Social Media - 2024

ക്രൈസ്തവ വിശ്വാസത്തിനെതിരെയുള്ള "സക്കീർ നായിക്കിന്റെ നുണകൾ"

ഫാ. നോബിള്‍ തോമസ് പാറയ്ക്കല്‍ 20-06-2019 - Thursday

മുംബൈയില്‍ ജനിച്ച് മലേഷ്യയില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന സക്കീര്‍ നായിക്ക് ലോകപ്രശസ്ത ഇസ്ലാം മതപ്രഭാഷകനാണ്. ഇസ്ലാമിക റിസര്‍ച്ച് ഫൗണ്ടേഷന്‍റെയും പീസ് ടിവി ചാനലിന്‍റെയും സ്ഥാപകനായ സക്കീര്‍ നായിക്കിന്‍റെ ഇസ്ലാമിനെക്കുറിച്ചുള്ള അറിവും പല ഭാഷകളിലുള്ള പ്രാവീണ്യവും വ്യത്യസ്തമതങ്ങളിലുള്ള അവഗാഹവും ഒപ്പം തീവ്രമായ ഇസ്ലാമികവാദവും ഇസ്ലാം മതവിശ്വാസികള്‍ക്കിടയില്‍ വലിയ സ്ഥാനം നേടിക്കൊടുത്തിട്ടുണ്ട്. ആയിരക്കണക്കിന് വേദികളില്‍ ഇതരമതവിശ്വാസികള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് വളച്ചൊടിച്ചും നുണകള്‍ പറഞ്ഞും ഇസ്ലാം മാത്രമാണ് ശരി എന്ന തന്‍റെ വിശ്വാസത്തെ മറ്റുള്ളവരിലേക്കു കൂടി പകര്‍ന്നുകൊടുക്കാനുള്ള കഴിവ് സവിശേഷമാണ്.

ക്രിസ്തീയവിശ്വാസത്തെയും ഇസ്ലാമിനെയും കുറിച്ച് സക്കീര്‍ നായിക്കിന്‍റെ നുണകള്‍ വ്യക്തമാകുന്ന ഒരു വീഡിയോ കാലങ്ങളായി പ്രചരിക്കുന്നു. എന്താണ് സക്കീര്‍ നായിക്ക് പറയുന്ന നുണകള്‍? അദ്ദേഹത്തിന്‍റെ പ്രഭാഷണവേദിയില്‍ ഒരു പെണ്‍കുട്ടിയുടെ ചോദ്യത്തിന് നല്കുന്ന ഉത്തരമാണ് അവ.

ചോദ്യം: ഖുറാനില്‍ (അദ്ധ്യായം 3 സൂക്തം 50) യേശുവിന്‍റെ അദ്ധ്യാപനങ്ങള്‍ പിന്തുടരുവാന്‍ പറയുന്നു. എന്തുകൊണ്ട് നിങ്ങള്‍ പിന്തുടരുന്നില്ല?

ഉത്തരത്തില്‍ സക്കീര്‍ നായിക്ക് സ്ഥാപിക്കാന്‍ ശ്രമിക്കുന്ന നൂണകള്‍ താഴെപ്പറയുന്നവയാണ്

1. യേശുക്രിസ്തു ദൈവമാണെന്ന് അവകാശപ്പെട്ടു. ബൈബിളില്‍ അസന്നിഗ്ദമായ ഒരു പ്രസ്താവനോ പോലും താന്‍ ദൈവമാണെന്നതിനെക്കുറിച്ച് യേശു പറയുന്നില്ല.

2. യേശുക്രിസ്തു ഇസ്രായേല്‍ സന്തതികളിലേക്ക് മാത്രമാണ് നിയോഗിക്കപ്പെട്ടിരുന്നത്. ബൈബിളും ഖുറാനും പറയുന്നത്.

3. യേശുക്രിസ്തുവിന് എട്ടാം ദിവസം പരിച്ഛേദനം നടത്തി. മുസ്ലീങ്ങളും നടത്തുന്നു. ക്രിസ്ത്യാനികള്‍ നടത്തുന്നില്ല.

