലാണു മദര്‍ മേരി സെലിനെ ദൈവദാസിയായി പ്രഖ്യാപിച്ചത്.