News
ഫ്രാൻസിസ് മാർപാപ്പ നിയോഗിച്ച കരുണയുടെ മിഷനറിമാരുടെ ഗണത്തിൽ ഫാ. ജയിംസ് മഞ്ഞാക്കലും
സ്വന്തം ലേഖകന്‍ 12-02-2016 - Friday
ഫാ. ജയിംസ് മഞ്ഞാക്കലിനെ കരുണയുടെ മിഷനറിയായി മാർപാപ്പ നിയോഗിച്ചു. വിഭൂതി ബുധനാഴ്ച സെന്‍റ് പീറ്റേര്‍സ് ബസിലിക്കയില്‍ പരിശുദ്ധ പിതാവ്, വിവിധ രാജ്യങ്ങളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 700-ൽ അധികം വൈദികരോടൊപ്പം ഫാ. ജയിംസ് മഞ്ഞാക്കലിനെയും ‘കരുണയുടെ മിഷനറി’യായി അഭിഷേകം ചെയ്തു.
വിശുദ്ധ കുര്‍ബാനയിലൂടെ പവിത്രീകരിക്കപ്പെട്ട തിരുശരീരവും രക്തവും അശുദ്ധമാക്കുക, കുമ്പസാര രഹസ്യം വെളിപ്പെടുത്തുക, മാർപാപ്പയെയും തിരുപ്പട്ടം സ്വീകരിച്ചവരെയും മർദിക്കുക തുടങ്ങിയ കഠിനപാപങ്ങൾക്ക് റോമിൽനിന്നു മാത്രം നൽകുവാനുള്ള പാപമോചന അധികാരം ഈ ജൂബിലി വർഷത്തിൽ ഈ മിഷനറിമാർക്കുണ്ടായിരിക്കും. നേരത്തെ 1142 ല്‍ അധികം പ്രേഷിതരെ കരുണയുടെ വാഹകരായി പ്രഖ്യാപിച്ചിരിന്നു. ഇതില്‍ 700 ല്‍ അധികം വൈദികർ വിഭൂതി ബുധനാഴ്ച മാർപാപ്പ നേതൃത്വം നൽകിയ വിശുദ്ധ കുർബ്ബാനയിൽ പങ്കെടുത്തു.
ഫാ. ജയിംസ് മഞ്ഞാക്കലിന്‍റെ അടുത്തു വന്ന ഫ്രാൻസിസ് മാർപാപ്പ 'നാൽപ്പതിലധികം വർഷങ്ങൾ അങ്ങ് കരുണയുടെ മിഷനറിയാണല്ലോ’ എന്ന് പറഞ്ഞുകൊണ്ട് സ്‌നേഹവായ്‌പോടെ തോളിൽ കൈകൾവച്ച് ആശീർവദിച്ചു. വികാരനിർഭരനായ മഞ്ഞാക്കാലച്ചൻ പാപ്പായുടെ മോതിരം ചുംബിച്ച് ‘പാപിയായ എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ’ എന്ന് അഭ്യര്‍ത്ഥിച്ചു.
പാപികളെ മാനസാന്തരത്തിലേക്ക് ആനയിച്ച യേശുവിന്‍റെ, ഭൂമിയിലെ പ്രതിപുരുഷന്മാരാണ് വൈദികരെന്നും അവര്‍ ദൈവസ്നേഹത്താല്‍ വിശ്വാസികളുടെ ഹൃദയം തുറക്കാന്‍ ശ്രമിക്കണമെന്നും ഫ്രാന്‍സിസ് പാപ്പ ഉത്ബോധിപ്പിച്ചു. മണിക്കൂറുകളോളം കുമ്പസാരകൂട്ടില്‍ ചിലവഴിച്ചിരിന്ന വിശുദ്ധരായ പാദ്രേ പിയോയുടെയും ലിയോ പോൾഡിന്റെയും കര്‍മ്മനിരത എല്ലാ വൈദികരും മാതൃകയാക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
പരിശുദ്ധ പിതാവിന്‍റെ മുഖ്യഉപദേഷ്ടാക്കളില്‍ ഒരാളായ കര്‍ദിനാള്‍ എയ്ഞ്ചലോ കോമാസ്ട്രി ഫ്രാന്‍സിസ് പാപ്പയുടെ നെറ്റിയില്‍ ചാരം പൂശി. വിഭൂതി ദിനത്തില്‍ പരിശുദ്ധ പിതാവ് നേതൃത്വം നല്‍കിയ ശുശ്രൂഷകള്‍ക്ക് നിരവധി കര്‍ദിനാള്‍മാരും സഹകാര്‍മികത്വം വഹിച്ചു.
(Source: Catholic Herald, Sunday Shalom)