4. വീഞ്ഞ് കുടിക്കരുത്. മുസ്ലീങ്ങള്‍ മദ്യപിക്കാറില്ല. (സുഭാഷിതങ്ങള്‍, എഫേസോസ്)

5. പന്നിമാംസം നിഷിദ്ധം (പഴയനിയമം). ഞങ്ങള്‍ മുസ്ലീങ്ങള്‍ ഭക്ഷിക്കാറില്ല.

6. മുസ്ലീങ്ങള്‍ ഏകദൈവത്തില്‍ വിശ്വസിക്കുന്നു - ക്രിസ്ത്യാനികള്‍ ത്രിത്വത്തിലാണ് വിശ്വസിക്കുന്നത്.

ഇക്കാരണങ്ങളാല്‍ യേശുക്രിസ്തുവിന്‍റെ അദ്ധ്യാപനങ്ങളെ ക്രിസ്ത്യാനികളേക്കാള്‍ മുസ്ലീങ്ങളാണ് പിന്‍പറ്റുതെന്ന് സക്കീര്‍ നായിക്ക് സ്ഥാപിക്കുകയും ചെയ്യുന്നു. ബൈബിളിലെ ചില വചനങ്ങള്‍ മനപാഠമാക്കി വെച്ചിരിക്കുന്നു എന്നതല്ലാതെ ക്രിസ്തീയവിശ്വാസത്തിന്‍റെ ബാലപാഠങ്ങള്‍ പോലും അറിയാത്ത സക്കീര്‍ നായിക്കിന്‍റെ നുണകളും വളച്ചൊടിച്ച വ്യാഖ്യാനങ്ങളും എത്ര ബാലിശമാണ് എന്ന് നമുക്കൊന്ന് പരിശോധിക്കാം.

1. യേശുക്രിസ്തുവിന്‍റെ ദൈവത്വം - ബൈബിള്‍ വചനങ്ങൾ:

യേശു താന്‍ ദൈവമാണെന്ന് ഒരിക്കലും ബൈബിളില്‍ പറഞ്ഞിട്ടില്ല. അങ്ങനെ കാണിച്ചുതന്നാല്‍ താന്‍ ക്രിസത്യാനിയാകാം എന്ന് പറയുന്ന സക്കീര്‍ നായിക്ക് സദസ്സിന് മുന്നില്‍ ബോധപൂര്‍വ്വം മറച്ചുവെക്കുന്നതോ അല്ലെങ്കില്‍ ബൈബിളില്‍ വായിച്ചിട്ടില്ലാത്തതോ ആയ വചനങ്ങള്‍ ഇവയാണ്:

A. "യഹൂദര്‍ അവന്‍റെ ചുറ്റും കൂടി ചോദിച്ചു, നീ ഞങ്ങളെ എത്രനാള്‍ ഇങ്ങനെ സന്ദിഗ്ദാവസ്ഥയില്‍ നിര്‍ത്തും? നീ ക്രിസ്തുവാണെങ്കില്‍ വ്യക്തമായി ഞങ്ങളോട് പറയുക. യേശു പ്രതിവചിച്ചു, ഞാന്‍ നിങ്ങളോട് പറഞ്ഞു, എന്നിട്ടും നിങ്ങള്‍ വിശ്വസിക്കുന്നില്ല . . . എന്‍റെ ആടുകള്‍ എന്‍റെ സ്വരം ശ്രവിക്കുന്നു. അവ എന്‍റെ സ്വരം ശ്രവിക്കുന്നു. . . ഞാന്‍ അവക്ക് നിത്യജീവന്‍ നല്കുന്നു" (യോഹ.10,24-28) നിത്യജീവന്‍ നല്കുന്നവന്‍ ദൈവമല്ലാതെ മറ്റാരാണെന്നാണ് വിശ്വസിക്കേണ്ടത്.

