Faith And Reason - 2024

സ്വവർഗ്ഗഭോഗ പ്രവണതയുള്ള വ്യക്തികളെ ആദരവോടും സഹാനുഭൂതിയോടും കൂടി സ്വീകരിക്കണം: കത്തോലിക്കാ സഭ.

08-07-2015 - Wednesday

സ്വവർഗ്ഗത്തില്പെട്ട ആളുകളോടു മാത്രമോ അല്ലെങ്കിൽ പ്രബലമോ ആയ ലൈംഗീക ആകർഷണം അനുഭവപ്പെടുന്ന പുരുഷന്മാർ തമ്മിലോ സ്ത്രീകൾ തമ്മിലോ ഉള്ള ബന്ധമാണ് സ്വവർഗ്ഗഭോഗം. നൂറ്റാണ്ടുകളിലൂടെ വ്യത്യസ്ത സംസ്കാരങ്ങളിൽ വളരെ വൈവിധ്യമാർന്ന രൂപങ്ങളിൽ ഇത് പ്രത്യക്ഷപ്പെട്ടിടുണ്ട്. ഇതിൻറെ മനശാസ്ത്രപരമായ കാരണം വളരെ അവ്യക്തമായി നിലനില്ക്കുന്നു. അവയെ തികഞ്ഞ ധാർമ്മികാധ:പതനമായി കാണുന്ന വി. ഗ്രന്ഥത്തിൻറെ അടിസ്ഥാനത്തിൽ, പാരമ്പര്യം എപ്പോഴും “ സ്വവർഗ്ഗഭോഗ പ്രവൃത്തികൾ അവയുടെ സഹജമായ പ്രകൃതിയാൽ തന്നെ ക്രമരഹിതമാണ്” എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അവ സ്വാഭാവിക നിയമത്തിനും എതിരാണ്. അവ ലൈംഗീകപ്രവൃത്തിയുടെ ജീവദായകത്വത്തെ മുൻകൂട്ടി ഒഴിവാക്കുന്നു. യതൊരു സാഹചര്യത്തിലും അവയെ അംഗീകരിക്കാൻ സാധ്യമല്ല.

രൂഢമൂലമായ സ്വവർഗ്ഗഭോഗ പ്രവണതയുള്ള സ്ത്രീ പുരുഷന്മാരുടെ എണ്ണം അവഗണിക്കാവുന്നതല്ല. വസ്തുനിഷ്ടമായി ക്രമരഹിതമായ ഈ പ്രവണത അവരിൽ ഭൂരിഭാഗത്തിനും ഒരു പരീക്ഷണം തന്നെയാണ്. ആദരവോടും സഹാനുഭൂതിയോടും പരിഗണനയോടും കൂടി അവരെ സ്വീകരിക്കണം. അവർക്കെതിരെ അന്യായമായ വിവേചനത്തിൻറെ സൂചനകൾ ഒന്നും ഉണ്ടാവരുത്. ഈ വ്യക്തികൾ തങ്ങളുടെ ജീവിതത്തിൽ ദൈവത്തി ഇഷ്ടം നിറവേറ്റാൻ വിളിക്കപ്പെട്ടിരിക്കുന്നു. കൂടാതെ, ക്രിസ്ത്യാനികളെങ്കിൽ, തങ്ങളുടെ അവസ്ഥയിൽ നിന്നുളവാകുന്ന ബുദ്ധിമുട്ടുകളെ കർത്താവി കുരിശിലെ ബലിയോടു ചേർക്കുവാനും അവർ വിളിക്കപ്പെട്ടിരിക്കുന്നു.

സ്വവർഗ്ഗഭോഗ പ്രവണതയുള്ള വ്യക്തികൾ ശുദ്ധതയിലേയ്ക്ക് വിളിക്കപ്പെട്ടിരിക്കുന്നു. ആന്തരിക സ്വാതന്ത്ര്യം അഭ്യസിപ്പിക്കുന്ന ആത്മനിയന്ത്രണത്താലും ചിലപ്പോൾ സ്വാർഥരഹിതമായ സുഹൃത്ബന്ധത്തിൻറെ സഹായത്താലും പ്രാർഥനയുടേയും കൗദാശിക കൃപാവരത്തിൻറെ ശക്തിയാലും അവർക്ക് ക്രമേണയായും തീർച്ചയായും ക്രിസ്തീയ പൂർണ്ണത പ്രാപിക്കാൻ സാധിക്കുന്നതാണ്.

(Derived from the teachings of the Church)