B. " . . . എന്‍റെ പിതാവ് എല്ലാരെയും കാള്‍ വലിയവനാണ് . . . ഞാനും പിതാവും ഒന്നാണ്" (യോഹ.10,30)

C. "സത്യം സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു, അബ്രാഹം ഉണ്ടാകുന്നതിന് മുന്പ് ഞാനുണ്ട്" (യോഹ. 8,58) താന്‍ നിത്യമായി നിലനില്‍ക്കുന്ന ദൈവമാണെന്ന് സ്ഥാപിക്കുന്നു.

D. യേശു തന്നെത്തന്നെ ദൈവതുല്യനാക്കി സംസാരിച്ചതിനാല്‍ യഹൂദര്‍ അവനെ വധിക്കാനാഗ്രഹിച്ചു എന്ന് വചനത്തില്‍ നാം വായിക്കുന്നു (യോഹ. 5,18)

E. "സത്യം സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു, മരിച്ചവര്‍ ദൈവപുത്രന്‍റെ സ്വരം ശ്രവിക്കുന്ന സമയം വരുന്നു. . . ആ സ്വരം ശ്രവിക്കുന്നവര്‍ ജീവിക്കും" (യോഹ. 5,25)

F. യേശുവിന് മരണത്തില്‍ നിന്നുയര്‍പ്പിച്ച് ജീവന്‍ നല്കാനും പാപങ്ങള്‍ മോചിക്കാനും അധികാരമുണ്ട് (യോഹ. 5,25-29, മര്‍ക്കോ.2,5-7)

G. തനിക്ക് പ്രാര്‍ത്ഥനകള്‍ ശ്രവിച്ച് അവക്കുത്തരം നല്കാന്‍ കഴിയുമെന്ന് ഈശോ പറയുന്നു (യോഹ. 14,13-14). അത് ദൈവത്തിന് മാത്രം സാദ്ധ്യമായ കാര്യമാണ്.

H. ഈശോ എപ്പോഴും തന്‍റെ പിന്ഗാമികളോടൊപ്പമുണ്ടായിരിക്കുമെന്ന വാഗ്ദാനം (മത്താ. 28,20).

I. പുതിയ നിയമം ഈശോയെ പ്രപഞ്ചസൃഷ്ടാവായി പരിഗണിക്കുന്നു (യോഹ. 1,3)

J. "പിതാവിനുള്ളതെല്ലാം എന്‍റേതാണ്" (യോഹ.16,15).

ഏകദൈവത്തില്‍ വിശ്വസിച്ചിരുന്ന യഹൂദജനതക്ക് മുന്പില്‍ താന്‍ ദൈവമാണെന്ന് ഈശോ പറഞ്ഞിരുന്നുവെങ്കില്‍ അവര്‍ വിശ്വസിച്ചില്ല എന്നതിന് പുതിയ നിയമത്തില്‍ ഉടനീളം സാക്ഷ്യങ്ങളുണ്ട്. എങ്കിലും പുതിയനിയമത്തിലെ ദൈവവചനങ്ങളില്‍ കൃത്യമായ ഈ വാക്കുകള്‍ കാണാന്‍ കഴിയില്ലെങ്കിലും മുകളിലുദ്ധരിച്ച വചനങ്ങളും സമാനമായ മറ്റു നിരവധി വചനങ്ങളും ഈശോ താന്‍ ദൈവമാണെന്ന് പറഞ്ഞിരുന്നുവെന്നതിന്‍റെ തെളിവുകളാണ്.

2. ഈശോ ഇസ്രായേല്‍ ജനത്തിന് വേണ്ടി മാത്രം അയക്കപ്പെട്ടു:

ഈശോ തന്നെ പറയുന്ന വചനങ്ങളാണ് ഈ വാദത്തിന് ഉപോദ്ബലകമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. "വിജാതീയരുടെ ഇടയിലേക്ക് പോകരുത്, സമരിയാക്കാരുടെ നഗരങ്ങളില്‍ പ്രവേശിക്കരുത്. പ്രത്യുത ഇസ്രായേല്‍ ഭവനത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുക്കലേക്ക് പോകുവിന്‍" (മത്താ 10,5-6). "ഇസ്രായേല്‍ ഭവനത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുക്കേലേക്ക് മാത്രമാണ് ഞാന്‍ അയക്കപ്പെട്ടിരിക്കുന്നത്" (മാത്യു 15,24).

ഈ വചനങ്ങള്‍ മനസ്സിലാകണമെങ്കില്‍ രക്ഷകരചരിത്രത്തെ ആകമാനവും അബ്രാഹത്തിന് ദൈവം നല്കിയ വാഗ്ദാനവുമെല്ലാം അനുസ്മരിക്കേണ്ടതുണ്ട്. അനുസരണത്തിലൂടെയും വിധേയത്വത്തിലൂടെയും ദൈവത്തിന് വഴങ്ങിയ അബ്രാഹത്തിന് ദൈവം നല്കിയ വാഗ്ദാനത്തിന് രണ്ടു ഭാഗങ്ങളുണ്ട്. ഒന്ന് അബ്രാഹത്തിന്‍റെ സന്തതിപരന്പരകള്‍ അനുഗ്രഹിക്കപ്പെടും. രണ്ട് അബ്രാഹത്തിന്‍റെ സന്തതിപരന്പരകളിലൂടെ സകല ജനതതികളും അനുഗ്രഹിക്കപ്പെടും (നടപടി 3,25-26, ഗലാ. 3,8,14). അബ്രാഹത്തിന് നല്കപ്പെട്ട ഈ വാഗ്ദാനത്തില്‍ ഇസ്രായേലും വിജാതീയരും അനുഗ്രഹിക്കപ്പെടും എന്നതു തന്നെയാണ് ദൈവവചനം സാക്ഷ്യപ്പെടുത്തുന്നത്. ഈശോയെ ദേവാലയത്തില്‍ സമര്‍പ്പിച്ചപ്പോഴുള്ള ശിമയോന്‍റെ പ്രാര്‍ത്ഥന ഇതിന്‍റെ ശക്തമായ തെളിവാണ് : "സകല ജനതകള്‍ക്കും വേണ്ടി അങ്ങ് ഒരുക്കിയിരിക്കുന്ന രക്ഷ എന്‍റെ കണ്ണുകള്‍ കണ്ടുകഴിഞ്ഞു. അത് വിജാതീയര്‍ക്ക് വെളിപാടിന്‍റെ പ്രകാശവും അവിടുത്തെ ജനമായ ഇസ്രായേലിന്‍റെ മഹിമയും ആണ്" (ലൂക്ക 2,30-32).

ഈശോ സര്‍വ്വലോകത്തിനും വേണ്ടി തിരഞ്ഞെടുക്കപ്പെട്ട ജനമായ ഇസ്രായേലിലൂടെ കടന്നുവന്നവനാണ്. അവിടുത്തെ രക്ഷ സാര്‍വ്വത്രികമാണ് എന്നതിന് ബൈബിള്‍ തന്നെ നല്കുന്ന തെളിവുകള്‍ ശ്രദ്ധിക്കുക

നിങ്ങള്‍ പ്രവാചകന്മാരുടെയും നമ്മുടെ പിതാക്കന്മാരോട് ദൈവം ചെയ്ത ഉടന്പടിയുടെയും സന്തതികളാണ്. അവിടുന്ന് അബ്രാഹത്തോട് അരുളിച്ചെയ്തു, ഭൂമിയിലെ എല്ലാ കുടുംബങ്ങളും നിന്‍റെ സന്തതി വഴി അനുഗ്രഹീതമാകും.

A. "അവന്‍ പറഞ്ഞു, ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു, ക്രിസ്തു സഹിക്കുകയും മൂന്നാം ദിവസം മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യണം. പാപമോചനത്തിനുള്ള അനുതാപം അവന്‍റെ നാമത്തില്‍ ജറുസലേമില്‍ ആരംഭിച്ച് എല്ലാ ജനതകളോടും പ്രഘോഷിക്കപ്പെടേണ്ടിയിരിക്കുന്നു" (ലൂക്ക 24,46-47)

B. "എന്നാല്‍ പരിശുദ്ധാത്മാവ് നിങ്ങളുടെ മേല്‍ വരുന്പോള്‍ നിങ്ങള്‍ ശക്തി പ്രാപിക്കും. ജറുസലേമിലും യൂദയാ മുഴുവനിലും സമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍ വരെയും നിങ്ങള്‍ എനിക്ക് സാക്ഷികളായിരിക്കുകയും ചെയ്യും" (നടപടി 1,8).

C. "പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍" (മത്താ 28,19)

D. "ഞാന്‍ ലോകത്തിന്‍റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവന്‍ അന്ധകാരത്തില്‍ നടക്കുന്നില്ല" (യോഹ 8,12).

3. ക്രിസ്ത്യാനികള്‍ എന്തുകൊണ്ട് പരിച്ഛേദനം ചെയ്യുന്നില്ല?

പഴയനിയമജനതയുടെ തിരഞ്ഞെടുപ്പിലും ജീവിതത്തിലും രക്ഷകന് വേണ്ടിയുള്ള പ്രത്യാശാനിര്‍ഭരമായ കാത്തിരിപ്പ് നിയമങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും ആചരണവുമായി അഭേദ്യം ബന്ധപ്പെട്ടിരുന്നു. യഹൂദജനതയ്ക്ക് ദൈവം നല്കിയ വാഗ്ദാനത്തിന്‍റെയും അവരുടെ നൂറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിന്‍റെയും പൂര്‍ത്തീകരണമായി ഈശോ ജനിച്ചതിലൂടെ പഴയനിയമജനതയുടെ അനുഷ്ഠാനങ്ങളുടെയും ആചരണങ്ങളുടെയും പ്രസക്തി ഇല്ലാതായി. നിയമങ്ങളെ പൂര്‍ത്തിയാക്കാനാണ് താന്‍ വന്നതെന്ന് ഈശോ തന്നെയും പറയുന്നുണ്ടല്ലോ. അതിനാല്‍ത്തന്നെ പഴയനിയമജനതയുടെ ആചാരാനുഷ്ഠാനങ്ങളെ പുതിയ നിയമത്തിലെ കൂദാശകളിലൂടെ പൂര്‍ത്തിയാക്കാന്‍ ഈശോയ്ക്ക് കഴിഞ്ഞു. ഫ്ലോറന്‍സ് സൂനഹദോസാണ് ഈ വിഷയത്തിലുള്ള സാര്‍വ്വത്രികസഭയുടെ കാഴ്ചപ്പാടിനെ വിശദീകരിച്ച് വ്യാഖ്യാനിച്ചതും ആധികാരികമായ പ്രബോധനം നല്കുന്നതും.

"ഈശോ സ്വീകരിച്ച പരിച്ഛേദനം അബ്രാഹത്തിന്‍റെ വംശപരന്പരയിലേക്ക്, ഉടന്പടിയുടെ ജനത്തിലേക്ക് ചേര്‍ക്കപ്പെടുന്നതിന്‍റെ സൂചനയാണ്. . . ഈ അടയാളം മാമ്മോദീസായാകുന്ന ക്രിസ്തുവിന്‍റെ പരിച്ഛേദനത്തിന്‍റെ പ്രതിരൂപമായിരുന്നു" (മതബോധനഗ്രന്ഥം, 527). "പഴയനിയമത്തില്‍ നിന്നുള്ള ആരാധനാപരമായ അടയാളങ്ങളില്‍പ്പെട്ടവയാണാ ഛേദനാചാരം, തൈലാഭിഷേകം . . . സര്‍വ്വോപരി പെസഹാ. ഈ അടയാളങ്ങളില്‍ സഭ പുതിയ ഉടന്പടിയുടെ കൂദാശകളുടെ പ്രതിരൂപങ്ങള്‍ ദര്‍ശിക്കുന്നു" (മതബോധനഗ്രന്ഥം 1150).

ചുരുക്കത്തില്‍ ക്രൈസ്തവവിശ്വാസത്തിന്‍റെ അടിസ്ഥാനബോദ്ധ്യങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ മാത്രമാണ് ഇത്തരം അബദ്ധങ്ങളെഴുന്നള്ളിക്കാന്‍ സക്കീര്‍ നായിക്കിനെ പ്രേരിപ്പിക്കുന്നത്.

4,5. വീഞ്ഞ്, പന്നിമാംസം

വീഞ്ഞ് കുടിക്കരുത്, പന്നിമാംസം കഴിക്കരുത് എന്നിങ്ങനെ ബൈബിളിലുണ്ട്. എന്നാല്‍ ക്രിസ്ത്യാനികള്‍ ഇവ ചെയ്യുന്നു. മുസ്ലീങ്ങള്‍ ചെയ്യുന്നില്ല. അതിനാല്‍ ക്രിസ്ത്യാനികളേക്കാള്‍ നന്നായി ക്രിസ്തുവിനെ പിഞ്ചെല്ലുന്നവര്‍ മുസ്ലീങ്ങളാണ്. . . സക്കീര്‍ നായിക്കിന്‍റെ ഈ ആശയങ്ങള്‍ അറിവുകേടിന്‍റെ പാരമ്യമാണ് എന്ന് പറയാം. വീഞ്ഞ് കുടിക്കരുത് എന്ന് ഉപദേശിക്കുന്നതിനോടൊപ്പമോ അല്ലെങ്കില്‍ അതിനേക്കാളധികമോ ആയി വീഞ്ഞിന്‍റെ ഉപയോഗത്തെക്കുറിച്ച് ബൈബിള്‍ സംസാരിക്കുന്നുണ്ട്. ഈശോ തന്നെയും വീഞ്ഞ് വര്‍ദ്ധിപ്പിക്കുന്നതും വീഞ്ഞ് വിളന്പുന്ന വിരുന്നുകളില്‍ സംബന്ധിക്കുന്നതും പുതിയ നിയമത്തില്‍ നാം കാണുന്നുമുണ്ട്. മദ്ധ്യപൂര്‍വ്വ ദേശങ്ങളിലെ സാംസ്കാരികസാഹചര്യത്തില്‍ ഇത് തിന്മയോ പാപമോ ആയിരുന്നില്ല താനും. ഈശോ വീഞ്ഞ് വര്‍ദ്ധിപ്പിച്ചതും പാശ്ചാത്യനാടുകളുടെ സംസ്കാരത്തില്‍ ഇന്ന് മദ്യം ഉപയോഗിക്കുന്നതും ഒക്കെ സാംസ്കാരികമായ ഘടകങ്ങള്‍ മാത്രമാണ്. അതിനാല്‍ ബൈബിളിലെ ചില വചനങ്ങളുടെ മാത്രം അക്ഷരാര്‍ത്ഥത്തിലുള്ള വ്യാഖ്യാനം എത്രമാത്രം വലിയ അബദ്ധചിന്തകളിലേക്ക് നമ്മെ നയിക്കുമെന്നതിന് ഇത് ഒരു തെളിവ് മാത്രമാണ്.

പന്നിമാംസം ഭക്ഷിക്കരുത് എന്ന് ഈശോ ഒരിക്കലും പറഞ്ഞിട്ടില്ല. ഇസ്രായേല്‍ ജനത്തിന്‍റെ ജീവിതനിയമങ്ങളുടെ ഭാഗം മാത്രമായിരുന്നു അത്. ഈശോ പറഞ്ഞത്, "പുറമേ നിന്ന് അകത്തേക്ക് പോകുന്ന യാതൊന്നിനും മനുഷ്യനെ അശുദ്ധനാക്കാന്‍ കഴിയില്ല" എന്നു തന്നെയാണ്. "ചന്തയില്‍ വില്‍ക്കുന്ന ഏതു മാംസവും വാങ്ങി മനശ്ചാഞ്ചല്യം കൂടാതെ ഭക്ഷിച്ചുകൊള്ളുക" എന്ന് അപ്പസ്തോലനും ഉപദേശിക്കുന്നുണ്ട്. പഴയനിയമവും പുതിയനിയമവും തമ്മിലുള്ള വ്യത്യാസമോ, ഈശോ പറഞ്ഞതെന്താണ് പ്രവാചകര്‍ നിര്‍ദ്ദേശിച്ചതെന്താണ് ഇസ്രായേലിന്‍റെ നിയമമെന്താണ് എന്നിങ്ങനെയുള്ള വേര്‍തിരിവേ വകതിരിവോ ഇല്ലാത്തതിനാലുമാണ് സക്കീര്‍ നായിക്ക് ഇത്തരം വിഡ്ഢിത്തങ്ങള്‍ എഴുന്നള്ളിക്കുന്നത്.

6. ഏകദൈവ വിശ്വാസം:

മുസ്ലീങ്ങള്‍ ഏകദൈവത്തിലാണ് വിശ്വസിക്കുന്നത് ക്രിസ്ത്യാനികള്‍ പിതാവിലും പുത്രനിലും പരിശുദ്ധാത്മാവിലും വിശ്വസിക്കുന്നു, അതിനാല്‍ ഏകദൈവവിശ്വാസികളല്ല എന്ന വാദവും അറിവില്ലായ്മയുടെ മാത്രം പ്രശ്നമാണ്. പരിശുദ്ധ കത്തോലിക്കാസഭയുടെ വിശ്വാസപ്രമാണം ആരംഭിക്കുന്നത് തന്നെ സര്‍വ്വശക്തനും പിതാവുമായ ഏകദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ്. ക്രൈസ്തവര്‍ വിശ്വസിക്കുന്ന ഏകദൈവത്തെ നൂറ്റാണ്ടുകളിലൂടെ അവര്‍ക്ക് ലഭിച്ച ദൈവാനുഭവത്തിന്‍റെയും ദൈവികവെളിപാടിന്‍റെയും അടിസ്ഥാനത്തിലാണ് പരിശുദ്ധ ത്രിത്വമായി മനസ്സിലാക്കുന്നതും പഠിപ്പിക്കുന്നതും. ലാറ്ററന്‍ സൂനഹദോസ് പ്രഖ്യാപിക്കുന്നത് ഇങ്ങനെയാണ്: "സത്യദൈവം ഏകനാണെന്നും അവിടുന്ന് നിത്യനും അനന്തവ്യാപിയും മാറ്റമില്ലാത്തവനും അഗ്രാഹ്യനും സര്‍വ്വശക്തനും അവര്‍ണനീയനുമായ പിതാവും പുത്രനും പരിശുദ്ധാത്മാവുമാണെന്നും . . . നമ്മള്‍ ഉറച്ച് വിശ്വസിക്കുകയും അസന്ദിഗ്ദമായി ഏറ്റുപറയുകയും ചെയ്യുന്നു".

സമാപനം

സക്കീര്‍ നായിക്കിന്‍റെ പ്രസംഗങ്ങള്‍ പല ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്ത് പ്രചരിക്കപ്പെടുന്നുണ്ട്. കത്തോലിക്കാവിശ്വാസത്തെക്കുറിച്ചുള്ള അടിസ്ഥാനപരമായ അറിവില്ലായ്മയും അത് പഠിക്കാനും മനസ്സിലാക്കാനുമുള്ള ക്ഷമയില്ലായ്മയും അനേകം യുവജനങ്ങളെ സക്കീര്‍ നായിക്കിന്‍റെ മതപ്രഭാഷണങ്ങളിലേക്ക് ആകര്‍ഷിക്കുന്നുമുണ്ട്. കാര്യങ്ങള്‍ യുക്തിപൂര്‍വ്വം അവതരിപ്പിക്കുന്നു എന്ന തോന്നല്‍ സൃഷ്ടിക്കാനും പച്ചയായ നുണകള്‍ പറയുന്പോള്‍ പോലും അവ ആധികാരികമാണെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ സംസാരിക്കാനും സക്കീര്‍ നായിക്കിന് സാധിക്കുന്നു എന്നത് അദ്ദേഹത്തിലെ മുസ്ലീം തീവ്രവാദപ്രതിഭയുടെ വിജയമാണ്.

ഏഴാം നൂറ്റാണ്ടില്‍ രാഷ്ട്രീയകാരണങ്ങളാല്‍ മക്കയില്‍ പിറവിയെടുത്ത ഇസ്ലാം അബ്രാഹിമിക മതമാണെന്ന വാദം പോലും അബദ്ധജഡിലമാണ്. എങ്കിലും വിശ്വാസങ്ങളുടെ സമാനതക കണക്കിലെടുത്ത് ഇത്തരമൊരു വാദം അംഗീകരിക്കുന്പോള്‍ പോലും യഹൂദവംശത്തിന്‍റെയും ക്രിസ്തീയവിശ്വാസത്തിന്‍റെയും യാതൊരുവിധ കുലീനതയും ഇസ്ലാമിന് ഉയര്‍ത്തിപ്പിടിക്കാനില്ല എന്നതാണ് സത്യം. ക്രിസ്ത്യാനികളെക്കാള്‍ തങ്ങളാണ് യേശുക്രിസ്തുവിനെ പിന്‍പറ്റുന്നതെന്ന് വാദിച്ച സക്കീര്‍നായിക്കിന് യഹൂദരും ക്രിസ്ത്യാനികളും പിന്തുടരുന്ന ധാര്‍മ്മികജീവിതം എന്തുകൊണ്ട് ഇസ്ലാമിനോ ഇസ്ലാം രാഷ്ട്രങ്ങള്‍ക്കോ ഇന്ന് ചൂണ്ടിക്കാണിക്കാന്‍ കഴിയുന്നില്ല എന്ന ചോദ്യത്തിന് മുന്പില്‍ ഉത്തരമില്ലാതാകും എന്നത് നിസ്സംശയം.

ഇസ്ലാമിന്‍റെയും ക്രിസ്തീയതയുടെയും വിശ്വാസങ്ങള്‍ സക്കീര്‍ നായിക്ക് പറയുന്നതു പോലെ ഒന്നല്ല. ക്രിസ്തീയവിശ്വാസത്തിന്‍റെ യുക്തിഭദ്രതയും ദൈവശാസ്ത്രഔന്നത്യവും അവകാശപ്പെടാന്‍ ഇസ്ലാമിന്‍റെ വീക്ഷണങ്ങള്‍ക്ക് ഒരുകാലത്തും കഴിയുകയുമില്ല. എങ്കിലും പരിശുദ്ധ കത്തോലിക്കാസഭ സഹോദരമതമായി ഇസ്ലാമിനെ വീക്ഷിക്കുകയും സാഹോദര്യത്തിന്‍റെയും സംഭാഷണത്തിന്‍റെയും സമീപനം ഇസ്ലാമിനോട് സ്വീകരിക്കുകയും ചെയ്യുന്നു. ഇസ്ലാമോ ഇസ്ലാമികപ്രഭാഷകരോ ക്രിസ്തീയതക്കെതിരേ പ്രസംഗിക്കുന്നതുപോലെ സഭ ചെയ്യുന്നില്ലായെന്നതു തന്നെ സഭാവിശ്വാസത്തിന്‍റെ കുലീനതയുടെയും ഈശോയുടെ മാര്‍ഗ്ഗത്തോടു പുലര്‍ത്തുന്ന അടുപ്പത്തിന്‍റെയും തെളിവാണ്.

< Originally Published On 20th May 2018>

More Archives >>

Page 1 of 4